കോണ്‍ഗ്രസിന് ജയിക്കണം; ബിജെപിക്കും: കന്നടപ്പോര്

yeddyurappa-siddaramaiah
SHARE

കര്‍ണാടക. കൊണ്ടും കൊടുത്തും വളര്‍ന്ന നാട്. അയല്‍ രാജ്യങ്ങള്‍ ഒന്നൊന്നായി കീഴടക്കി സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തിയ ടിപ്പു സുല്‍ത്താന്റ നാട്. 

കാലങ്ങള്‍ കടന്ന് ജനാധിപത്യ സംവിധാനത്തിന്റ ഭാഗമായപ്പോഴും കന്നടമണ്ണില്‍ രാഷ്ട്രീയപ്പോര് മുറുകിയതേയുള്ളൂ. വടക്കും വടക്കുകിഴക്കും കടന്ന് ബി.ജെ.പിയുടെ പടയോട്ടം തെക്കേ ഇന്ത്യയിലെത്തിക്കഴിഞ്ഞു. നെഞ്ചുവിരിച്ച് നേരിടാനുളള കരുത്ത് കോണ്‍ഗ്രസില്‍ ബാക്കിയുണ്ട്. പട നയിക്കാന്‍ സിദ്ധരാമയ്യയെന്ന ഒറ്റയാന്‍. ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യപ്പെട്ടെങ്കിലും എതിരാളികളെ മുന്നില്‍കൊണ്ട് നിര്‍ത്താനുള്ള ശക്തി ജെ.ഡി.എസിന് ഇപ്പോഴുമുണ്ട്. പടക്കളത്തില്‍ വീണ്ടുമൊരു നേര്‍ക്കുനേര്‍ പോര്.

നിര്‍ണായക യുദ്ധമാണിത്. ധര്‍മ്മവും നീതിയും ഉണ്ടാകണമെന്ന് വാശിപിടിക്കരുത്. ശത്രുവിെന വീഴ്ത്താന്‍ ഏത് തന്ത്രവും പ്രയോഗിച്ചെന്നിരിക്കും. മുന്നില്‍ അധികാരമെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. വീഴ്ചകളും വാഴ്ചകളും കണ്ട മണ്ണിലെ പുതിയ പോരാട്ടത്തിന്റ പ്രചാരണവഴികളിലൂെടയാണ് ഈ യാത്ര.

‌അഞ്ചുകോടിയോളം വരുന്ന ജനങ്ങള്‍ വിധിക്കുന്നത് കര്‍ണാടകത്തിന്റെ മാത്രം ഭാവിയല്ല, രാജ്യം ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.1984ന് ശേഷം കര്‍ണാടകയില്‍ അധികാരത്തുടര്‍ച്ചയുണ്ടായിട്ടില്ല. ആ ചരിത്രം തിരുത്തുകയാണ് കോണ്‍ഗ്രസിന്റ ലക്ഷ്യം. അതേസമയം കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേക്ക് കര്‍ണാടക കൂടി പിടിച്ചെടുത്ത് മുന്നേറാനാണ് ബി.ജെ.പിയുടെ ശ്രമം.

കോണ്‍ഗ്രസിന് ജയിച്ചേതീരൂ

കോണ്‍ഗ്രസിന് ഇത് ജീവന്‍മരണ പോരാട്ടമാണ്. ദേശീയതലത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള െസമിഫൈനല്‍. ഗുജറാത്തില്‍ കരുത്തുതെളിയിക്കാനായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലിടറി. കര്‍ണാടകത്തില്‍  ജയിച്ചേ പറ്റൂ. രാജസ്ഥാന്‍ അടക്കം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും  മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും തിരിച്ചുവരണമെങ്കില്‍ കര്‍ണാടകയില്‍ ജയിച്ചേ പറ്റൂ. സിദ്ധരാമയ്യയാണ് കോണ്‍ഗ്രസിന്റ കരുത്ത്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പിന്റ കടിഞ്ഞാണ്‍ ദേശീയ നേതൃത്വം സിദ്ധരാമയ്യയെ പൂര്‍ണമായും എല്‍പിച്ചതും.

സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവം തുടക്കത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടിക്കൊടുത്തിട്ടുണ്ട്. പക്ഷെ വോട്ടടുപ്പ് ദിവസം വരെ ഇത് നിലനിര്‍ത്തുക വെല്ലുവിളിയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ഭിന്നതകള്‍ ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞതവണ 224 അംഗസഭയില്‍ 122 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. അടുത്തിടെ ഏഴ് ജെ.ഡി.എസ് എം.എല്‍.എ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതും നേട്ടമായി. ഇന്ദിര കാന്റീന്‍ ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സിദ്ധരാമയ്യയെ കൂടുതല്‍ ജനകീയനാക്കിയത്. 

പണവും ജാതിയും നിര്‍ണായകമാകുന്ന സംസ്ഥാനത്ത്  വികസനം കൊണ്ടുമാത്രമായില്ല, അടവുനയങ്ങള്‍ വേണം. സിദ്ധരാമയ്യയ്ക്കത് നന്നായറിയാം.  ടിപ്പുജയന്തി ആഘോഷിച്ചും കന്നടവാദ ഉയര്‍ത്തിയും പ്രാദേശിക വികാരം ഇളക്കിവിട്ടു. ബി.ജെ.പി വോട്ടുബാങ്കില്‍ കണ്ണുവച്ചായിരുന്നു  ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനം.  

ബിജെപിക്കും വെല്ലുവിളികള്‍

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമോ, കാര്യമായ അഴിമതി ആരോപണങ്ങളോ ഇല്ലാത്തതാണ് പ്രചാരണ രംഗത്ത് ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ മോദി തരംഗം ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം.അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിടുകയും പിന്നീട് തിരികെയെത്തുകയും ചെയ്ത ബി.എസ് യെഡിയൂരപ്പ തന്നെയാണ്  ബി.ജെ.പിയുടെ കരുത്ത്. 

കഴിഞ്ഞ തവണ 40 സീറ്റില്‍ ഒതുങ്ങിയ ബി.ജെപിക്ക് പക്ഷെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചെത്താന്‍ കഴിഞ്ഞു. ആകെയുള്ള 28 സീറ്റില്‍ 19 സീറ്റും നേടി. ആ നേട്ടം ഇത്തവണയും ആവര്‍ത്തിക്കാമെന്നാണ് പ്രതീക്ഷ. ചിട്ടയായ സംഘടന പ്രവര്‍ത്തനമാണ് ബി.ജെ.പിയുടെ കൈമുതല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കര്‍ണാടകത്തില്‍ തങ്ങുന്ന അമിത്ഷാ മണ്ഡലങ്ങള്‍ തോറും റോഡ് ഷോ നടത്തിയാണ് വോട്ടുറപ്പിക്കുന്നത്. യെഡിയൂരപ്പ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തിന്റ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തടയിടുകയാണ് മറ്റൊരു ദൗത്യം.  

ibw-karnataka-t

2008 ല്‍ െയഡിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഖനി ഇടപാടില്‍ ജയിലിലായ ജനാര്‍ദന റെഡ്ഡിയുടെ സ്വന്തക്കാര്‍ക്ക്  സീറ്റ് നല്‍കിയതും തുടര്‍ന്നുണ്ടായ വിവാദഘങ്ങളും മധ്യകര്‍ണാടകത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കും. എന്നാല്‍ ഇതൊന്നും വിജയത്തെ ബാധിക്കില്ലെന്നാണ് നേതൃത്വം പറയുന്നത്. 

