ഷമിയും ബുമ്രയും കസറി; വിൻഡീസിനെ 125 റൺസിന് തകർത്ത് ടീം ഇന്ത്യ

kohli-team-india-2
SHARE

ലോകകപ്പ് പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 125 റൺസിനാണ് ടീം ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 269 റൺസ് പിന്തുടർന്ന വിൻ‍ഡീസ് 34.2 ഓവറിൽ 143 റൺസിന് പുറത്തായി. മുഹമ്മദ് ഷമിയുടെയും ബുമ്രയുടേയും കൃത്യതയാർന്ന ബോളിങ്ങാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. റൺ അടിസ്ഥാനത്തിൽ ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ആതിഥേയരായ ഇംഗ്ലണ്ട് അഫ്ഗാനെതിരെ നേടിയ 150 റൺസിന്റെ വിജയം മാത്രം മുന്നിൽ. ഇതോടെ ഏഴു മൽസരങ്ങളിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ ഓസീസിനു മാത്രം പിന്നിൽ രണ്ടാമതെത്തി. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ ഇക്കുറി സെമി കളിക്കുമെന്നും ഉറപ്പായി.

വിൻഡീസിനായി ക്രിസ് ഗെയ്ൽ (19 പന്തിൽ ആറ്), സുനിൽ ആംബ്രിസ് (40 പന്തിൽ 31), ഷായ് ഹോപ്പ് (10 പന്തിൽ അഞ്ച്), നിക്കോളാസ് പുരാൻ (50 പന്തിൽ 28) ഷിമ്രോൺ ഹെറ്റ‌്‌മെയർ (14), കെമർ റോച്ച് (14) റൺസെടുത്തു. ഷമി നാലും ബുമ്രയും ചഹലും രണ്ടും ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 268 റൺസെടുത്തത്. നങ്കൂരമിട്ടു കളിച്ച ക്യാപ്റ്റൻ വിരാട് കോലി, അവസാന ഓവറിൽ ഇരട്ട സിക്സുമായി ആരാധകരെ ആവേശത്തിലാഴ്ത്തിയ മഹേന്ദ്രസിങ് ധോണി എന്നിവരുടെ അർധസെഞ്ചുറികളും ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലിഷ് ലോകകപ്പിലെ തുടർച്ചയായ നാലാം മൽസരത്തിലും അർധസെഞ്ചുറി നേടി റെക്കോർഡിട്ട കോലി, 82 പന്തിൽ എട്ടു ബൗണ്ടറി സഹിതം 72 റൺസെടുത്താണ് പുറത്തായത്. കഴിഞ്ഞ മൽസരത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനു പഴി കേട്ട ധോണി, അവസാന ഓവറിലെ ഇരട്ട സിക്സ് സഹിതം 56 റൺസുമായി ഇക്കുറി പുറത്താകാതെ നിന്നു. 61 പന്തിൽ രണ്ടു സിക്സിനു പുറമെ മൂന്നു ബൗണ്ടറിയും ധോണി നേടി

ഓപ്പണർമാരായ ലോകേഷ് രാഹുൽ (64 പന്തിൽ 48), രോഹിത് ശർമ (23 പന്തിൽ 14), വിജയ് ശങ്കർ (19 പന്തിൽ 14) , കേദാർ ജാദവ് (10 പന്തിൽ 7) ഹാർദിക് പാണ്ഡ്യ (38 പന്തിൽ 46), ഷമി (പൂജ്യം) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. രോഹിത് ശർമയുടെയും വിജയ് ശങ്കറിന്റെയും കേദാർ ജാദവിന്റെയും വിക്കറ്റ് കെമർ റോച്ചിനാണ്. വിൻഡീസിനായി റോച്ച് മൂന്നും ജെയ്സൺ ഹോൾഡറും ഷെൽഡൺ കോട്രലും രണ്ടു വീതം വിക്കറ്റും വീഴ്ത്തി. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...