അമിത് ഷായ്ക്ക് മാത്രമല്ല; മോദിക്കും നാക്ക് പിഴയ്ക്കും; പ്രസംഗത്തില്‍ ‘ചരിത്രാ’ബദ്ധം

Narendra Modi
SHARE

കർണാടക തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വീറോടെ അടുക്കുമ്പോൾ പ്രചാരണം അതിന്‍റെ ഉഛസ്ഥായിയില്‍. കോണ്‍ഗ്രസ് തുടക്കത്തില്‍ കൈവശം വെച്ച മേല്‍ക്കൈ നരേന്ദ്രമോദിയെ സംസ്ഥാനത്ത് തമ്പടിപ്പിച്ച് മറികടക്കാനുള്ള വഴിയിലാണ് ബിജെപി. അതിനിടെയാണ് അമിത് ഷായുടെ നാക്കുപിഴ വരുത്തിയ അബദ്ധങ്ങള്‍ക്ക് പിന്നാലെ മോദിയും വെട്ടിലാകുന്നത്. ഇതെല്ലാം കോൺഗ്രസ് വീണുകിട്ടിയ ആയുധമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണെന്ന് കര്‍ണാടകയില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിനയാകുന്നത്. വ്യാഴാഴ്ച ബെല്ലാരിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മോദിക്ക് അബദ്ധം പറ്റിയത്.

സൈനികരെ മോശക്കാരാക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചത് എന്താണെന്നു ചരിത്രത്തിലുണ്ടെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ‘ജനറല്‍ തിമ്മയ്യക്ക് കീഴില്‍ 1948ല്‍ നമ്മള്‍ ഇന്ത്യ-പാക് യുദ്ധം ജയിച്ചു. എന്നാല്‍, യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോനും ജനറല്‍ തിമ്മയ്യയെ തുടര്‍ച്ചയായി അവമതിക്കാനാണ് ശ്രമിച്ചത്. ഇതാണ് ജനറല്‍ തിമ്മയ്യ രാജിവെക്കാന്‍ കാരണം.’ മോദി പറഞ്ഞു. 

പക്ഷേ പിന്നീടാണ് പറഞ്ഞതിലെ വലിയ അബദ്ധം പുറത്തുവന്നത്. 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ വസ്തുത അറിയാതെയാണ് മോദി എഴുതിക്കൊടുത്ത പ്രസംഗം വായിച്ചത്. 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി.കെ.കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയും ആയിരുന്നില്ല. 1947മുതല്‍ 1952 വരെ യു.കെയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം. 1957 മുതല്‍ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധ മന്ത്രി. അബദ്ധം പറഞ്ഞ് കെണിയിലായി പ്രധാനമന്ത്രി. 

പതിവ് പോലെ വീണുകിട്ടിയ വടി എടുത്ത് കോൺഗ്രസ് അടി തുടങ്ങി. ചരിത്രവിവരം വര്‍ധിക്കാന്‍ ദിവസവും പത്രം വായിക്കുന്നത് നല്ലതാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളും പുതിയ അബദ്ധം ഏറ്റെടുത്തു.

വിവാദവും അടിതടയും പലവഴി പോകുന്നതിനിടെ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുണ്ട് പ്രകടനപത്രികയിൽ. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പ് പ്രവർത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കർണാടക മാല 6 വരി പാതയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കർണാടകയെ വനിതാ ശിശു സൗഹൃദ സംസ്ഥാനമാക്കും. 6 പ്രധാന നഗരങ്ങളിൽ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കാനുള്ള പ്രത്യേക ഹബുകൾ തുടങ്ങുമെന്നും പ്രകടനപത്രിക പറയുന്നു.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.