തോല്‍വിയുടെ കാരണങ്ങള്‍ തേടി ബിജെപി; തിരിച്ചടിയുടെ ഞെട്ടലില്‍ ജെഡിഎസ്

bommai-kumaraswami-2
SHARE

കനത്ത തോല്‍വിയുടെ ഞെട്ടലൊഴിയാതെ കർണാടക ബിജെപി.  ഉത്തരവാദിത്തം മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഏറ്റെടുത്തെങ്കിലും സംഘാടനാ പ്രശ്നം കൂടി തിരിച്ചടിക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതോടെ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണിക്ക് സാധ്യതയേറി. ജെഡിഎസിനെയും ഇരുത്തി ചിന്തിപ്പിക്കും ഈ ജനവിധി.

ഭരണ വിരുദ്ധ വികാരം തന്നെ പ്രധാന വില്ലൻ , പക്ഷേ  തോൽവിക്ക് ആക്കം കൂട്ടിയതിൽ സംഘാടനപ്പിഴവും പ്രശ്നങ്ങളും കൂടി വലിയ പങ്ക് വഹിച്ചെന്നാണ് ബി.ജെ.പി  വിലയിരുത്തൽ. പരാജയം പരിശോധിക്കുമ്പോൾ പാർട്ടി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയേണ്ടിവരും.  സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ ഖട്ടീൽ , സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവർക്ക് തോൽവിയിൽ ഉത്തരവാദിത്തം ഏൽക്കേണ്ടി വന്നേക്കും. ബി.എസ്.യെദ്യൂരപ്പയെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റി ബെസ വരാജ ബൊമ്മയെ കൊണ്ടുവന്ന തീരുമാനം നേരത്തെ തന്നെ വിമർശന വിധേയമായിരുന്നു. ബൊമ്മെയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനായില്ലെന്ന് മാത്രമല്ല, സർക്കാരിനെതിരെ ഒരുപിടി അഴിമതി ആരോപണങ്ങൾ വരികയും ചെയ്തു. നേതൃനിരയിൽ തലമുറമാറ്റ പരീക്ഷണം എന്ന പേരിൽ ഇത്തവണ ലിംഗായത്ത് വിഭാഗത്തിലെ അടക്കം പല പ്രമുഖരെയും മൽസര രംഗത്തു നിന്ന് ബിജെപി മാറ്റി നിർത്തിയിരുന്നു. ഇതും ശക്തമായി തിരിച്ചടിച്ചു. ഇക്കാര്യങ്ങൾ യെദ്യൂരപ്പ വിഭാഗം നേതൃത്വത്തിനെതിരെ ആയുധമാക്കും. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പ്രതിപക്ഷ നേതാവാക്കുമോ എന്നതിലും ഉറപ്പില്ല.

അതേസമയം, ഓള്‍ഡ് മൈസൂരു അടക്കം പാർട്ടി കോട്ടയായ മേഖലകളിൽ ഉണ്ടായ കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് ജെഡിഎസ് ക്യാംപ്.  പതിവായി പാർട്ടിയെ തുണച്ച  വെക്കലിഗ , മുസ്ലിം, ദലിത് വോട്ടുകൾ ഈ തവണ നിലനിർത്താനാകാത്തതും അത് കോൺഗ്രസിലേക്ക് ഏകീകരിക്കപ്പെട്ടതുമാണ് ജെഡിഎസിന് തിരിച്ചടിയായത്. രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയായി കണ്ട നിഖില്‍ കുമാരസ്വാമി കൂടി തോറ്റത് എച്ച് ഡി. കുമാരസ്വാമിക്ക് പ്രഹരത്തിന്റെ ആഘാതമേറ്റും.

Karnataka election BJP JDS

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE