കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ..? നിലപാട് വ്യക്തമാക്കി ജെഡിഎസ്; ആകാംക്ഷ

karnataka-congress-jds
SHARE

എക്സിറ്റ് പോൾ ഫലങ്ങൾ കർണ്ണാടകയിൽ ത്രിശങ്കുസഭ പ്രവചിക്കുമ്പോൾ നിലപാടു വ്യക്തമാക്കി ജെഡിഎസ് രംഗത്ത്. ജെഡിഎസ് ബിജെപിയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നു വ്യക്തമാക്കിയ പാർട്ടി വക്താവ് ഡാനിഷ് അലി, കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ‌ അത് അവരുടെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും എൻ‍ഡിടിവിക്കു നൽകിയ അഭിമുഖത്തിൽ പറ​ഞ്ഞു. 

‘ബിജെപിക്കൊപ്പം പോകുമോ എന്ന ചോദ്യം ഉദിക്കുന്നില്ല. കോൺഗ്രസ് അധികാരത്തിലെത്തിയില്ലെങ്കിൽ, കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, കോൺഗ്രസ് 100 സീറ്റു പോലും നേടിയില്ലെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനു മാത്രമാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ അവർ എങ്ങനെ പോരാടും എന്നത് വ്യക്തമാക്കുന്നതാകും ആ ഫലം..’ ജെഡിഎസ് ജനറൽ സെക്രട്ടറി കൂടിയായ ഡാനിഷ് അലി എൻഡിടിവിയോട് പറഞ്ഞതിങ്ങനെ. 

മതേതര കാർഡ് ഉയർത്തിപ്പിടിച്ചു നടക്കേണ്ട ഉത്തരവാദിത്തം ജെഡിഎസിനു മാത്രമുള്ളതല്ലെന്നും അലി ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ പോരാടാൻ തങ്ങൾ കോൺഗ്രസിനെ സഹായിച്ചു. എന്നാൽ അതൊന്നും പ്രതിഫലിക്കപ്പെട്ടില്ല. പ്രാദേശിക മതേതര ശക്തികളെ എതിർക്കാൻ മാത്രമാണ് കോൺഗ്രസ് തങ്ങളുടെ ഊർജ്ജം ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് 21 സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പം പോയത്. അധികാരത്തിനു വേണ്ടി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ബിജെപിയുമായി സഖ്യം ചേർന്നുവെന്നുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും അലി കൂട്ടിച്ചേർത്തു. 

പ്രചരണത്തിലുടനീളം ബിജെപിയുടെ ബി ടീം എന്നാണ് രാഹുൽ ഗാന്ധി ജെഡിഎസിനെ വിശേഷിപ്പിച്ചത്. എന്നാൽ പാർട്ടി അധ്യക്ഷൻ ദേവഗൗഡ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ബിജെപിയെയോ കോൺഗ്രസിനെയോ തങ്ങൾ പിന്തുണക്കില്ലെന്നാണ് ദേവഗൗഡ പറഞ്ഞത്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ ലക്ഷ്യം  വെച്ചത് മുസ്‌ലിം വോട്ടുകളാണെന്ന് വ്യക്തം. അസദുദീൻ ഒവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ–ഇത്തിഹാദ്–ഉൾ മുസ്ലീമീനിന്‍റെ പിന്തുണ ജെഡിഎസിനായിരുന്നു. 

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു ‌വന്നതിനു ശേഷവും ജെഡിഎസിന്‍റെ പിന്തുണ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. ആത്മവിശ്വാസമേറെയുണ്ട് സിദ്ധരാമയ്യക്ക്. ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കു ലഭിക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. മുൻ കർണ്ണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.വീരപ്പമൊയ് ലിയും ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോൾ 'എക്സാറ്റ് പോൾ' അല്ലെന്ന് വീരപ്പമൊയ്ലി പറയുന്നു. 

2005 ലാണ് സിദ്ധരാമയ്യ ‍ജെഡിഎസ് വിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. ജെഡിഎസ് നേതാവും എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച്ഡി കുമാരസ്വാമി അന്ന് ബിജെപിക്കൊപ്പമുള്ള തൂക്കുകക്ഷി മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്നു.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.