ഇംഗ്ളണ്ട് പൊരുതി വീണു, പാക്കിസ്ഥാനു 14 റൺസ് ജയം

pakistan-won
SHARE

ഒരു സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിൽ പാക്കിസ്ഥാൻ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ‘ധാരാളിത്തം’ കൊണ്ടും മറികടക്കാനാകാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികൾക്കു മുന്നിൽ നിരാശപ്പെടുത്തുന്ന തോൽവി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസെന്ന റെക്കോർഡ് ‘കപ്പിനും ചുണ്ടിനുമിടയിൽ’ നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് തോറ്റത് 14 റൺസിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ്. ഈ ലോകകപ്പിലെ ഉയർന്ന സ്കോറും ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാന്റെ ഉയർന്ന രണ്ടാമത്തെ സ്കോറും. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ട് (107), ജോസ് ബട്‍ലർ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. തോൽവി 14 റൺസിന്.

ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കായുള്ള കാത്തിരിപ്പിന് ആറാം മൽസരത്തിൽ ‘ഇരട്ട സെഞ്ചുറി’യുമായി ആഘോഷമായിത്തന്നെ വിരാമമിട്ടെങ്കിലും ഈ തോൽവി ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുമെന്ന് ഉറപ്പ്. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ ജോ റൂട്ടിനെ കൈവിട്ട ബാബർ അസമിനും ഇത് ആശ്വാസത്തിന്റെ നിമിഷം. ഈ ‘ലൈഫ്’ പ്രയോജനപ്പെടുത്തിയാണ് റൂട്ട് 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചത്. നാലിന് 118 എന്ന നിലയിൽനിന്ന് സെഞ്ചുറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കരകയറ്റിയ ജോ റൂട്ട് – ജോസ് ബട്‍ലർ സഖ്യം 39–ാം ഓവറിൽ സ്പിന്നർ ഷതാബ് ഖാൻ പൊളിച്ചതാണ് മൽസരത്തിൽ വഴിത്തിരിവായത്. റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ടിന് ബാറ്റിങ്ങിലെ ഒഴുക്ക് നഷ്ടമായി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ജോസ് ബട്‍ലറിനെ മുഹമ്മദ് ആമിറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പൂർണമായും മൽസരം കൈവിട്ടു.

പാക്കിസ്ഥാനായി വഹാബ് റിയാസ് 10 ഓവറിൽ 82 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷതാബ് ഖാൻ 10 ഓവറിൽ 63 റൺസ് വഴങ്ങിയും മുഹമ്മദ് ആമിർ 10 ഓവറിൽ 67 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

MORE IN ICC CRICKET WORLD CUP 2019
SHOW MORE