കാണാതായ എംഎല്‍എമാരെത്തി; കരുതലോടെ കോണ്‍ഗ്രസ്: പ്രകോപനത്തില്‍ വീഴരുത്

anand-singh-2
SHARE

ആകാംക്ഷകളും അട്ടിമറികളും ക്ലൈമാക്സിനോട് അടുക്കവേ കോണ്‍ഗ്രസ് ക്യാംപില്‍ നിന്നു വിട്ടുനിന്ന എംഎല്‍എമാര്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദ് സിങ്ങും പ്രതാപ്സിങ് പാട്ടീലും ഹോട്ടലില്‍ നിന്ന് സഭയിലേക്ക് എത്തി. ഇവര്‍  ബിജെപി തടവിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഡിജിപി ഹോട്ടലില്‍ എത്തിയശേഷമാണ് പുറത്തിറങ്ങിയത്.  വിശ്വാസവോട്ടിന് സമയം അടുക്കവേ കരുതലോടെയാണ് കോണ്‍ഗ്രസ് നീക്കം.  എന്തു പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്ന് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി.  

ഇതിനിടെ യെഡിയൂരപ്പയ്ക്കും മകനും പുതിയ കുരുക്കുമായും കോണ്‍ഗ്രസ് രംഗത്തെത്തി. യെഡിയൂരപ്പയും മകന്‍ വിജയേന്ദ്രയും കോഴ വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണമാണ് പാര്‍ട്ടി ഉയര്‍ത്തിയത്. ഇരുവരുടെയും ഓഡിയോ ടേപ്പും പുറത്തുവന്നു. എം.എല്‍.എമാരെ കൂറുമാറ്റാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ നേരിട്ട് രംഗത്തെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. എഎല്‍എമാര്‍ കൊച്ചിയിലേക്ക് പോകാനിറങ്ങിയ രാത്രിയാമ് യെഡിയൂരപ്പ ഫോണില്‍ വിളിച്ചത്.  ബി.സി.പാട്ടീല്‍ ഹിരെകേരൂര്‍ എംഎല്‍എയാണ്. ചലച്ചിത്ര നടനുംപൊലീസ് ഓഫീസറുമാണ്. 

ശബ്ദരേഖയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ: 

യെഡിയൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. ‍ഞങ്ങള്‍ക്കൊപ്പം വരൂ. മന്ത്രിയാക്കാം. 

അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം.

 

പാട്ടീല്‍: ഞാന്‍ ബസിലാണ് അണ്ണാ. പുറത്തിറങ്ങാനാവില്ല.

എനിക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്. അവരുടെ കാര്യം എങ്ങനെയാണ് ?

 

യെഡിയൂരപ്പ: അവരുടെ എല്ലാവരുടേയും കാര്യം ഞാന്‍ നോക്കിക്കോളാം.

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും എന്നറിയാമല്ലോ. ആദ്യം നിങ്ങള്‍ ഇറങ്ങി വരൂ. 

വി.എസ്.ഉഗ്രപ്പയ്ക്ക് 15 കോടിയും മന്ത്രിപദവും വിജയേന്ദ്ര വാഗ്ദാനം ചെയ്യുന്ന ഓഡിയോയും പുറത്തുവന്നു.  രണ്ടുപേരുടെയും ശബ്ദരേഖ പുറത്തുവിട്ടാണ് അവസാന നിമിഷത്തിലെ ആരോപണം.   

യെഡിയൂരപ്പ രാജിക്കൊരുങ്ങുന്നുതായി റിപ്പോര്‍ട്ട്

കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന ആശങ്കയില്‍ ബിജെപി നേതൃത്വം.  വിശ്വാസവോട്ടെടുപ്പിന് പോകാതെ രാജിവയ്ക്കുന്നതും പാര്‍ട്ടി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജിക്കത്ത് തയ്യാറാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഒരു മണിക്കൂര്‍ പ്രസംഗം നടത്തി രാഷ്ട്രീയക്കളിയുടെ ഇരയെന്ന പരിവേഷമുണ്ടാക്കാനാണ് അണിയറ ആലോചന.  ഉച്ചയ്ക്ക് 1.30 വരെ 195 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. സഭ 3.30 വരെ താൽക്കാലികമായി പിരിഞ്ഞു. 

കോണ്‍ഗ്രസ് (രണ്ട്), ദള്‍ (രണ്ട്) സ്വതന്ത്രര്‍ (രണ്ട്) എന്നിവര്‍ ബിജെപിക്കൊപ്പമാണ്. പ്രതിപക്ഷത്തെ 12 ലിംഗായത്ത് എംഎല്‍എമാരിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. അപ്പോഴും തോല്‍വി ഏല്‍പ്പിക്കുന്ന ആഘോതം മുന്നില്‍ കണ്ടാണ് യെഡിയൂരപ്പയുടെ നീക്കം.  രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹോട്ടലില്‍ തങ്ങുകയാണ്. ഒരു ബിജെപി എംഎല്‍എയും ഒപ്പമുണ്ട്. ഇരുവര്‍ക്കും വിപ് നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തി. ഇവരെ ബിജെപി തടഞ്ഞുവച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടക ഡി.ജി.പി ഹോട്ടലിലെത്തി എം.എല്‍.എമാരുമായി സംസാരിച്ചു. 

വിവാദങ്ങളും ആരോപണങ്ങളും തുടരുന്നതിനിടെ  കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം. നാലുമണിക്ക് വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസം ആവര്‍ത്തിച്ച് ബി.ജെ.പിയും  ശക്തിതെളിയിക്കുമെന്ന് ഉറച്ച് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യവും നീങ്ങുന്നു.  രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ  ബി.ജെ.പി പ്രധാനശക്തികേന്ദ്രമായ റെഡ്ഡി സഹോദരന്‍മാരിലൊരാളായ സോമശേഖരറെഡ്ഡിയും നിയമസഭയില്‍ ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊഴിച്ചാല്‍ ബി.ജെ.പിക്ക് അനുകൂലമായ നീക്കങ്ങളൊന്നും പ്രകടമല്ല. സഭാതലത്തില്‍  എന്താകും  സംഭവിക്കുക എന്ന ആകാംക്ഷയിലാണ് രാജ്യം.

നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്.  രാവിലെ പതിനൊന്ന് മണിക്ക് സഭ തുടങ്ങിയപ്പോള്‍ പ്രോടെം സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ ആദ്യം സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി ബി.എസ് യെഡിയൂപ്പയെ ക്ഷണിച്ചു. യെഡിയൂരപ്പയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വീതം ഒരുമിച്ചാണ്  സത്യപ്രതിജ്ഞ നടക്കുന്നത്. ഇതുവരെ എഴുപതോളം എം.എല്‍.എമാര്‍ സത്യപ്രതിജഞ ചെയ്തു  നാലുമണിക്ക് മുമ്പായി എല്ലാ എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തായാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.