പാതിരാവിലെ കോടതിമുറി: നിലപാടുകള്‍ ഏറ്റുമുട്ടി; തീ ചിതറി: വാദങ്ങള്‍ ഇങ്ങനെ

singhvi-rohtagi
SHARE

തങ്ങളുടെ ഹര്‍ജി തള്ളിയെങ്കിലും, അസാധാരണ രാത്രിക്ക് പിന്നാലെ സുപ്രീംകോടതി നടപടിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് രംഗത്ത്. യെഡിയൂരപ്പയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു. നാളത്തെ അന്തിമവിധിവരെ കാക്കുമായിരുന്നു. അതായിരുന്നു മാന്യതയും നീതിയും. ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് നാളെ യെഡിയൂരപ്പയുടെ വിധി നിര്‍ണയിക്കുമെന്നും ചിദംബരം പറഞ്ഞു.

104ല്‍ വലിയ സംഖ്യ കത്തിലില്ലെന്നും ചിദംബരം അവകാശപ്പെട്ടു. ഗവര്‍ണറുടെ കത്തിലും അക്കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി ഇന്നത്തെ സത്യപ്രതിജ്ഞ തടയാതിരുന്നത്. ഈ സാഹചര്യത്തിലാണ് കടുത്ത വിമര്‍ശനവുമായി  കോണ്‍ഗ്രസ് രംഗത്തെത്തിയത്. സത്യപ്രതിജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. 

യെഡിയൂരിയപ്പ മുഖ്യമന്ത്രിയായി രാവിലെ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിനായി മനു അഭിഷേക് സിംഘ്‌വിയാണ് കോടതിയില്‍ നാല് മണി ക്കൂറോളം വാദിച്ചത്. യെഡിയൂരപ്പയ്ക്കായി മുകുള്‍ റോഹത്ഗിയും വാദങ്ങളുയര്‍ത്തി. 

നട‌ന്നത് വാക്കുകളുടെ കടുത്ത പോരാട്ടം

നാല് മണിക്കൂര്‍ നേരം നിലംതൊടാതെയുള്ള വാദമുഖങ്ങള്‍. ഇടനേരങ്ങളിലും മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സന്ദര്‍ഭങ്ങള്‍. എല്ലാം താണ്ടി വാദവും എതിര്‍വാദവും പൊട്ടിത്തെറിയും തുടര്‍ന്നു. ഒരു ഘട്ടത്തില്‍ റോഹ്തഗി പൊട്ടിത്തെറിച്ചത് ഇങ്ങനെ:  'പാതിരാത്രിയിൽ പരിഗണിക്കേണ്ട വിഷയമൊന്നുമല്ല ഇത്. ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ? യാക്കൂബ് മേമനു വധശിക്ഷ വിധിച്ചപ്പോഴാണു മുൻപ് ഇതുപോലെ അർധരാത്രിയിൽ വാദം കേട്ടത്’

സർക്കാരിയ കമ്മിഷൻ ശുപാർശ പ്രകാരം, സർക്കാരുണ്ടാക്കാൻ മൂന്നാമത്തെ പരിഗണന നൽകേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴി‍ഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോൺഗ്രസിനു വേണ്ടി മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാർട്ടി, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യങ്ങളിൽ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകൾ. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സർക്കാർ ഉണ്ടാക്കിയതെന്നും സിങ്‍വി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയും സിങ്‌വിയുടെ വാദങ്ങളെ എതിർത്തു. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവർണറുടെ അധികാരത്തിൽ ഇപ്പോൾ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ഹർജിക്കാരോടു ചോദിച്ചു. 

ഗവർണറുടെ തീരുമാനം വിലക്കിയാൽ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവൽസർക്കാർ ഉണ്ടല്ലോ എന്നായിരുന്നു സിങ്‌വിയുടെ മറുപടി. 

'സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നതു മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്'– സിങ്‍വി വാദിച്ചു. 

ബുധനാഴ്ച രാത്രിയിൽ കോൺഗ്രസ് സംഘം ഡൽഹിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തിയാണ്, സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. പാതിരാത്രിയിൽ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോയെന്നും റോഹ്തഗി ചോദിച്ചു. 

വാദങ്ങള്‍ കത്തിക്കയറിയപ്പോള്‍ കോടതിയുടെ ചോദ്യം ഇങ്ങനെ: ഗവർണറെ തടയാൻ കോടതിക്കു കഴിയുമോ? അങ്ങനെ ചെയ്താൽ കർണാടകയിൽ ഭരണശൂന്യതയുണ്ടാകില്ലേ? – സുപ്രീംകോടതി. 

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.