വോട്ടെണ്ണും മുന്‍പ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പട; സിദ്ധരാമയ്യയുടെ ‘ദലിത്’ കാര്‍ഡിന് മാനങ്ങളേറെ

karnataka-election-2018
SHARE

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായകമാകുന്ന ചൊവ്വാഴ്ചയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. സെമിഫൈനല്‍ പോരാട്ടത്തില്‍ ആരു വീഴും, ആരു വാഴും എന്ന ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദപ്രതിവാദങ്ങളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു കന്നഡനാട്ടില്‍. ജാതീയതയും പ്രാദേശികവാദവും തുറുപ്പുചീട്ടുകളാക്കി തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ കോണ്‍ഗ്രസില്‍ വോട്ടെടുപ്പിനു ശേഷവും ജാതി തന്നെ മുഖ്യതര്‍ക്കവിഷയമാകുന്നു.

കേന്ദ്രത്തില്‍ നിന്ന് ആവശ്യമുയര്‍ന്നാല്‍ ദലിത് മുഖ്യമന്ത്രിക്കു വേണ്ടി മാറിക്കൊടുക്കാന്‍ താന്‍ തയ്യാറാണെന്നാണ് സിദ്ധരാമയ്യ ഏറ്റവുമൊടുവില്‍ പ്രസ്താവന നടത്തിയത്. എന്നാല്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങളും പരിഗണിക്കപ്പെടണമെന്നും ആര്‍ക്കും തീരുമാനം നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞുവെച്ചു. മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു സിദ്ധരാമയ്യയുടെ തുടര്‍വിശദീകരണം. കഴിഞ്ഞ 5 വര്‍‌ഷങ്ങള്‍ക്കിടെ തനിക്കെതിര ഒരൊറ്റ എംഎല്‍എ പോലും തിരിഞ്ഞിട്ടില്ല. അതത്ര എളുപ്പമുള്ള കാര്യമല്ല. മുതിര്‍ന്ന നേതാക്കന്‍മാരും തന്നോടു സഹകരിച്ചു. അവിടെയോ ഇവിടെയോ ഒക്കെയായി ഒന്നോ രണ്ടോ ആളുകള്‍ പ്രസ്താവനകള്‍ നടത്തിയേക്കാം. എന്നാല്‍ ഭൂരിഭാഗം ആളുകളും തന്നോട് സഹകരിച്ചു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന മറ്റ് ആളുകളുമുണ്ട്. അത് തെറ്റാണെന്ന് താന്‍ കരുതുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താന്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിദ്ധരാമയ്യയുടെ ദലിത് മുഖ്യമന്ത്രി പരാമര്‍ശത്തിനു തൊട്ടുപിന്നാലെയെത്തി മല്ലാകാര്‍ജുന്‍ ഖര്‍ഗെയുടെ വിശദീകരണം. ദലിത് പരിഗണനയില്ലാതെ മുതിര്‍ന്ന നേതാവെന്ന സ്ഥാനം നല്‍കിയാല്‍ സ്വീകരിക്കാമെന്നാണ് മുതിര്‍ന്ന ദലിത് നേതാവായ ഖര്‍ഗെ പറഞ്ഞത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍‌ മുഖ്യമന്ത്രിപദം ഏറ്റെടുക്കാമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. ദലിത് നേതാവായ പിസിസി അധ്യക്ഷന്‍ ജി.പരമേശ്വരയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തന്‍റെ സാധ്യതയെക്കുറിച്ച് പറയാനാഗ്രഹിക്കുന്നില്ലെന്നുമാണ് പരമേശ്വര പ്രതികരിച്ചത്. 

എക്സിറ്റ് പോളുകള്‍ ത്രിശങ്കുശഭ പ്രവചിച്ചതിനു പിന്നാലെ അധികാരത്തിലെത്താന്‍ സാധിക്കുമോ എന്ന ഭയം മൂലമാണ് സിദ്ധരാമയ്യ ദലിത് പരാമര്‍ശം നടത്തിയതെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സദാനന്ദ ഗൗഡയും രംഗത്തെത്തി. ദലിതുകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. 

എക്സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ ജനതാദള്‍ എസിനെ അനുനയിപ്പിക്കുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യമെന്നു വ്യക്തം. എന്നാല്‍ ജെഡിഎസിന്‍റെ നിലപാടു തന്നെയാകും ഇവിടെ നിര്‍ണ്ണായകമാകുക. ജെഡിഎസ് പൂര്‍‌വ്വകാല വൈരം മറന്ന് കോണ്‍ഗ്രസിനെ തള്ളുമോ അതോ കൊള്ളുമോ അതുമല്ലെങ്കില്‍ ബിജെപിയുമായി സഖ്യം ചേരുമോ എന്നാണ് ഇനിയറിയേണ്ടത്. ഏതായാലും മുപ്പതോളം സീറ്റുകള്‍ കിട്ടുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്ന ജെഡിഎസിനെ ഒപ്പം ചേര്‍ത്ത് ഭരണത്തിലേറാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. മുഖ്യമന്ത്രിപദത്തിനായുള്ള ചൂടേറിയ ചര്‍ച്ചകള്‍ അതിനു ശേഷം.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.