
കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യമില്ലെന്നു ജനതാദള്‍-എസ്. നേതാവ് എച്ച്.ഡി.കുമാരസ്വാമി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനുശേഷം ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ലെന്ന രൂക്ഷവിമര്‍ശനവുമായി കുമാരസ്വാമി രംഗത്തെത്തിയത്. അതേസമയം പ്രചാരണത്തിനിടെ പണം വിതരണം ചെയ്തതിനു കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബുധനാഴ്ച കോലാറില്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ച് വമ്പന്‍ പരിപാടി നടത്തി പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്
മികച്ച പ്രകടനം നടത്തുമെന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ക്യാംപില്‍ ഉണര്‍വ് പ്രകടമാണ്. രാഹുല്‍ഗാന്ധി കൂടി എത്തുന്നതോടെ പ്രചാരണം ടോപ് ഗിയറിലേക്കു മാറുമെന്നാണു നേതാക്കന്‍മാരുടെ വിശദീകരണം. എം.പി.സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയ പ്രസംഗം നടത്തിയ അതേസ്ഥലത്ത് ഒരിക്കല്‍കൂടി രാഹുലിനെ എത്തിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ കൂടി ചര്‍ച്ചയാക്കാനാണ്.
2018ലേതുപോലെ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു കുമാരസ്വാമി തുറന്നടിച്ചതോടെ ജെ.ഡി.എസ്. ശ്കതികേന്ദ്രങ്ങളായ പഴയ മൈസുരു മേഖലയില്‍ മത്സരം കനക്കുമെന്നുറപ്പായി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലന്നാണു ജെ.ഡി.എസ്. നിലപാട്. മണ്ഡ്യ ശ്രീരംഗപട്ടണത്ത് രണ്ടുദിവസം മുന്‍പു നടന്ന റാലിയില്‍ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ വോട്ടര്‍മാര്‍ക്കു പണം നല്‍കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കോണ്‍ഗ്രസിനു തിരിച്ചടിയായി. വോട്ടര്‍മാര്‍ക്ക് സാരിയും പാത്രങ്ങളും വിതരണം ചെയ്തതിനു ലിംഗായത്ത് നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ 90കാരന്‍ ശാമന്നൂര്‍ ശിവശങ്കരപ്പയ്ക്കും മകനുമെതിരെ ദാവനരെ പൊലീസ് കേസെടുത്തു. 7ലക്ഷം രൂപ വിലവരുന്ന സാരികളും പാത്രങ്ങളും പിടിച്ചെടുത്തതിനു പിറകെയാണു നടപടി.