
ബിജെപി–കോൺഗ്രസ്–ദൾ പോരാട്ടത്തിൽ തൂക്കുസഭയ്ക്കും സാധ്യതയെന്ന പ്രവചനങ്ങൾക്കിടെ, കർണാടകയുടെ ഭരണഭാവി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 224 മണ്ഡലങ്ങളിലേക്ക് 10ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ രാവിലെ ഒൻപതിനകം പുറത്തുവരും. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം.
ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സർക്കാർ രൂപീകരണത്തിൽ പങ്കുവഹിക്കാൻ അവസരം ലഭിച്ചാൽ ദൾ വലിയ വിലപേശൽ നടത്തുമെന്നുറപ്പ്.