
കര്‍ണാടകയില്‍ ബിജെപിക്ക് സീറ്റുനിര്‍ണയം കീറാമുട്ടിയാകുന്നു. കോണ്‍ഗ്രസും ജെഡിഎസും ആദ്യഘട്ട പട്ടിക പുറത്തിറക്കിയിട്ടും ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്. 2019ല്‍ കൂറുമാറി എത്തിയവര്‍ക്കുള്ള സീറ്റിനെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം. ബെംഗളൂരുവില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയിലും തീരുമാനമുണ്ടായില്ല.
2019 ല്‍ ഓപ്പറേഷന്‍ താമര വഴി കൂറുമാറിയെത്തിയ ജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെ ചൊല്ലിയാണു തര്‍ക്കം. കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ മുന്നില്‍ നിന്ന രമേശ് ജാര്‍ക്കഹോളി തന്റെ അനുയായികള്‍ക്കായി കടുംപിടിത്തം തുടരുകയാണ്. തനിക്കൊപ്പം എത്തിയ മഹേഷ് കുമത്തള്ളി, ശ്രീമന്ത് പാട്ടീല്‍ എന്നിവര്‍ക്ക് അത്തണി, കാഗ്‍വാഡ് സീറ്റുകളാണു ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവഡിയും അത്തണിക്കായി രംഗത്തുണ്ട്. തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞദിവസം കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു ബി.എസ്.യെഡിയൂരപ്പ ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണു ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകാന്‍ കാരണം.
ബെളഗാവി റൂറല്‍ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ. ലക്ഷ്മി ഹെബ്ബാള്‍ക്കറെ ചൊല്ലി ഡി.കെ. ശിവകുമാറുമായുണ്ടായ തര്‍ക്കമാണു രമേശ് ജാര്‍ക്കഹോളി പാര്‍ട്ടി വിടുന്നതിനിടെയാക്കിയത്. ഇവിടെ നാഗേഷ് മന്നോര്‍ക്കറെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും രമേശ് ഉയര്‍ത്തുന്നുണ്ട്. തര്‍ക്കങ്ങള്‍ തീര്‍ത്ത് ശനിയാഴ്ചയോടെ അന്തിമ പട്ടിക പുറത്തിറങ്ങിയേക്കുമെന്നണ് സൂചന.
BJP's candidate announcement is delayed