തള്ളിക്കളയരുത് ജെ.ഡിഎസിനെ

ദേശീയകക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരിടുന്ന കര്‍ണാടകത്തില്‍ പ്രാദേശിക പാര്‍ട്ടിയായ ജെ.ഡി.എസിന്റ കരുത്ത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കര്‍ഷകര്‍ക്കിടയില്‍ ഇപ്പോഴും വേരോട്ടമുള്ള ജെ.ഡി.എസിന്റ ശക്തി ഗ്രാമങ്ങളിലാണ്. പ്രത്യേകിച്ച് തെക്കന്‍ കര്‍ണാടകത്തില്‍.

കോണ്‍ഗ്രസാണ് മുഖ്യശത്രു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജെ.ഡി.എസിന്റ പ്രചാരണം നയിക്കുന്നത്  പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമിയാണ് .കഴിഞ്ഞതവണ നാല്‍പത് സീറ്റുകളില്‍ ജയിച്ച ജെ.ഡി.എസ്.ഇത്തവണയും നിര്‍ണായക ശക്തിയാകുമെന്നാണ് പ്രവചനങ്ങള്‍. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നിര്‍ണായക ശക്തിയായ കര്‍ണാടകത്തില്‍ ബി.എസ്.പിയുമായുള്ള സഖ്യം ജെ.ഡി.എസിന് കൂടുതല്‍ ഗുണം ചെയ്യും. 

karnataka-election

ലിംഗായത്ത് ഫാക്ടര്‍ 

ഭിന്നിപ്പിച്ച് ഭരിക്കുകയെന്നത് ബ്രിട്ടീഷ് തന്ത്രമെങ്കില്‍ ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുള്ള സിദ്ധരാമയ്യയുടെ കുതന്ത്രമായിരുന്നു ലിംഗായത്തുകള്‍ക്കുള്ള മതന്യൂനപക്ഷ പദവി. കോണ്‍ഗ്രസ് ഒരുക്കിയ പത്മവ്യൂഹത്തില്‍ ബി.ജെ.പി ശരിക്കും പെട്ടു. പക്ഷെ ഒരു മുഴം മുന്നേയെറിഞ്ഞതിന് മൂക്കുകുത്തി വീഴുമോയെന്ന പേടി കോണ്‍ഗ്രസിനുമില്ലാതില്ല.  

ദലിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കര്‍ണാടകയില്‍ 17 ശതമാനമാണ് വീരശൈവ ലിംഗായത്തുകള്‍. ഇവരില്‍ ലിംഗായത്തുകള്‍ക്ക്   മതന്യൂനപക്ഷ പദവി നല്‍കണമെന്നായിരുന്നു സിദ്ധരാമയ്യ സര്‍ക്കാരിന്റ കേന്ദ്രത്തോടുള്ള ശുപാര്‍ശ. അംഗീകരിച്ചാല്‍ സിദ്ധരാമയയ്ക്കുള്ള നേട്ടമാകും. എതിര്‍ത്താല്‍  ബി.ജെ.പി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴും. രണ്ടിനുമിടയില്‍പെട്ട ബി.ജെ.പി മൗനം തുടരുകയാണ്. നിലപാട് വ്യക്തമാക്കണമെന്ന് ലിംഗായത്ത് മഠാധിപതികള്‍ അമിത്ഷായോട് രേഖാമൂലം ആവശ്യപ്പെട്ടതോടെ ബി.ജെ.പി പ്രതിരോധത്തിലായി. പ്രചാരണരംഗത്ത്  എല്ലാം കോണ്‍ഗ്രസിന്റ രാഷ്ട്രീയതന്ത്രമെന്ന് പറഞ്ഞൊഴിയുകയാണ് ബി.ജെ.പി. 

PTI3_20_2018_000119A

എന്നാല്‍ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കേണ്ടതില്ലെന്ന് തുറന്നുപറയാന്‍ കേന്ദ്രസഹമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സദാനന്ദഗൗഡ തയാറായത് ശ്രദ്ധേയമായി.  എന്നാല്‍ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷപദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വോക്കലിഗ വിഭാഗക്കാരുടെ എതിര്‍പ്പിനിടയാക്കുമോയെന്ന സംശയം കോണ്‍ഗ്രസിനുണ്ട്.   

നിര്‍ണായക മണ്ഡ‍ലങ്ങള്‍ 

മുഖ്യമന്ത്രി സിദ്ധരാമയ്യ ജനവിധി തേടുന്ന ചാമുണ്ഡേശ്വരിയിലും ബാദാമിയിലുമാണ് രാജ്യം ഉറ്റുനോക്കുന്ന മല്‍സരം. സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബി.ജെ.പിയും ജെ.ഡി.എസും പതിനെട്ടടവും പയറ്റുന്നുണ്ട് ചാമുണ്ഡേശരിയില്‍. എതിരാളി പഴയകാല സുഹൃത്ത് ജെ.ഡി.എസിലെ ജി.ടി ദേവഗൗഡ.

ബാദാമിയില്‍ നിലവിലെ എം.പിയും ബി.ജെ.പിയിലെ രണ്ടാമനുമായ ശ്രീരാമലു. സിദ്ധരാമയ്യയല്ലെങ്കില്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന കെ.പി.സി.സി.സി പ്രസി‍ഡന്റ് ജി.പരമേശ്വരക്ക് കൊരട്ടഗെരെയില്‍നിര്‍ണായകമാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരിയ മണ്ഡലമാണിത്. 

വലിയ വെല്ലുവിളിയില്ലെങ്കിലും യെ‍‍‍ഡിയൂരപ്പ മല്‍സരിക്കുന്ന ശിക്കാരിപുരയും രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു. ചനപട്ടണയും രാമനഗരയുമാണ് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി ജനവിധി തേടുന്ന മണ്ഡലങ്ങള്‍. സഹോദരന്‍ എച്ച്.ഡി.രേവണ്ണ മല്‍സരിക്കുന്ന ഹോളേ നരസിപുര, സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര മല്‍സരിക്കുന്ന വരുണ, ചലച്ചിത്ര നടന്‍ അംബരീക്ഷിന്റ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മാണ്ഡ്യ, മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മക്കള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന സോറാബ, ഖനികേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബി.ജെ.പി നേതാവ്  ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങള്‍ മല്‍സരിക്കുന്ന ബെള്ളാരി,ഹാരപ്പനഹള്ളി തുടങ്ങിയവയാണ്  തീപാറുന്ന മറ്റ് മണ്ഡലങ്ങള്‍.

yeddyurappa-amith-sha

വിമതരുടെ ‌വെല്ലുവിളി 

വിമതരാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളി.  12 സിറ്റിങ് എം എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. മാണ്ഡ്യയില്‍ നടന്‍ അംബരീഷ് സ്വയം പിന്‍മാറിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ബി.ജെപിയിലെ മുന്‍മന്ത്രി ആനന്ദ് സിങ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചേര്‍ന്നു. അതേമണ്ഡ‍ലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ആനന്ദ് സിങ്ങിപ്പോള്‍  യെഡിയൂരപ്പയുടെ മകന് സീറ്റ് നല്‍കാതിരുന്നത് വരുണയില്‍ തിരിച്ചടിയാകും. 

ചിത്രത്തിലില്ലാത്ത ചെങ്കൊടി 

ഇടതുകക്ഷികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല, കര്‍ണാടക, 23 ഇടങ്ങളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ വിജയപ്രതീക്ഷയുള്ളത് ഒരിടത്തും.  

ബംഗളൂരുവിലെ സി.പി.എമ്മിന്റ സംസ്ഥാന കമ്മിറ്റി ഒാഫീസ് പോലെയാണ് കര്‍ണാടകത്തില്‍ ഇടതുകക്ഷികളുടെ അവസ്ഥ. ദേശീയ തലത്തില്‍ നിര്‍ണായകമാകുന്ന തിരഞ്ഞെടുപ്പാണെങ്കിലും കാര്യമായ റോളില്ല. 19 മണ്ഡലങ്ങളിലാണ് സി.പി.എം മല്‍സരിക്കുന്നത്. സി.പി.െഎ നാലിടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീരാമറെഡ്ഡി മല്‍സരിക്കുന്ന ബാഗേപള്ളിയിലാണ് ഏകപ്രതീക്ഷ. 2008ല്‍ ഇവിടെ സിപിഎം ജയിച്ചിരുന്നു.

മലയാളിമനസ് 

മല്‍സര രംഗത്തുള്ള മലയാളികളില്‍ ഏറ്റവും ശക്തമായ സാന്നിധ്യമാണ് കെ.ജെ ജോര്‍ജ്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ആദ്യം ആഭ്യന്തരമന്ത്രിയും പിന്നീട് ബംഗളുരു വികസനമന്ത്രിയുമായിരുന്ന ജോര്‍ജ് സര്‍വജ്ഞ നഗറിലാണ് ഇത്തവണയും മല്‍സരിക്കുന്നത്. ശാന്തിനഗറില്‍ തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച എന്‍.എ ഹാരിസിന് അവസാനനിമിഷമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. ഹോട്ടലില്‍ കയറി  മകന്‍ നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് ആദ്യരണ്ടു പട്ടികയില്‍ നിന്നും ഹാരിസിനെ ഒഴിവാക്കിയത്. സൗത്ത് മംഗളുരുവില്‍ നിന്ന് മല്‍സരിക്കുന്ന യുടി ഖാദറാണ് മറ്റൊരു മലയാളി. മൂന്നാംക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള 339 കോടിയുടെ ആസ്തിയുളള അനില്‍കുമാര്‍ ബൊമ്മനഹള്ളിയില്‍ നിന്ന് സ്വതന്ത്രനായി  മല്‍സരിക്കുന്നു. പന്ത്രണ്ട് ലക്ഷത്തോളം മലയാളികളുടെ കര്‍ണാടകത്തില്‍ മലയാളി വോട്ടുകള്‍ക്ക് നിര്‍ണമായക സ്ഥാനമുണ്ട്. മലയാളികളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി പ്രചാരണരംഗത്ത് മലയാളി സെല്‍ തന്നെ തുറന്നിട്ടുണ്ട്. 

ആറുമേഖലകള്‍; ആറുവിധി 

ഗ്രാമങ്ങളുടെ മനസ് വായിക്കാന്‍ എളുപ്പമാണ്. അഞ്ചുവര്‍ഷം എല്ലാം ഭദ്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ആവകാശപ്പെടുമ്പോഴും  മറ്റൊന്നാണ് ഗ്രാമങ്ങളിലെ അവസ്ഥ. കര്‍ഷക ആത്മഹത്യയ്ക്ക് പേരുകേട്ട തെക്കന്‍ കര്‍ണാടകയില്‍ കയ്പേറിയ അനുഭവങ്ങളാണ് കരിമ്പ് കര്‍ഷകര്‍ക്ക്.  ആഴത്തില്‍ വേരോട്ടമുള്ള ഇവിടെ സര്‍ക്കാരിന്റ കര്‍ഷകവിരുദ്ധ നിലപാട്  ഉയര്‍‌ത്തിക്കാട്ടി നേട്ടം കൊയ്യാനാണ് ജെ.ഡി.എസ് ലക്ഷ്യം. നീക്കം വിജയിച്ചാല്‍ ജെ.ഡി.എസ്  മേല്‍ക്കൈ നേടും.ദളിത് പിന്നോക്ക വോട്ടുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയെങ്കില്‍ വോക്കലിഗ വിഭാഗമാണ് ജെ.ഡി.എസിന്റ ശക്തി.

