
രാഹുല്‍ഗാന്ധി കര്‍ണാടക തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനിറങ്ങുന്നത് തടയാനുറച്ച് ബി.ജെ.പി. കോവിഡ് കാലത്ത് രാഹുല്‍ കര്‍ണാടകയ്ക്കായി എന്തുചെയ്തുവെന്ന മറുപ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തി. ബസവരാജ് ബൊമ്മെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍, കുമാരസ്വാമി-സിദ്ധരാമയ്യ സര്‍ക്കാരുകളുടെ കാലത്തെ അഴിമതിക്കേസുകള്‍ ഉയര്‍ത്തി പ്രതിരോധിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഞായറാഴ്ച കോലാറില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടി വന്‍ വിജയമാക്കാന്‍ കോണ്‍ഗ്രസ് അരയും തലയും മുറുക്കി രംഗത്തിറങ്ങവേയാണു
മറുതന്ത്രവുമായി ബി.ജെ.പി ക്യാംപും സജീവമാകുന്നത്. കോവിഡ് കാലത്തു കര്‍ണാടയ്ക്കും സ്വന്തം മണ്ഡലമായ വയനാടിനും വേണ്ടി എന്തുചെയ്തുവെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന പ്രചാരണം കോണ്‍ഗ്രസും കരാറുകാരുമായി ചേര്‍ന്നുണ്ടാക്കിയതാണ്. ഇതുവരെ ഒരുകേസ് പോലും കരാറുകള്‍ക്കു കമ്മീഷന്‍ വാങ്ങിയന്നതിന്റെ പേരില്‍ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.
അഴിമതിക്കെതിരെ കര്‍ശന നിലപാടുള്ളതുമൂലമാണു സ്വന്തം എംഎല്‍.എയായ വിരുപാക്ഷപ്പ നിലവില്‍ ജയിലില്‍ കഴിയുന്നതെന്ന പ്രചാരണവും ബി.ജെ.പി. സജീവമാക്കുന്നുണ്ട്. കോണ്‍ഗ്രസിനു മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലങ്ങളില്‍ കാര്യമില്ലെന്നും അവസാന നിമിഷം ബി.ജെ.പി അനുകൂല ട്രെന്‍ഡ് ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.
വമ്പന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കിയ ബൊമ്മെ –മോഡി ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരെന്ന പ്രചാരണമാണു ബി.ജെ.പി ഉയര്‍ത്തുന്നത് ഒപ്പം കൃത്യമായ ആസൂത്രണത്തോടെയുള്ള സോഷ്യല്‍ എന്‍ജിനിയറിങ് കൂടിയാകുമ്പോള്‍ ഭരണ വിരുദ്ധ വികാരത്തെ മറികടക്കാമെന്നാണു ബിജെ.പി ക്യാംപിന്റെ കണക്കുകൂട്ടല്‍.