പുറത്താക്കി ദക്ഷിണേന്ത്യ, തകർന്ന് ബിജെപി; കർണാടക ബിജെപിയെ പഠിപ്പിച്ചതെന്ത്?

bjp
SHARE

കര്‍ണാടകയിലെ പരാജയത്തോടെ ദക്ഷിണേന്ത്യ പൂര്‍ണമായും ബിജെപിയെ പുറന്തള്ളി.  അധികാരം നഷ്ടപ്പെട്ടതിനപ്പുറം തോല്‍വിയുടെ വലുപ്പം ബിജപി ദേശീയ നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം മുന്‍നിര്‍ത്തി വോട്ട് ചോദിച്ചതിനാല്‍ മോദി പ്രഭാവത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് ജനവിധി.  ജനങ്ങളുടെ അടിസ്ഥാന ജീവല്‍ പ്രശ്നങ്ങള്‍ക്ക് ധ്രുവീകരണ രാഷ്ട്രീയ വിഷയങ്ങള്‍ പകരമാകില്ലെന്നും കര്‍ണാടക ബിജെപിയെ പഠിപ്പിച്ചു.

ദക്ഷിണേന്ത്യയില്‍ നാളിതുവരെ താമര വിരിഞ്ഞ ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. അവിടെ ഭരണം നഷ്ടമാകുമ്പോള്‍ രാജ്യത്തെ ഒരേയൊരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയെന്ന ബിെജപിയുടെ അവകാശവാദമാണ് തകരുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ അധികാര പങ്കാളിത്തം മാത്രമാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ബാക്കിയുള്ളത്. കേരളമുള്‍പ്പെടേ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പാര്‍ട്ടിക്ക് ഈ വീഴ്ച നല്‍കുന്ന ആഘാതം വളരെ വലുതാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ബിജെപിയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്‍റാണ് നരേന്ദ്ര മോദി. കര്‍ണാടകയില്‍ അത് അമ്പേ പരാജയപ്പെട്ടു. മോദി പ്രഭാവം കൊണ്ട് ഏത് ഭരണ വിരുദ്ധ തരംഗവും മറികടക്കാമെന്ന അമിത ആ്തമവിശ്വാസം ചീട്ട്കൊട്ടാരം പോലെ തകര്‍ന്നു.  ബജ്റങ് ബലിയും, കേരള സ്റ്റോറിയും പോലുള്ള മതധ്രുവീകരണ വിഷയങ്ങള്‍ ശക്തമതായി ഉയര്‍ത്തി മോദിയെ മുന്‍നിര്‍ത്തി ബിജെപി നടത്തിയ കാര്‍പ്പറ്റ് ബോംബിങ്ങിന് വിലക്കയറ്റം,തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തെ തകര്‍ക്കാനായില്ല. മനുഷ്യന്‍റെ അടിസ്ഥാന ജീവിതപ്രശ്നങ്ങളിലൂന്നിയുള്ള രാഷ്്ട്രീയത്തിന് ഏത് ധ്രുവീകരണ രാഷ്ട്രീയത്തെയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന പാഠം കര്‍ണാടക നല്‍കി. ഇത് പ്രതിപക്ഷ രാഷ്ട്രീയത്തിന് നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ബിജെപിയുടെ ഉറക്കം കെടുത്തും. ‍ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരെന്ന മുദ്രാവാക്യവും കര്‍ണാട തള്ളിക്കളഞ്ഞു. നാല് വര്‍ഷത്തെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ എന്ത് ചെയ്തെന്ന ചോദ്യത്തിന് ജയ് ബജ്റംഗ് ബലിയെന്ന ഉത്തരം മതിയായിരുന്നില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തും യു.പിയും ഒഴികെ സംസ്ഥാനത്തും ബിജെപിക്ക് ഒറ്റയ്ക്ക് ഭരണം കിട്ടിയിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അജയ്യ ശക്തിയെന്ന ബിജെപിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് കര്‍ണാടകയിലെ കനത്ത പരാജയം. 

MORE IN KARNATAKA ELECTION
SHOW MORE