amith-sha-bjp

യെഡിയൂരപ്പയുടെ കെ.ജെ.പി പാര്‍ട്ടി ബി.ജെപി വോട്ടുകള്‍ ഭിന്നിപ്പിച്ചതായിരുന്നു ഹൈദരാബാദ് കര്‍ണാടകമേഖലയില്‍ 2013ല്‍ കോണ്‍ഗ്രസിന്  40ല്‍ 23 സീറ്റ് നേടിക്കൊടുത്തത്. യെഡിയൂരപ്പയുടെ തിരിച്ചുവരവും  ഖനികേസില്‍ ജയിലില്‍ കഴിയുന്ന ജനാര്‍ദന റെഡ്ഡിയുടെ പിന്തുണയും ബി.ജെ.പിയ്ക്ക് നേട്ടമാകേണ്ടതാണ്. പക്ഷെ യെഡിയൂരപ്പ െറഡിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതും  സഹോദരന്‍മാര്‍ക്ക് സീറ്റ് നല്‍കിയതും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയ്ക്കിടയാക്കിയിട്ടുണ്ട്. അമിത്ഷാ ഇവിടെ റാലി ഒഴിവാക്കുക കൂടി ചെയ്തതോടെ ഭിന്നത ഏതുവിധത്തില്‍ പ്രതിഫലിക്കുമെന്ന് നിശ്ചയമില്ല. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷപദവി നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം പ്രധാനമായും മാറ്റുരയ്ക്കുന്നതും ഇവിടെയാണ്. 

കെ.ജെ.പിയുടെ സാന്നിധ്യമായിരുന്നു മുംബൈ കര്‍ണാടകയിലും കോണ്‍ഗ്രസിന് മേല്‍ക്കൈ നേടിക്കൊടുത്തത്. കഴി‍ഞ്ഞതവണ 31 സീറ്റ് നേടിയെങ്കില്‍ ഇത്തവണ കോണ്‍ഗ്രസും  ബി.ജെ.പിയും തുല്യശക്തിയകളാകും.ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കുന്നതാണ് ഈ മേഖലയില്‍ ബി.ജെ.പിയുടെ വെല്ലുവിളി.

കഴിഞ്ഞതവണ 19ല്‍ 13 സീറ്റും നേടിയ തീരദേശകര്‍ണാടകയില്‍ കോണ്‍ഗ്രസ് ഇത്തവണയും നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍. ഭരണനേട്ടങ്ങളാണ് ശക്തിയെങ്കില്‍ ബി.ജെപിയെ വിമതശല്യം പ്രതിരോധത്തിലാക്കുന്നു. 

യെഡിയൂരപ്പ മല്‍സരിക്കുന്ന ശിക്കാരിപുര ഉള്‍പ്പെടുന്ന മധ്യകര്‍ണാടകയില്‍  ബി.ജെ.പി കഴിഞ്ഞവര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കും. യെഡിയൂരപ്പയുടെ അസാന്നിധ്യമായിരുന്നു 2013ല്‍ വെറും മൂന്നുസീറ്റില്‍ ബി.ജെ.പി ഒതുങ്ങാന്‍ കാരണം . ബി.ജെ.പിയുടെ തകര്‍ച്ച 2008 ല്‍ ഒരു സീറ്റ് പോലും നേടാതിരുന്ന ജനതാദളിന് ആറ് സീറ്റ് നേടിക്കൊടുത്തു.  ആ നേട്ടം  ആവര്‍ത്തിക്കുകയാണ് ജെ.ഡി.എസിന്റ വെല്ലുവിളി.

ബംഗളൂരു നഗരത്തില്‍ ബി.ജെ.പി കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണ്. കഴിഞ്ഞതവണ നേരിയ മേല്‍ക്കൈ കോണ്‍്ഗ്രസിനായിരുന്നെങ്കില്‍ അത് തകര്‍ക്കുകയാണ് ബി.ജെ.പി ലക്ഷ്യം. 198 വാര്‍ഡുകളുള്ള ബംഗളുരു നഗരസഭയില്‍ 100 സീറ്റ് നേടിയത് ബി.ജെ.പിയുടെ അത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ജനതാദളിന് കാര്യമായ സ്വാധീനമില്ല നഗരത്തില്‍. 

