വിൻഡീസിന്റെ അടിവേരിളക്കി റൂട്ട്, ഇംഗ്ളണ്ടിനു 8 വിക്കറ്റ് ജയം

CRICKET-WORLDCUP-ENG-WIN/
SHARE

ബുദ്ധിശൂന്യമായ ബാറ്റിങ്ങും മൂർച്ചയില്ലാത്ത ബോളിങ്ങുമായി സമ്പൂർണ നിരാശ സമ്മാനിച്ച വെസ്റ്റിൻഡീസിന് ലോകകപ്പിലെ ‘ഇംഗ്ലിഷ് പരീക്ഷ’യിൽ കനത്ത തോൽവി. ആതിഥേയരായ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിനാണ് വിൻഡീസ് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ശ്രദ്ധയോടെ ബാറ്റേന്തിയ ഇംഗ്ലണ്ട്, 33.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇംഗ്ലിഷ് ഓപ്പണർ ജോ റൂട്ട് (94 പന്തിൽ 100) സെഞ്ചുറി നേടി

ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലുമെല്ലാം സാന്നിധ്യമറിയിച്ച ജോ റൂട്ടിന്റെ ഔൾറൗണ്ട് മികവിലാണ് കരീബിയൻ കരുത്തിനെ മറികടന്ന് ഇംഗ്ലണ്ട് ഈ ലോകകപ്പിലെ മൂന്നാം ജയം കുറിച്ചത്. അഞ്ച് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയ റൂട്ട്, രണ്ടു ക്യാച്ചും, ഓപ്പണറായിറങ്ങി നേടിയ സെഞ്ചുറിയും സഹിതം ഔൾറൗണ്ട് പ്രകടനം ഗംഭീരമാക്കി. 94 പന്തിൽ 11 ബൗണ്ടറി സഹിതം 100 റൺസെടുത്ത റൂട്ട് പുറത്താകാതെ നിന്നു. ഫീൽഡിങ്ങിനിടെ പരുക്കേറ്റ ജേസൺ റോയിക്കു പകരക്കാരനായാണ് റൂട്ട് ഇക്കുറി ഓപ്പണറുടെ വേഷത്തിലെത്തിയത്. റോയിക്കു പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗനും ഫീൽഡിങ്ങിനിടെ പരുക്കേറ്റു തിരിച്ചുകയറി.

ഈ വിജയത്തോടെ നാലു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കു കയറി. ഓസീസിനും ആറു പോയിന്റുണ്ടെങ്കിലും റൺറേറ്റിലെ മേധാവിത്തമാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. നാലു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ന്യൂസീലൻഡ് ഒന്നാം സ്ഥാനത്തു നിൽക്കുന്നു. മൂന്നു മൽസരങ്ങളിൽനിന്ന് അഞ്ചു പോയിന്റുമായി നാലാമതാണ് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണിങ് വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ട് സമ്മാനിച്ച് റൂട്ട് – ബെയർസ്റ്റോ സഖ്യം ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. 46 പന്തിൽ 45 റൺസെടുത്ത ജോണി ബെയർസ്റ്റോ ഗബ്രിയേലിന്റെ പന്തിൽ കാർലോസ് ബ്രാത്ത്‍വെയ്തിന് ക്യാച്ച് നൽകിയാണു പുറത്തായത്. 

പിന്നാലെയെത്തിയ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലിഷ് സ്കോർ ഉയർത്തി. ഇംഗ്ലണ്ട് സ്കോർ 199ല്‍ നിൽക്കെ ഗബ്രിയേലിനു തന്നെ രണ്ടാം വിക്കറ്റ് നൽകി ക്രിസ്‍വോക്സ് പുറത്തായി. 54 പന്തുകൾ നേരിട്ട ക്രിസ്‍വോക്സ് 40 റൺസെടുത്തു. തുടര്‍ന്ന് ബെൻസ്റ്റോക്സും റൂട്ടും ചേർന്ന് 101 പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ടിനായി വിജയറൺസ് കുറിച്ചു. ബെൻ സ്റ്റോക്സ് പുറത്താകാതെ 10 റൺസെടുത്തു. ഏഴ് വിൻഡീസ് താരങ്ങൾ ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞെങ്കിലും ഷാനൻ ഗബ്രിയേലിനൊഴികെ മറ്റാർക്കും വിക്കറ്റ് നേടാനായില്ല. ഗബ്രിയേൽ 2 വിക്കറ്റുകൾ വീഴ്ത്തി.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...