എക്സിറ്റ് പോളുകള്‍ ‘കളിതമാശ’; ദയവായി വിശ്രമിക്കൂ: പ്രവര്‍ത്തകരില്‍ ആവേശമേറ്റി സിദ്ധരാമയ്യ

siddaramiah-poll
SHARE

ത്രിശങ്കുസഭ പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ കര്‍ണാടകരാഷ്ട്രീയം ആകാംക്ഷയില്‍. യഥാര്‍ഥഫലമറിയാന്‍ ഒരുദിവസം മാത്രംശേഷിക്കേ ഏതുസാഹചര്യവും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും. ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്ന അവകാശവാദത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഉറച്ചുനില്‍ക്കുകയാണ്. പോളിങ് ശതമാനം വര്‍ധിച്ചത് ഗുണം ചെയ്യുമെന്നാണ് ഇരുപാര്‍ട്ടികളുടേയും പ്രതീക്ഷ. മുന്‍പ് രണ്ടുതവണ ഇതിനേക്കാള്‍ ഉയര്‍ന്ന പോളിങ് ഉണ്ടായപ്പോള്‍ കോണ്‍ഗ്രസാണ് ജയിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതിനിടെ പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. എക്സിറ്റ് പോൾ ഫലങ്ങൾ അടുത്ത രണ്ടു ദിവസത്തേക്കുള്ള വെറും കളിതമാശ മാത്രമാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ഇനിയും ഇതേപ്പറ്റി ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും വിശ്രമിക്കാനും അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് എക്സിറ്റ് പോളുകൾ തള്ളി മുഖ്യമന്ത്രി വന്നത്.   നീന്തലറിയാത്ത ആൾ പുഴ മുറിച്ചു കടക്കാൻ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിനു സമാനമാണ് എക്സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു.  

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് വര്‍ധിച്ചതെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ചൂണ്ടിക്കാട്ടി. ഇത് പാര്‍ട്ടിയെ കേവലഭൂരിപക്ഷത്തിലെക്കുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.

ആ ‘കളിതമാശ’ അഥവാ എക്സിറ്റ് പോളുകള്‍ ഇങ്ങനെ

രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ. ആക്സിസ് മൈ ഇന്ത്യയും ടൈംസ് നൗവും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്ന് പ്രവചിച്ചപ്പോൾ റിപ്പബ്ലിക്, ന്യൂസ് എക്‌സ് സർവേകൾ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ 30 സീറ്റുകൾ വരെ നേടുന്ന ജെഡിഎസ് കിംഗ്‌ മേക്കർ ആകുമെന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. 

മോദിയും രാഹുലും നേർക്കുനേർ പോരാടിയ കന്നഡ മണ്ണിൽ വിജയം ആർക്കുമെന്നു ഇനിയും ഉറപ്പിച്ചു പറയാറായിട്ടില്ല. ഇൻഡ്യാ ടുഡേ ആക്സിസ് സർവേയിൽ 106 മുതൽ 118 സീറ്റുകൾ വരെ സ്വന്തമാക്കി കോണ്‍ഗ്രസ് അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. ബിജെപിക്ക് 72 മുതൽ 92 സീറ്റുകൾ വരെ ലഭിച്ചേക്കാം. ജെ ഡി എസിനു മുപ്പത് സീറ്റും പ്രവചിക്കുന്നു. 

ടൈംസ് നൗ സർവെയും കോണ്‍ഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് പരമാവധി 103 സീറ്റുകൾ വരെ ലഭിച്ചേക്കാം. ബിജെപിക്ക് 93ഉം ജെഡിഎസിനു 39 ഉം സീറ്റുകൾ പ്രവചിക്കുന്നു.

എബിപി, റിപ്പബ്ലിക്ക്, ന്യൂസ് എക്‌സ് സർവേകളിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. 106 സീറ്റുകൾ വരെ ബിജെപിക്ക് ലഭിച്ചേക്കാം. തൊട്ടു പുറകെ 95 സീറ്റുകൾ വരെ നേടി കോണ്‍ഗ്രസ് ശക്തി തെളിയിക്കുമെന്നും സർവേകൾ വ്യക്തമാക്കുന്നു. ജാൻ കി ബാത് സർവേയിൽ ബിജെപി കേവല ഭൂരിപക്ഷം കടക്കുമെന്നും പ്രവചനമുണ്ട്.  

റെഡ്ഢിമാരുടെയും യെഡിയൂരപ്പയുടെയും മടങ്ങിവരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നു. യെഡിയൂരപ്പയുടെ തട്ടകമായ മധ്യ കർണാടകയിലും തീര മേഖലയിലും പാർട്ടിക്ക് നേട്ടമുണ്ടാകും. അതേസമയം കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടു ബാങ്കായ ഒബിസി ന്യൂനപക്ഷ വോട്ടുകളിൽ കാര്യമായ വിള്ളൽ ഉണ്ടാകില്ലെന്നും എക്സിറ് പോളുകൾ വ്യക്തമാക്കുന്നു. പ്രവചനങ്ങൾ സത്യമായാൽ കന്നഡ മണ്ണ് ആരു ഭരിക്കണമെന്നു ജെഡി എസ് തീരുമാനിക്കും. 

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE