പോരാട്ടച്ചൂടേറ്റി മോദിയോട് രാഹുലിന്‍റെ ചോദ്യ വിഡിയോ; ഈ കുറ്റവാളികളപ്പറ്റി 5 മിനിറ്റ് മിണ്ടൂ..!

rahul-modi
SHARE

കര്‍ണാടകയില്‍‌ പോരാട്ടച്ചൂട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിശ്രമമില്ലാത്ത പോരാട്ടത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെ തുംകൂറില്‍ പ്രചാരണ റാലിയില്‍ പങ്കെടുത്താണ് ഇന്നത്തെ പോരാട്ടം തുടങ്ങിയത്. പ്രചാരണ പരിപാടികൾ. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് മോദിപ്രഭാവത്തില്‍  മേൽക്കൈ തിരികെപ്പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. 

കർണാടകത്തിൽ കോൺഗ്രസ് ജെഡിഎസ് രഹസ്യധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളോട് സത്യം പറയാൻ കോൺഗ്രസ് എപ്പോഴെങ്കിലും തയാറാകുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. തുംകുരുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ നയങ്ങളാണ് രാജ്യത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയതെന്നും മോദി കുറ്റപ്പെടുത്തി.

ഇതിനിടെ മോദിക്കെതിരെ ചോദ്യ വിഡിയോയുമായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പുതിയ വെല്ലുവിളിയുയര്‍ത്തി.  ബിജെപി സ്ഥാനാർഥി പട്ടികയിലെ ആരാപണവിധേയരെയും  കുറ്റവാളികളെയും ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന്റെ തിരിച്ചടി. വിവിധ കേസുകളിൽ ഉൾപ്പെട്ട 11 പേരെക്കുറിച്ച് താങ്കള്‍ എപ്പോള്‍ സംസാരിക്കുമെന്നാണ് വിഡിയോ ട്വിറ്ററില്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ചോദ്യം.  

ഈ 11 പേരുടെ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും വേണമെങ്കിൽ പേപ്പറിൽ നോക്കി മറുപടി പറയാമെന്നും മോദിയുടെ മുന്‍‌ പരിഹാസത്തിന് രാഹുലിന്‍റെ മറുപടി.

രാഹുലിന്റെ ടീറ്റിന്‍റെ പൂര്‍ണരൂപം: 

പ്രിയ മോദി ജി, താങ്കൾ ഒരുപാട് സംസാരിക്കുന്നു. പ്രശ്നമിതാണ്, താങ്കളുടെ പ്രവൃത്തികൾ വാക്കുകളുമായി ഒട്ടും ചേരുന്നില്ല. കർണാടകയിലെ താങ്കളുടെ സ്ഥാനാർഥിതിര‍ഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രമിതാണ്. ഇതു കണ്ടാൽ കർണാടകയിലെ പ്രധാന കുറ്റവാളികളുടെ പട്ടിക പോലുണ്ട്. തൊട്ടുതാഴെയാണ് വിവിധ കേസുകളിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള പ്രത്യേക വിഡിയോ നൽകിയിരിക്കുന്നത്.

മൂന്ന് ചോദ്യങ്ങള്‍ ഇങ്ങനെ: 

1. ഈ തിരഞ്ഞെടുപ്പിൽ റെഡ്ഡി ബ്രദേഴ്സ് ഗാങ്ങിനു നൽകിയ എട്ടു ടിക്കറ്റുകളെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാമോ?

2. അഴിമതി, വഞ്ചന, കവർച്ച എന്നീ കുറ്റങ്ങളുടെ പേരിൽ 23 കേസുകളിൽ പ്രതിയായ വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയതിനെക്കുറിച്ചോ?

3. അഴിമതിക്കേസുകളിൽ ഉൾപ്പെട്ട താങ്കളുടെ 11 പ്രമുഖ നേതാക്കളെക്കുറിച്ച് എപ്പോഴാണ് പരസ്യമായി സംസാരിക്കുക?

വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മുഖ്യമന്ത്രി ഉൾപ്പെടെ 11 പേര്‍ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു  

1. ശ്രീരാമലു, മുൻ ബിജെപി മന്ത്രി (ജനാർദ്ദന റെഡ്ഡിയുടെ അടുപ്പക്കാരൻ), ബദാമി, മോൽകൽമൂരു എന്നിവിടങ്ങളിൽനിന്ന് ജനവിധി തേടുന്നു. മൂന്നു ക്രിമിനൽ കേസുകളിൽ പ്രതി.

2. സോമശേഖര റെഡ്ഡി (ജനാർദ്ദന റെഡ്ഡിയുടെ സഹോദരൻ), ബെള്ളാരി സിറ്റിയിലെ ബിജെപി സ്ഥാനാർഥി. അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതി.

3. ടി.എച്ച്. സുരേഷ് ബാബു (ജനാർദ്ദന റെ‍ഡ്‍ഡിയുടെ അടുപ്പക്കാരൻ, ശ്രീരാമലുവിന്റെ ബന്ധു), കംബ്ലിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്നു. ആറു ക്രിമിനൽ കേസുകളിൽ പ്രതി.

4. കട്ട സുബ്രഹ്മണ്യ നായിഡു (മുൻ സംസ്ഥാന മന്ത്രി, ബിജെപി നേതാവ്), ശിവാജി നഗറിൽനിന്ന് ജനവിധി തേടുന്നു. നാല് ക്രിമിനൽ കേസുകളിൽ പ്രതി.

5.  സി.ടി. രവി (മുൻ മന്ത്രി, ബിജെപി നേതാവ്), ചിക്മംഗളൂരുവിലെ ബിജെപി സ്ഥാനാർഥി. മൂന്നു ക്രിമിനൽ കേസുകളിൽ പ്രതി.

6.  മുരുകേഷ് നിരാനി (മുൻ മന്ത്രി, ബിജെപി നേതാവ്), ബിൽകിയിലെ ബിജെപി സ്ഥാനാർഥി, രണ്ട് ക്രിമിനൽ കേസുകളിൽ പ്രതി.

7.  എസ്.എൻ. കൃഷ്ണയ്യ ഷെട്ടി മാലൂർ, (മുൻമന്ത്രി, ബിജെപി നേതാവ്), മാലൂരിലെ ബിജെപി സ്ഥാനാർഥി, നാല് ക്രിമിനൽ കേസുകളിൽ പ്രതി.

8.  ശിവാന ഗൗഡ നായിക് (മുൻ മന്ത്രി, ബിജെപി നേതാവ്), ദേവദുർഗയിൽനിന്ന് ബിജെപി ടിക്കറ്റിൽ മൽസരിക്കുന്നു. മൂന്നു ക്രിമിനൽ കേസുകളിൽ പ്രതി.

9. ആർ. അശോക് (മുൻ ഉപമുഖ്യമന്ത്രി, ബിജെപി നേതാവ്), പത്മനാഭ നഗറിൽ ബിജെപി സ്ഥാനാർഥി, മൂന്നു കേസുകളിൽ പ്രതി.

10. ശോഭ കരന്തലാജെ (മുൻ മന്ത്രി, ബിജെപി നേതാവ്), നിലവിൽ ബിജെപി എംപി. പണം തട്ടിയതുമായി ബന്ധപ്പെട്ട് ഒരു കേസ് ഇവർക്കെതിരെ നിലവിലുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.