കിവീസിനോട് 18 റൺസിന് വീണു; ഇന്ത്യ പൊരുതിത്തോറ്റു

kiwis-jadeja-2
SHARE

ആവേശം അവസാന ഓവർ വരെ കൂട്ടിനെത്തിയ സെമി പോരാട്ടത്തിൽ ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പ് ഫൈനൽ കാണാതെ പുറത്ത്. മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട സെമി പോരാട്ടത്തിൽ 240 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറിൽ 221 റൺസിന് എല്ലാവരും പുറത്തായി. തോൽവി 18 റൺസിന്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ സെമിയിൽ മടങ്ങുന്നത്. ന്യൂസീലൻഡ് ആകട്ടെ, തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിനും യോഗ്യത നേടി. 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 37 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്നു മുൻനിര വിക്കറ്റുകൾ പിഴുത മാറ്റ് ഹെൻറിയാണ് കളിയിലെ കേമൻ.

മുൻനിര ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ കൂടാരം കയറിയതോടെ തോൽവി ഉറപ്പിച്ച ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മഹേന്ദ്രസിങ് ധോണി – രവീന്ദ്ര ജഡേജ സഖ്യം മോഹം സമ്മാനിച്ചതാണ്. എന്നാൽ, അവസാന ഓവറുകളിൽ കൂടിക്കൂടി വന്ന ഉയർന്ന റൺറേറ്റിന്റെ സമ്മർദ്ദത്തിൽ ഇരുവരും വമ്പനടികൾക്കു ശ്രമിച്ചു പുറത്തായി. ജഡേജ 59 പന്തിൽ 77 റൺസും ധോണി 72 പന്തിൽ 50 റൺസുമെടുത്തു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തു.

ന്യൂസീലൻഡ് ഉയർത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചു റൺസിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായപ്പോൾ തന്നെ മൽസരം തോറ്റു തുടങ്ങിയിരുന്നു. സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ രോഹിത് ശർമ (ഒന്ന്), അഞ്ചു റൺസ് ഉള്ളപ്പോൾ ക്യാപ്റ്റൻ വിരാട് കോലി (ഒന്ന്), ലോകേഷ് രാഹുൽ (ഒന്ന്) എന്നിവരാണ് പുറത്തായത്. ചെറുത്തുനിൽപ്പിനു ശ്രമിച്ച ദിനേഷ് കാർത്തിക് സ്കോർ ബോർഡിൽ 24 റൺസുള്ളപ്പോൾ പുറത്തായതോടെ തോൽവി ഉറപ്പിച്ചു. 25 പന്തിൽ ആറു റൺസായിരുന്നു കാർത്തിക്കിന്റെ സമ്പാദ്യം. ചെറുത്തുനിൽപ്പിനു ശ്രമിച്ച ഋഷഭ് പന്ത് (56 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (62 പന്തിൽ 32) എന്നിവർ ക്ഷമ കാട്ടാതെ പുറത്തായതോടെ ഇന്ത്യയും ചിത്രത്തിൽനിന്ന് പുറത്തായതാണ്.

എന്നാൽ, ഏഴാം വിക്കറ്റിൽ അപ്രതീക്ഷിത പോരാട്ടവുമായി തകർത്തടിച്ച രവീന്ദ്ര ജഡേജ മഹേന്ദ്രസിങ് ധോണി സഖ്യം ഇന്ത്യയുടെ ‘ചത്ത’ മോഹങ്ങളെ പുനരുജ്ജീവിപ്പിച്ചു. അർധസെഞ്ചുറി, സെഞ്ചുറി കൂട്ടുകെട്ടുകളിലൂടെ ഇന്ത്യൻ മോഹങ്ങളെ വളർത്തിവലുതാക്കിയ ഇരുവർക്കും അവസാന ഓവറുകളിൽ കാലിടറിയതോടെ ഇന്ത്യ തോൽവി സമ്മതിച്ചു. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 37 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ട്രന്റ് ബോൾട്ട് 10 ഓവറിൽ രണ്ടു മെയ്ഡൻ ഓവറുകൾ സഹിതം 42 റൺസ് വഴങ്ങിയും മിച്ചൽ സാന്റ്നർ 10 ഓവറിൽ രണ്ടു മെയ്ഡനുകൾ സഹിതം 34 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസൻ 10 ഓവറിൽ 43 റൺസ് വഴങ്ങിയും ജിമ്മി നീഷാം 7.3 ഓവറിൽ 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...