മോദിയുടെ റാലിയില്‍ രജ്ദീപ് സര്‍ദേശായിയെ അധിക്ഷേപിച്ച് അണികള്‍; മംഗളൂരുവില്‍ കണ്ടത്

rajdeep-mangalore
SHARE

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ‍ഞാനും ക്യാമറമാന്‍ ടി.അര്‍.ഷാനും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി കവര്‍ ചെയ്യാന്‍ മംഗളൂരുവില്‍ എത്തുന്നത്. ഉച്ചവെയില്‍ കത്തി നില്‍ക്കുന്നു. താപനില നാല്‍പതിനോടടുത്ത്. പാര്‍ട്ടിയുടെ ജില്ലാ ഘടകത്തിലെ നേതാക്കന്മാര്‍ പാസുകള്‍ വാങ്ങിവച്ചിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ പൊതുയോഗ സ്ഥലമായ നെഹ്റു മൈതാനിയിലെത്തി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ഒഴുകുകയാണ്. 

ക്യാമറയുമായി ഷാന്‍ അകത്തു കയറി. വൈകീട്ട് ആറുമണിക്കാണ് പ്രധാനമന്ത്രി എത്തുന്നത്. അല്‍പം കൂടി കഴിഞ്ഞ് കയറാമെന്ന് വിചാരിച്ച് പുറത്തു തന്നെ നിന്നു. കാവിക്കൊടികളും പാര്‍ട്ടിപതാകയുമൊക്കെയായി പ്രവര്‍ത്തകര്‍ ആവേശത്തില്‍ ആറാടുന്നു. ഇതിനിടെ ഇന്ത്യാ ടുഡെ ടെലിവിഷന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രജ്ദീപ് സര്‍ദേശായിയും ക്യാമറമാനും എത്തി. അദ്ദേഹത്തെ കണ്ട  ബി.ജെ.പി പ്രവര്‍ത്തകരുടെ മുഖങ്ങളിലെല്ലാം ഒരു ദേഷ്യം പോലെ. അല്‍പസമയം പുറത്തു നിന്നശേഷം സ്വതസിദ്ധമായ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം അകത്തുകയറി. കുറച്ചുകൂടി കഴിഞ്ഞാണ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഞാനും മറ്റൊരു മാധ്യമ പ്രവര്‍ത്തകനും കൂടി സമ്മേളന സ്ഥലത്തേയ്ക്ക് പ്രവേശിച്ചത്. ദക്ഷിണ കന്നട എം.പി. നളിന്‍ കുമാര്‍ ഘട്ടീല്‍ അടക്കമുള്ളവര്‍ ഹുന്ദുത്വ രാഷ്ട്രീയവും, ഗോവധവുമൊക്കെ പ്രസംഗിച്ച് പ്രവര്‍ത്തകരെ ആവേശത്തിലാറാടിച്ചു കത്തിക്കയറുകയാണ്.

ഇതിനിടെ രജ്ദീപ് സര്‍ദേശായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ മൈക്കുമായി ഗ്രൗണ്ടിലിറങ്ങി. അദ്ദേഹത്തെ കണ്ടതോടെ പ്രവര്‍ത്തകര്‍ രോഷത്തോടെ ചാടിയെഴുന്നേറ്റു. മൈക്കുമായി തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ ചോദിച്ചെത്തിയ അദ്ദേഹത്തിനു നേരെ ചിലര്‍ കയര്‍ത്തു. പിന്നീട് അവിടെ കണ്ടത് രാജ്യം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരിലൊരാളെ ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റെയും പ്രവര്‍ത്തകര്‍ പരസ്യമായി അധിക്ഷേപിക്കുന്നതാണ്. ചുറ്റും കൂടിയവര്‍ കൈകളുയര്‍ത്തി മോദി, മോദി എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. വേദിയിലും സദസിലുമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഈ അധിക്ഷേപമെല്ലാം കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നു. പ്രതിഷേധം വകവയ്ക്കാതെ റിപ്പോര്‍ട്ടിങ് തുടര്‍ന്നെങ്കിലും പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ ഏറുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രസ് ഗാലറിയിലേയ്ക്ക് മടങ്ങാതെ അല്‍പം മാറി നിന്ന് ജോലികള്‍ തുടര്‍ന്നു അപ്പോഴും ബി.ജെ.പി അണികളുടെ രോഷപ്രകടനം കുറ‍ഞ്ഞില്ല.

നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി രാത്രി ഏഴുമണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയില്‍ എത്തി. അദ്ദേഹം പ്രസംഗം ആരംഭിക്കുമ്പോഴും സര്‍ദേശായിക്കെതിരായ രോഷം ഒരു ഭാഗത്ത് തുടര്‍ന്നു. ഒടുവില്‍ സഹികെട്ടതോടെ ഏഴരയോടെ അദ്ദേഹം പുറത്തേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങി. എന്നാല്‍ വഴിയൊരുക്കാന്‍ നേതാക്കളോ അണികളോ തയ്യാറായില്ല. ഒടുവില്‍ ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് സര്‍ദേശായി പുറത്തേയ്ക്ക് നയിച്ചു. അദ്ദേഹം നടന്ന വഴികളിലെല്ലാം സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് വാഹനത്തില്‍ കയറി സര്‍ദേശായി മടങ്ങി. ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിലും കുറിച്ചു.

മാധ്യമ സ്വാതന്ത്ര്യം എന്നത് മൈക്കിനു മുന്നിലുള്ള പ്രസംഗത്തില്‍ മാത്രമൊതുക്കുന്ന അസഹിഷ്ണുതയെക്കുറിച്ചായിരുന്നു എന്‍റെ ആലോചന. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഒരാള്‍ക്കുനേരെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇത്രത്തോളം രൂക്ഷമായി പ്രതികരിച്ചിട്ടും എല്ലാം കണ്ടും കേട്ടുമിരുന്നു കര്‍ണാടകയിലെ എല്ലാ ബി.ജെ.പി നേതാക്കള്‍. അതിശയകരം തന്നെ; നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടാതെ വയ്യ. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.