വട്ടിയൂര്‍ക്കാവിലെ സിപിഎം കണക്ക് ഇങ്ങനെ; ഓരോ വാര്‍ഡും തിരിച്ച്

prasanth-bro-23
SHARE

പണ്ടൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബൂത്തുകളില്‍ നിന്ന് കിട്ടുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ എവിടെയൊക്കെ ജയിക്കുമെന്നും തോല്‍ക്കുമെന്നും കൃത്യമായി പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. അത്രയ്ക്കുണ്ടായിരുന്നു താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കുമായുള്ള ബന്ധം. സമീപകാലത്ത് കഥമാറി. കീഴ്ഘടകങ്ങളില്‍ നിന്ന് കിട്ടിയ കണക്കുവച്ച് പാര്‍ട്ടി നടത്തിയ വിശകലനങ്ങള്‍ തുടര്‍ച്ചയായി പാളി. ഏറ്റവുമവസാനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ജനമനസ് കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഗൃഹസന്ദര്‍ശനമടക്കമുള്ള തിരുത്തല്‍ നടപടികള്‍ തുടങ്ങുകയും ചെയ്തത്. 

വോട്ടുകളുടെ കണക്ക് ശേഖരിക്കുന്നതിലും ചില മാറ്റങ്ങള്‍ വരുത്തി. ഉറപ്പുള്ള വോട്ടുകള്‍ മാത്രം കണക്കുകൂട്ടിയാല്‍ മതിയെന്നാണ് നിര്‍ദേശം. അതനുസരിച്ചാണ് വട്ടിയൂര്‍ക്കാവിലെ കണക്കും തയ്യാറാക്കിയത്. ഓരോ ബൂത്തിലും കിട്ടുന്ന വോട്ടുകള്‍ എത്രയെന്നും ആരൊക്കെയെന്നുമുള്ള ലിസ്റ്റ് പോളിങ് സ്ക്വാഡിന് നല്‍കി. അതില്‍ എത്രവോട്ട് രേഖപ്പെടുത്തി എന്ന് അടയാളപ്പെടുത്തി. എന്‍.എസ്.എസ് നിലപാട് വന്ന സാഹചര്യത്തില്‍ അതുംകൂടി തട്ടിക്കിഴിച്ചാണ് എത്രവോട്ട് കിട്ടിയെന്ന കണക്ക് തയ്യാറാക്കിയത്. 

ആ കണക്ക് ഇങ്ങനെ: മൂവായിരം വോട്ടിനകത്തുള്ള ഭൂരിപക്ഷത്തില്‍ വി.കെ.പ്രശാന്ത് ജയിക്കും. പതിമൂന്ന് കോര്‍പറേഷന്‍ വാര്‍ഡുകളില്‍ പ്രശാന്ത് ലീഡ് ചെയ്യും. പതിനൊന്നിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറും. ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ് ഒരു വാര്‍ഡില്‍ പോലും ലീഡ് ചെയ്യില്ലെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. പാതിരപ്പള്ളി, ചെട്ടിവിളാകം, കുടപ്പനക്കുന്ന്, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, കൊടുങ്ങാനൂര്‍, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, വലിയവിള, കേശവദാസപുരം, പട്ടം വാര്‍ഡുകളില്‍ വി.കെ.പ്രശാന്ത് ലീഡ് ചെയ്യുമെന്നാണ് ബൂത്തടിസ്ഥാനത്തിലുള്ള കണക്കുകള്‍ വിശകലനം ചെയ്ത് സിപിഎം എത്തിയിരിക്കുന്ന നിഗമനം. പേരൂര്‍ക്കട, കുറവന്‍കോണം, മുട്ടട, കവടിയാര്‍, നന്ദന്‍കോട്, കുന്നുകുഴി, കണ്ണമ്മൂല, കിണവൂര്‍, തുരുത്തുംമൂല, പിടിപി നഗര്‍, ശാസ്തമംഗലം വാര്‍ഡുകളില്‍ മോഹന്‍കുമാറും ലീഡ് ചെയ്യും. 

ഇതില്‍ പട്ടം, പാതിരപ്പള്ളി, കൊടുങ്ങാനൂര്‍, പിടിപി നഗര്‍, വലിയവിള, തുരുത്തുംമൂല, ചെട്ടിവിളാകം, പാങ്ങോട്, വട്ടിയൂര്‍ക്കാവ് വാര്‍ഡുകളില്‍ നിലവില്‍ ബിജെപി കൗണ്‍സിലര്‍മാരാണുള്ളത്. ബിജെപിയുടെ ഈ സ്വാധീനമേഖലകളിലൊന്നില്‍ പോലും സുരേഷിന് ലീഡ് ചെയ്യാനാവാതെ പോകുന്നതിന്റെ കാരണവും സിപിഎം പറയുന്നു– ബിജെപിയുടെ പല വോട്ടുകളും ഇത്തവണ പോള്‍ ചെയ്തിട്ടില്ല. പോള്‍ചെയ്ത വോട്ടുകളില്‍ ഒരു പങ്ക് കെ.മോഹന്‍കുമാറിലേക്ക് പോയിട്ടുമുണ്ട്. മുപ്പതിനായിരത്തോളം വോട്ടുമാത്രമേ എസ്.സുരേഷിന് ലഭിക്കൂ. ഇത്തവണ സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ ശരിയാകുമോ എന്നറിയാന്‍ എന്തായാലും ഇനി മണിക്കൂറുകള്‍ മാത്രം മതി.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...