കിങ് മേക്കര്‍ ഡി.കെ 'കിങ്' ആകുമോ? ആരാണ് ഡി.കെ.ശിവകുമാര്‍

Specials-DK
SHARE

ബിജെപി ഒഴുക്കിയ പണവും ഇലക്ഷന്‍ മെഷിനറിയും ദേശീയ നേതാക്കളുടെ ഗ്ലാമറും കര്‍ണാടകയില്‍ ക്ലിക്കായില്ലെങ്കില്‍ അതിന് പ്രധാന കാരണം ഈ കണ്ട മനുഷ്യനാണ്. ദൊഡ്ഢഹള്ളി കെംപെഗൗഡ ശിവകുമാര്‍. പാര്‍ട്ടിക്കാരും നാട്ടുകാരും എതിരാളികളും ഒക്കെ ഡി.കെ എന്നുവിളിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍. ഈ തിരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തിന്റെ മൂല്യം 1358 കോടി. അഞ്ചുവര്‍ഷം കൂടുമ്പോള്‍ കര്‍ണാടകയിലെ ജനങ്ങള്‍ പ്രതിപക്ഷത്തെ അധികാരത്തില്‍ എത്തിക്കാറുണ്ട് എന്നൊക്കെ പറഞ്ഞ് ചെറുതാക്കാന്‍ കഴിയില്ല, ‍ഡികെയു‌ടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൈവരിച്ച വിജയം. കാരണം മറുപക്ഷത്ത് സര്‍വസന്നാഹങ്ങളുമായി നേരിട്ടിറങ്ങിയത് മോദിയായിരുന്നു. ആരാണ് ഡികെ? കനകപുരയിലെ ഒരു സാധാരണ കര്‍ഷക കുടുംബാംഗം എങ്ങനെയാണ് ഈ ഉയരത്തിലെത്തിയത്, രാഷ്ട്രീയത്തില്‍ അതിപ്രധാനിയും അതിസമ്പന്നനുമായത്? വിഡിയോ കാണാം. 

മേയ് 15ന്, അതായത് മറ്റന്നാളാണ് ഡി.കെ.ശിവകുമാറിന്റെ ജന്മദിനം. 61 വര്‍ഷം മുന്‍പ് ബംഗളൂരു റൂറല്‍ ജില്ലയിലെ കനകപുരയില്‍ സാധാരണ വൊക്കലിഗ കുടുംബത്തിലാണ് ഡികെ ജനിച്ചത്. കെംപഗൗഡയുടെയും ഗൗരമ്മയുടെയും മകന്‍. കര്‍ണാടകയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് ലോക്സഭാംഗം ഡി.കെ.സുരേഷ് സഹോദരനാണ്. ഇന്ന് അറുപതുപിന്നിട്ട മിക്ക നേതാക്കളെയും പോലെ ഡികെയും വിദ്യാര്‍ഥികളെ നയിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അരങ്ങേറ്റം 1985ലായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സാക്ഷാല്‍ എച്ച്.ഡി.ദേവഗൗഡക്കെതിരെ. സാത്തന്നൂര്‍ മണ്ഡലത്തില്‍ ഗൗ‍ഡയോട് തോറ്റു. പക്ഷേ പിന്നീടൊരിക്കലും ഒരു തിരഞ്ഞെടുപ്പിലും ഡി.കെ തോറ്റിട്ടില്ല. 

DK Shivakumar(6)

1989ല്‍ സാത്തന്നൂരില്‍ വീണ്ടും മല്‍സരിച്ച് ജയിച്ച ശിവകുമാര്‍ മുപ്പതാം വയസില്‍ ബംഗാരപ്പ മന്ത്രിസഭയില്‍ മന്ത്രിയായി. ജയില്‍ വകുപ്പായിരുന്നു ചുമതല. 1999ലെ തിരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ മകന്‍ എച്ച്.ഡി.കുമാരസ്വാമിയെ സാത്തന്നൂരില്‍ തോല്‍പ്പിച്ചു. അവിടെയാണ് ദേവഗൗഡ കുടുംബവും ശിവകുമാറും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന വൈരത്തിന്റെ തുടക്കം. എസ്.എം.കൃഷ്ണ മന്ത്രിസഭയില്‍ നഗരവികസന, സഹകരണ വകുപ്പുകളുടെ മന്ത്രിയായതോടെ ഡി.കെയുടെ സമയം തെളിഞ്ഞു. രാഷ്ട്രീയത്തില്‍ മാത്രമല്ല, ബിസിനസിലും.

നിയമസഭ, ലോക്സഭാതിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടന്ന 2004ല്‍, കനകപുര ലോക്സഭാ സീറ്റില്‍, ടിവി റിപ്പോട്ടര്‍ തേജസ്വിനി ഗൗഡയെ നിര്‍ത്തി എച്ച്.ഡി.ദേവഗൗഡയെ തോല്‍പിച്ചത് ഡികെ ആയിരുന്നു. നിയമസഭയിലേക്ക് ജയിച്ച ഡികെയെ കോണ്‍ഗ്രസ്–ജനതാദള്‍ സര്‍ക്കാരില്‍ നിന്ന് പുറത്തുനിര്‍ത്തി പകതീര്‍ത്തു ദേവഗൗ‍ഡ.

DK Shivakumar MLA

2013ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ശിവകുമാര്‍ മന്ത്രിയായി. 2014 ലോക്സഭ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയപ്പോഴും സഹോദരന്‍ ഡി.കെ.സുരേഷിന്റെ വിജയം ഉറപ്പിച്ചു ശിവകുമാര്‍. 2018ല്‍ തിരഞ്ഞെടുപ്പിലും ഡി.കെ. മാജിക് വഴി ബിജെപിയെ പുറത്തിരുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. നീണ്ടകാലത്തെ വൈരം വെടിഞ്ഞ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയാണ് അത് സാധിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചതിച്ചതോടെ സര്‍ക്കാരിന് ആയുസുണ്ടായില്ല.

