ന്യൂസീലൻഡിനെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം; ബാബർ അസമിന് സെഞ്ചുറി

babar-azam-2
SHARE

ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരെ പാക്കിസ്ഥാന് ആറ് വിക്കറ്റ് ജയം. ന്യൂസീലൻഡ് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ പാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ബാബർ അസമിന്റെയും അർധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈലിന്റെയും മികവിലാണ് പാക്കിസ്ഥാന്റെ ജയം. 127 പന്തുകളിൽ‌നിന്ന് 101 റൺസെടുത്തു പുറത്താകാതെ നിന്നു. 124 പന്തുകളിൽനിന്നാണ് ഏകദിനത്തിലെ പത്താം സെഞ്ചുറിയും ലോകകപ്പിലെ ആദ്യ സെഞ്ചുറിയും താരം പൂർത്തിയാക്കിയത്. 

ഏകദിന ക്രിക്കറ്റിലെ 3000 റൺസെന്ന നേട്ടവും ബാബർ അസം ന്യൂസീലൻഡിനെതിരായ മൽസരത്തിൽ പൂര്‍ത്തിയാക്കി. ഹാരിസ് സുഹൈൽ അർധസെഞ്ചുറി നേടി. ഓപ്പണർമാരായ ഇമാമുൽ ഹഖ് (29 പന്തിൽ 19), ഫഖർ സമാന്‍ (10 പന്തിൽ 9), മുഹമ്മദ് ഹഫീസ് (50 പന്തിൽ 32), ഹാരിസ് സുഹൈൽ (76 പന്തിൽ 68) എന്നിവരാണ് പാക്കിസ്ഥാൻ നിരയിൽ പുറത്തായത്. ന്യൂസീലൻഡിനായി ട്രെൻഡ് ബൗൾട്ട്, ലോക്കി ഫെർഗൂസന്‍, കെയ്ൻ വില്യംസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡിനെ പാക്ക് ബോളർമാർ ആറ് വിക്കറ്റിന് 237 എന്ന സ്കോറിലേക്ക് എറിഞ്ഞൊതുക്കി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 83 എന്നനിലയിലായിരുന്നു ന്യൂസിലൻഡിന്റെ സ്കോർനില.  ആറാം വിക്കറ്റിൽ ജെയിംസ് നീഷാം (112 പന്തിൽ 97), കോളിൻ ഡി ഗ്രാൻഡ്ഹോം (71 പന്തിൽ 64) എന്നിവർ ചേർന്ന സെഞ്ചുറി കൂട്ടുകെട്ടാണ് ന്യൂസീലൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ന്യൂസീലൻഡിനായി ഇരുവരും അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍ 69 പന്തിൽനിന്ന് 41 റൺസെടുത്തു പുറത്തായി. യുവതാരം ഷാഹീൻ അഫ്രിദിയുടെ തകർപ്പൻ ബോളിങ്ങിന്റെ പിൻബലത്തിലാണ് പാക്കിസ്ഥാൻ കരുത്തരായ കിവീസിനെ പിടിച്ചുകെട്ടിയത്. ഓപ്പണർ കോളിൻ മൺറോ (17 പന്തിൽ 12), റോസ് ടെയ്‍ലർ (മൂന്ന്), ടോം ലാതം (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് അഫ്രിദി വീഴ്ത്തിയത്. 10 ഓവറിൽ 28 റൺസ് മാത്രം വിട്ടുനൽകിയാണ് അഫ്രിദിയുടെ വിക്കറ്റുനേട്ടം. മിച്ചൽ സാന്റ്നർ 5 റൺസുമായി നീഷമിനൊപ്പം കിവീസ് നിരയിൽ പുറത്താകാതെ നിന്നു.

ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 43 റണ്‍സ് എടുക്കുന്നതിനിടെ ന്യൂസീലൻഡിന്റെ നാല് വിക്കറ്റുകൾ പാക്കിസ്ഥാൻ വീഴ്ത്തി. അഞ്ച് റൺസിൽ നിൽക്കെ മാർട്ടിൻ ഗപ്ടിലിനെ വീഴ്ത്തി മുഹമ്മദ് ആമിറാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി ഷാഹീൻ അഫ്രിദി ന്യൂസീലൻഡ് മധ്യനിരയെ തകർത്തുവിട്ടു. എന്നാൽ ജെയിംസ് നീഷം– കോളിൻ ഡി ഗ്രാൻ‍ഡ് ഹോം കൂട്ടുകെട്ട് ന്യൂസീലൻഡിനു രക്ഷയായി. ഇരുവരും ചേർന്ന് ന്യൂസീലൻഡ് സ്കോർ 200 കടത്തി. അർധ സെഞ്ചുറി നേടിയ ഗ്രാൻഡ്ഹോം റണ്ണൗട്ടാകുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിർ, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...