എംഎല്‍മാരെ ചാക്കിലാക്കാന്‍ യെഡിയൂരപ്പ നേരിട്ട്; ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്

bs-yeddyurappa-1jpg
SHARE

കന്നടനാടകത്തിലെ ആകാംക്ഷയും നെഞ്ചിടിപ്പും പരകോടിയിലെത്തിനില്‍ക്കെ യെഡിയൂരപ്പയ്ക്കും മകനും പുതിയ കുരുക്ക്. യെഡിയൂരപ്പയും മകന്‍ വിജയേന്ദ്രയും കോഴ വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി  കോണ്‍ഗ്രസ് രംഗത്തെത്തി. ഇരുവരുടെയും ഓഡിയോ ടേപ്പും പുറത്തുവന്നു. എം.എല്‍.എമാരെ കൂറുമാറ്റാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ നേരിട്ട് രംഗത്തെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. എഎല്‍എമാര്‍ കൊച്ചിയിലേക്ക് പോകാനിറങ്ങിയ രാത്രിയാണ് യെഡിയൂരപ്പ ഫോണില്‍ വിളിച്ചത്.  ബി.സി.പാട്ടീല്‍ ഹിരെകേരൂര്‍ എംഎല്‍എയാണ്. ചലച്ചിത്ര നടനും പൊലീസ് ഓഫീസറുമാണ്. 

ശബ്ദരേഖയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ: 

യെഡിയൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. ‍ഞങ്ങള്‍ക്കൊപ്പം വരൂ. മന്ത്രിയാക്കാം. 

അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം.

പാട്ടീല്‍: ഞാന്‍ ബസിലാണ് അണ്ണാ. പുറത്തിറങ്ങാനാവില്ല.

എനിക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്. അവരുടെ കാര്യം എങ്ങനെയാണ് ?

യെഡിയൂരപ്പ: അവരുടെ എല്ലാവരുടേയും കാര്യം ഞാന്‍ നോക്കിക്കോളാം.

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും എന്നറിയാമല്ലോ. ആദ്യം നിങ്ങള്‍ ഇറങ്ങി വരൂ. 

വി.എസ്.ഉഗ്രപ്പയ്ക്ക് 15 കോടിയും മന്ത്രിപദവും വിജയേന്ദ്ര വാഗ്ദാനം ചെയ്യുന്ന ഓഡിയോയും പുറത്തുവന്നു.  രണ്ടുപേരുടെയും ശബ്ദരേഖ പുറത്തുവിട്ടാണ് അവസാന നിമിഷത്തിലെ ആരോപണം. വിവാദങ്ങളും ആരോപണങ്ങളും തുടരുന്നതിനിടെ  കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം. നാലുമണിക്ക് വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസം ആവര്‍ത്തിച്ച് ബി.ജെ.പിയും  ശക്തിതെളിയിക്കുമെന്ന് ഉറച്ച് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യവും നീങ്ങുന്നു.  രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ  ബി.ജെ.പി പ്രധാനശക്തികേന്ദ്രമായ റെഡ്ഡി സഹോദരന്‍മാരിലൊരാളായ സോമശേഖരറെഡ്ഡിയും നിയമസഭയില്‍ ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊഴിച്ചാല്‍ ബി.ജെ.പിക്ക് അനുകൂലമായ നീക്കങ്ങളൊന്നും പ്രകടമല്ല. സഭാതലത്തില്‍  എന്താകും  സംഭവിക്കുക എന്ന ആകാംക്ഷയിലാണ് രാജ്യം.

നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്.  രാവിലെ പതിനൊന്ന് മണിക്ക് സഭ തുടങ്ങിയപ്പോള്‍ പ്രോടെം സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ ആദ്യം സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി ബി.എസ് യെഡിയൂപ്പയെ ക്ഷണിച്ചു. യെഡിയൂരപ്പയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വീതം ഒരുമിച്ചാണ്  സത്യപ്രതിജ്ഞ നടക്കുന്നത്. ഇതുവരെ എഴുപതോളം എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു  നാലുമണിക്ക് മുമ്പായി എല്ലാ എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തായാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.