തൂക്കുവന്നാല്‍ ആരു തൂങ്ങും 

കൂട്ടിയും കിഴിച്ചും വിലയിരുത്താറായിട്ടില്ല.എങ്കിലും  കര്‍ണാടകത്തില്‍ തൂക്ക് സഭയെന്നാണ് പ്രീപോള്‍ പ്രവചനങ്ങള്‍.ജനതാദള്‍ 43 സീറ്റ് നേടി നിര്‍ണായക ശക്തിയാകുമെന്നാണ് പ്രവചനക്കാര്‍ പറയുന്നു. ഇത് മുന്നില്‍കണ്ടാണോയെന്നറിയില്ല ബി.ജെപിയുടെ ജെ.ഡി.എസും രഹസ്യബന്ധത്തിലാണന്ന  സിദ്ധരാമയ്യയുടെ  ഒരു മുഴം മുമ്പെയുള്ള പ്രസ്താവന. സിദ്ധരാമയ്യയുടെ ആരോപണത്തിന് അതേ നാണയത്തിലായിരുന്നു ജെ.ഡി.എസിന്റ മറുപടി. 

ഇനി തൂക്കെങ്കില്‍ ജെ.ഡി.എസ് ആര്‍ക്കൊപ്പം നില്‍ക്കും. തൂക്കെന്ന വാക്കുതന്നെ ജെ.ഡി.എസ് നേതാക്കള്‍ തള്ളുമ്പോള്‍ സാധ്യത ഇങ്ങനെ.  

ജനതാദളിന്റ ശക്തികേന്ദ്രങ്ങളിലെല്ലാം തുല്യ എതിരാളി കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ  ഒരു ബന്ധം ആലോചിച്ചേ ഉണ്ടാകൂ.

സിദ്ധരാമയ്യയെ തോല്‍പിക്കാന്‍ എച്ച്.ഡി കുമാരസ്വാമി കച്ചകെട്ടിയിറങ്ങിയിരിക്കുമ്പോള്‍ ഒരു കൈകോര്‍ക്കല്‍ ഏളുപ്പമാകില്ല. ജനതാദളുമായി ചേര്‍ന്ന് ഒരു സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കി കഴിഞ്ഞു.

ഒരു കാര്യം ഉറപ്പാണ്.ഒരു ദശാബ്ദക്കാലമായി അധികാരത്തിന്  പുറത്ത് നില്‍ക്കുന്ന കുമാരസ്വാമി കസേര പിടിക്കാന്‍ പതിനെട്ടടവും പയറ്റുമെന്നുറപ്പ്. 

അധികാരം പിടിക്കുക മാത്രമാണ് ജെ.ഡി.എസിന് കര്‍ണാടക തിരഞ്ഞെടുപ്പെങ്കില്‍ കോണ്‍ഗ്രസിന് അതല്ല. ദേശീയതലത്തില്‍ തിരിച്ചുവരണം. അതിന് അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി കര്‍ണാടകത്തില്‍ ജയിച്ചേ പറ്റു. ഒറ്റയ്ക്ക് അധികാരത്തിലെത്താനായാല്‍  ബി.ജെ.പിയുടെ പടയോട്ടത്തിന് തടയിടാനാകും.ദേശീയതലത്തില്‍  മതനിരപേക്ഷ മുന്നണി കെട്ടിപ്പടുക്കാനാകും.രാജസ്ഥാനിലടക്കം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനാകും. പുതിയ തന്ത്രങ്ങളുമായി മുന്നേറുന്ന രാഹുല്‍ഗാന്ധിക്കും കര്‍ണാടകജയം അഭിമാനപ്രശ്നം തന്നെ.

MORE IN Karnataka Assembly Election 2018
SHOW MORE