താരമായി ഷാക്കിബ്; പ്രതീക്ഷകൾ നെയ്ത് ബംഗാൾ കടുവകൾ

shakib
SHARE

ഓള്‍റൗണ്ട് മികവിലൂടെ ഈ ലോകകപ്പിന്‍റെ താരമായി മാറുകയാണ് ഷാക്കിബ് അല്‍ ഹസന്‍. ഷാക്കിബിന്‍റെ കരുത്തിലാണ് ഇത്തവണ ബംഗ്ലദേശ് ലോകകപ്പ് സെമി സ്വപ്നം കാണുന്നതും. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ അര്‍ധ സെഞ്ചുറിയും അഞ്ചു വിക്കറ്റും നേടി ഒരുപിടി ചരിത്രവും ഷാക്കിബ് തിരുത്തി. ആറുമത്സരങ്ങളില്‍ നിന്ന് 476 റണ്‍സും 10 വിക്കറ്റുമാണ് ഷാക്കിബ് നേടിയത്.

ആരും കൊതിച്ചു പോകുന്ന പ്രകടനമാണ് ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍റെത്. ബാറ്റും ബോളും ഉപയോഗിച്ച് ഒരുപോലെ ഇന്ദ്രജലാം കാണിക്കുകയാണ് ഷാക്കിബ്. ആറു മല്‍സരങ്ങളില്‍ നിന്ന് 476 റണ്‍സുമായി ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് ഷാക്കിബ്. പത്തു വിക്കറ്റുമായി ബോള‍ര്‍മാരുടെ കണക്കുകളിലും ഷാക്കിബ് ഉണ്ട്.

ആറു കളികളി‍ല്‍ രണ്ടു സെഞ്ച്വറിയും മൂന്നു അര്‍ധ സെഞ്ച്വറിയും ഷാക്കിബ് നേടിക്കഴിഞ്ഞു. സതാംപ്ടണില്‍ അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഓള്‍ റൗണ്ട് പ്രകടനങ്ങളിലൊന്നാണ് ഷാകിബ് പുറത്തെടുത്തത്.  അര്‍ധ സെഞ്ചുറിയും അഞ്ച് വിക്കറ്റും. ബോളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ പൊരുതി നേടിയ 51 റണ്‍സിന് മൂല്യമേറെയാണ്. ഷാക്കിബിന്‍റെ സ്പിന്നിനു മുന്നില്‍ മറുപടിയില്ലാതെ അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ കറങ്ങി വീണു.

അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തോടെ ഒരുപിടി നേട്ടങ്ങളും ഷാക്കിബ് സ്വന്തമാക്കി. ലോകകപ്പില്‍ ആയിരം റണ്‍ തികയ്ക്കുന്ന ആദ്യ ബംഗ്ലദേശ് ബാറ്റ്സ്മാനായി ഷാക്കിബ്. ഒപ്പം അഞ്ചു വിക്കറ്റും അന്പത് റണ്‍സും നേടുന്ന ആദ്യ ബംഗ്ലതാരവും ഷാക്കിബ് തന്നെ. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഷാക്കിബിന് മുൻപ് യുവരാജ് സിങ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഈ ലോകകപ്പിന്‍റെ താരം ഷാക്കിബ് ആണെന്ന് ആരാധകര്‍ തുറന്നു സമ്മതിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ബംഗ്ലദേശിന് ഇനിയും മൂന്നുകളികളുണ്ട്. ഈ മല്‍സരങ്ങളിലും ഷാക്കിബിന്‍റെ ബാറ്റും ബോളും അല്‍ഭുതം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാ ആരാധകര്‍.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...