ഇന്ത്യയ്ക്കെതിരായ തോൽവി; പാകിസ്ഥാൻ ടീമിൽ തമ്മിലടി; ആരാധകരും കൈവിട്ടു

pak-india-worldcup
SHARE

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ടീമിനെതിരെ ആരോപണവുമായി പാക് മാധ്യമങ്ങള്‍ രംഗത്ത്. ടീമില്‍ ഗ്രൂപ്പ് പോരാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് ഇമാദ് വസീമിനേയും ഇമാം ഉള്‍ ഹഖിനേയും കുറ്റപ്പെടുത്തിയതായി പാക് ചാനലായ സമയാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഇരുവരും തനിക്ക് പിന്തുണ നല്‍കിയില്ലെന്നും ടീമില്‍ ഗ്രൂപ്പുണ്ടാക്കുകയാണെന്നും സര്‍ഫറാസ് ആരോപിച്ചു. എന്നാല് മറ്റൊരു ടെലിവിഷന്‍ ചാനലായ ദുനിയയുടെ ആരോപണം ക്രിക്കറ്റ് ടീമില്‍ പേസ് ബോളര്‍ മുഹമ്മദ് ആമിറിന്റേയും ഇമാദ് വസീമിന്റേയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നാണ്. ഇവരാണ് ക്യാപ്റ്റനെ ചതിച്ചതെന്നും ദുനിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സീനിയര്‍ താരങ്ങളിലൊരാളായ ഷൊഹൈബ് മാലിക്കും ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും ദുനിയ ആരോപിക്കുന്നു.  

ടീം അംഗങ്ങളുമായി ചില വാര്‍ത്താ ഏജന്‍സികള്‍ ബന്ധപ്പെട്ടപ്പോള്‍ താരങ്ങള്‍ അത്തരമൊരു ആരോപണം നിഷേധിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ നേരിട്ട് ചില താരങ്ങളെ കുറ്റപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരും ടീമിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മല്‍സരത്തലേന്ന് ഷൊഹൈബ് മാലിക്കും വഹാബ് റിയാസും ഇമാം ഉള്‍ ഹഖും അടക്കമുള്ളവര്‍ പാതിരാത്രി വരെ മാഞ്ചസ്റ്ററിലെ കഫേയിലിരിക്കുന്ന വീഡിയോയാണ് ആരാധകര്‍ പുറത്ത് വിട്ടത്. 

മാലിക്കിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നിസ് താരമായ സാനിയാ മിര്‍സയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 

മാലിക്കിനും സാനിയയ്ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ ആരാധകരോഷമാണ് അലയടിക്കുന്നത്. എന്നാല്‍ ആരാധകര്‍ പുറത്ത് വിട്ട വീഡിയോ രണ്ട് ദിവസം മുന്‍പത്തേതാണെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാലിക്പറഞ്ഞു. അതേ സമയം ടീമിനെ പിന്തുണച്ച് മുന്‍ നായകന്‍ മോയിന്‍ ഖാന്‍ രംഗത്തെത്തി. ടീം പ്രതിസന്ധയിലായിരിക്കുമ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡാണ് ക്യാപ്റ്റനേയും കളിക്കാരേയും പിന്തുണയ്ക്കേണ്ടതെന്നും കത്തിയെടുക്കാന്‍ അവസരമൊരുക്കയല്ല ചെയ്യേണ്ടതെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. നേരത്തെ ഷൊഹൈബ് അക്‌തര്‍ അടക്കമുള്ളവര്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...