ഇന്ത്യക്ക് ആദ്യ തോൽവി; പാക്കിസ്ഥാനും ബംഗ്ലദേശിനും തിരിച്ചടി

dhoni-2
SHARE

ലോകകപ്പ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിച്ചു. ഇംഗ്ലിഷ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.

ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’ പൂർത്തിയാക്കിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 109 പന്തിൽ 102 റൺസെടുത്തു. ഈ ലോകകപ്പിൽ രോഹിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. തുടർച്ചയായ അഞ്ചാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോലി 76 പന്തിൽ 66 റൺസെടുത്തു. ലോകേഷ് രാഹുൽ (പൂജ്യം), ഋഷഭ് പന്ത് (29 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 45) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മഹേന്ദ്രസിങ് ധോണി 31 പന്തിൽ 42 റൺസോടെയും കേദാർ ജാദവ് 13 പന്തിൽ 12 റൺസോടെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 55 റൺസ് വഴങ്ങി മൂന്നും ക്രിസ് വോക്സ് 10 ഓവറിൽ 58 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

ഈ തോൽവി ഇന്ത്യയുടെ സെമി സാധ്യതകളെ കാര്യമായി ബാധിക്കില്ലെങ്കിലും ഉപഭൂഖണ്ഡത്തിൽനിന്നുള്ള പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളുടെ സെമി സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. തോറ്റാൽ ഏറെക്കുറെ പുറത്താകുമെന്ന നിലയിൽ ഇന്ത്യയെ നേരിട്ട ഇംഗ്ലണ്ട് ആകട്ടെ, ഈ വിജയത്തോടെ െസമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്തു. അടുത്ത മൽസരത്തിൽ ന്യൂസീലൻഡിനെയും തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്. തകർപ്പൻ സെഞ്ചുറിയുമായി ബർമിങ്ങാമിൽ റൺമഴ പെയ്യിച്ച ജോണി ബെയർസ്റ്റോയുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇന്നിങ്സിലെ ഹൈലൈറ്റ്. ബെയർസ്റ്റോ 109 പന്തിൽ 10 ബൗണ്ടറിയും ആറു സിക്സും സഹിതം 111 റൺസെടുത്തു. തകർപ്പൻ അർധസെഞ്ചുറികളുമായി ഓപ്പണർ ജെയ്സൺ റോയി (57 പന്തിൽ 66), ബെൻ സ്റ്റോക്സ് (54 പന്തിൽ 79) എന്നിവരും ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തു പകർന്നു. ഈ ലോകകപ്പിൽ ഇന്ത്യൻ ബോളറുടെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബോളർമാരിലെ ഹീറോ. 10 ഓവറിൽ 69 റൺസ് വഴങ്ങിയാണ് ഷമി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...