എക്സിറ്റ്പോളുകളിലും ഇഞ്ചോടിഞ്ച്; തെളിഞ്ഞത് തൂക്കുസഭ‍; ദേവഗൗഡ കിങ്മേക്കറാകും

karnataka-election-final
SHARE

രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ. ആക്സിസ് മൈ ഇന്ത്യയും ടൈംസ് നൗവും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്ന് പ്രവചിച്ചപ്പോൾ റിപ്പബ്ലിക്, ന്യൂസ് എക്‌സ് സർവേകൾ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ 30 സീറ്റുകൾ വരെ നേടുന്ന ജെഡിഎസ് കിംഗ്‌ മേക്കർ ആകുമെന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. 

മോദിയും രാഹുലും നേർക്കുനേർ പോരാടിയ കന്നഡ മണ്ണിൽ വിജയം ആർക്കുമെന്നു ഇനിയും ഉറപ്പിച്ചു പറയാറായിട്ടില്ല. ഇൻഡ്യാ ടുഡേ ആക്സിസ് സർവേയിൽ 106 മുതൽ 118 സീറ്റുകൾ വരെ സ്വന്തമാക്കി കോണ്‍ഗ്രസ് അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. ബിജെപിക്ക് 72 മുതൽ 92 സീറ്റുകൾ വരെ ലഭിച്ചേക്കാം. ജെ ഡി എസിനു മുപ്പത് സീറ്റും പ്രവചിക്കുന്നു. 

ടൈംസ് നൗ സർവെയും കോണ്‍ഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് പരമാവധി 103 സീറ്റുകൾ വരെ ലഭിച്ചേക്കാം. ബിജെപിക്ക് 93ഉം ജെഡിഎസിനു 39 ഉം സീറ്റുകൾ പ്രവചിക്കുന്നു.

എബിപി, റിപ്പബ്ലിക്ക്, ന്യൂസ് എക്‌സ് സർവേകളിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. 106 സീറ്റുകൾ വരെ ബിജെപിക്ക് ലഭിച്ചേക്കാം. തൊട്ടു പുറകെ 95 സീറ്റുകൾ വരെ നേടി കോണ്‍ഗ്രസ് ശക്തി തെളിയിക്കുമെന്നും സർവേകൾ വ്യക്തമാക്കുന്നു. ജാൻ കി ബാത് സർവേയിൽ ബിജെപി കേവല ഭൂരിപക്ഷം കടക്കുമെന്നും പ്രവചനമുണ്ട്.  

റെഡ്ഢിമാരുടെയും യെഡിയൂരപ്പയുടെയും മടങ്ങിവരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നു. യെഡിയൂരപ്പയുടെ തട്ടകമായ മധ്യ കർണാടകയിലും തീര മേഖലയിലും പാർട്ടിക്ക് നേട്ടമുണ്ടാകും. അതേസമയം കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടു ബാങ്കായ ഒബിസി ന്യൂനപക്ഷ വോട്ടുകളിൽ കാര്യമായ വിള്ളൽ ഉണ്ടാകില്ലെന്നും എക്സിറ് പോളുകൾ വ്യക്തമാക്കുന്നു. പ്രവചനങ്ങൾ സത്യമായാൽ കന്നഡ മണ്ണ് ആരു ഭരിക്കണമെന്നു ജെഡി എസ് തീരുമാനിക്കും. 

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.