എംഎല്‍എമാര്‍ കൂടുതലുള്ളതുകൊണ്ടുമാത്രം അധികാരം കിട്ടില്ലെന്ന് പലകുറി തെളിയിക്കപ്പെട്ട കാലത്ത്, ബിജെപിയുടെ തന്ത്രങ്ങള്‍ തടയാന്‍ പോന്ന കൗശലമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ അപൂര്‍വമാണ്. അവരില്‍ ഇന്ന് ഏറ്റവും മുന്‍നിരയില്‍ ഡി.കെ. ഉണ്ട്. കര്‍ണാടകയില്‍ മാത്രമല്ല, മഹാരാഷ്ട്രയിലും മോദിയും‌ടെ ഗുജറാത്തിലും വരെ അതിന്റെ വില കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതാണ്. 

DK Shivakumar(1)

സിദ്ധരാമയ്യക്ക് പ്രതിച്ഛായയുണ്ട്. ജനപിന്തുണയുണ്ട്. ഡികെ ജനകീയനാണെന്ന് മാത്രമല്ല പ്രായോഗികവാദിയും കഠിനാധ്വാനിയുമാണ്. ദേശീയനേതൃത്വവുമായി അടുത്ത ബന്ധം. അതേസമയം താഴേത്തട്ടിലുള്ള പ്രവര്‍ത്തകന് ആവേശം പകരാനും കഴിയും. എതിരാളികളുടെ നീക്കങ്ങള്‍ അവര്‍ക്കുമുന്നേ അനുമാനിക്കാനും തിരിച്ചടിക്കാനുമുള്ള കഴിവുകൂടി ചേരുമ്പോള്‍ ഡി.കെ. ഒരു ബ്രാന്‍ഡ് തന്നെയായി മാറുന്നു. 2017ല്‍ ബിജെപിയുടെ ചാക്കിട്ടുപിടുത്തം തടയാന്‍ ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവിലെത്തിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചതും അതേ വര്‍ഷം അമിത് ഷായുടെ തന്ത്രങ്ങള്‍ മറികടന്ന് അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ വിജയം ഉറപ്പിച്ചതും ഡികെ മാജിക്. എംഎല്‍എമാര്‍ താമസിച്ച റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. 2002ല്‍ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാര്‍ അവിശ്വാസപ്രമേയം നേരിട്ടപ്പോഴും ഡികെ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 2018 ല്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിയില്‍ നിന്ന് ജെഡിഎസിനെ കൂട്ടുപിടിച്ച് അധികാരം തട്ടിയെടുത്ത് ഡികെ രാജ്യത്തെപ്പോലും അമ്പരപ്പിച്ചു.

രാഷ്ട്രീയത്തില്‍ വളരുന്തോറും ഒരുഭാഗത്ത് ഡികെയുടെ സമ്പത്തും കുമിഞ്ഞുകൂടി. അതുതന്നെയാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധവും. ദിവസേനയെന്നോണം ആദായനികുതി നോട്ടിസുകള്‍, റെയ്ഡുകള്‍, കേസുകള്‍, ഇഡി അന്വേഷണങ്ങള്‍. 2019ല്‍ റജിസ്റ്റര്‍ ചെയ്ത പണം തിരിമറിക്കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. 50 ദിവസമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. 75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന സിബിഐ കേസ് അടക്കം നിരവധി നിയമക്കുരുക്കുകള്‍ ഇപ്പോഴും തലയ്ക്കുമീതെയുണ്ട്. അറസ്റ്റും ജയില്‍വാസവും 2018ലെ അട്ടിമറിക്കുള്ള രാഷ്ട്രീയപ്രതികാരമാണെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. സിബിഐ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും പ്രശ്നം അവസാനിച്ചിട്ടില്ല. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. 

തിഹാര്‍ ജയിലില്‍ വച്ചാണ് ഡി.കെ താടിവളര്‍ത്താന്‍ തുടങ്ങിയത്. 2022 ജനുവരിയില്‍ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാരംഭിച്ച പദയാത്രയ്ക്ക് മുന്‍പ് ഡികെ പറഞ്ഞ ഒരു വാചകമുണ്ട്. മുഖ്യമന്ത്രിയായശേഷമേ ഞാന്‍ ഈ താടി വടിക്കൂ. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മാത്രമേ എന്നെ അതിന് സഹായിക്കാന്‍ കഴിയൂ. ജനങ്ങള്‍ സഹായിച്ചു. പക്ഷേ ഡികെയ്ക്കും മുഖ്യമന്ത്രിപദവിക്കും ഇടയില്‍ പതിവുപോലെ ഒരുതടസമുണ്ട്. സിദ്ധരാമയ്യ. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവ്. ഇവര്‍ക്കിടയിലുള്ള ചെറുനീരസം പോലും ബിജെപിക്ക് വലിയ പ്രതീക്ഷയാണ്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് ജയിച്ചതിനേക്കാള്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ഭാരമാകാന്‍ പോകുന്നത്. ഡികെ കിങ്മേക്കര്‍ ആയി തുടരുമോ കിങ് ആകുമോ? നമുക്ക് കാണാം.

Story Highlights: D. K. Shivakumar, Karnataka Assembly election, 2023

MORE IN KARNATAKA ASSEMBLY ELECTION 2023
SHOW MORE
Loading...