ബി.ജെ.പിയുടെ രക്തസാക്ഷി പട്ടികയിലും അബദ്ധം; ഒന്നാമൻ ജീവനോടെയുണ്ടെന്ന് കണ്ടെത്തി

ashok-poojara
SHARE

ക‌ര്‍‌ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന ആയുധമായ രക്തസാക്ഷി പട്ടികയിലും അബദ്ധം. പട്ടികയിലെ ഒന്നാമനായ അശോക് പൂജാരി ഉഡുപ്പിയില്‍ ജീവനോടെയുണ്ടെന്ന് ഇംഗ്ലീഷ് വാര്‍ത്താചാനല്‍ കണ്ടെത്തി. രക്തസാക്ഷിപട്ടികയില്‍ പേര് ഉള്‍പ്പെട്ടതില്‍ തെറ്റുപറ്റിയെന്ന് ബി.ജെ.പി അശോകിനെ അറിയിച്ചു.

നാലുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് കൊല്ലപ്പെട്ട 23 പ്രവര്‍ത്തകരുടെ പട്ടികയാണ് ക‌ര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ബി.ജെ.പിയുടെ പ്രധാന ആയുധം. ജിഹാദി ശക്തികളാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്ലെന്ന് ബി.ജെ.പി ആരോപിക്കുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പട്ടിക ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. എന്നാല്‍, പട്ടികയിലെ ഒന്നാമനായ ഉഡുപ്പി സ്വദേശി അശോക് പൂജാരിയുടെ അഭിമുഖം ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ടതോടെ രക്തസാക്ഷി പട്ടിക പൊളിഞ്ഞു. 

2015 ല്‍ അശോക് ആക്രമണത്തിനിരയായിരുന്നു. ബജ്റംഗ് ദള്‍ നേതാവ് പ്രശാന്ത് പൂജാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമിസംഘം തന്നെ വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് അശോക് പറയുന്നു. രക്തസാക്ഷിപ്പട്ടികയില്‍ പേരുവന്നത് അബദ്ധത്തിലാണെന്ന് പാര്‍ട്ടി നേതൃത്വം രേഖാമൂലം അറിയിച്ചിരുന്നു. ഇതിനുശേഷവും നേതാക്കള്‍ 23 പേരുടെ പട്ടിക ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ചാനല്‍ അശോകിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.