ഓസ്ട്രേലിയക്കു 15 റൺസ് ജയം, സ്വയം പഴിച്ച് വിൻഡീസ്

australia-won
SHARE

അനായാസം കയ്യിലൊതുക്കാമായിരുന്ന മൽസരം കൈവിട്ടതിൽ വെസ്റ്റിൻഡീസ് സ്വയം പഴിക്കുന്നുണ്ടാകും! അംപയർമാരുടെ പിഴവുകൾകൊണ്ടുകൂടി ശ്രദ്ധേയമായ ലോകകപ്പ് പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയോട് 15 റണ്‍സിനാണ് വിൻഡീസിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 288 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ അവസാനം വരെ പ്രതീക്ഷ നിലനിർത്തിയെങ്കിലും അവരുടെ പോരാട്ടം നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 273 റൺസിൽ അവസാനിച്ചു. വിൻഡീസിനായി ഷായ് ഹോപ്പ് (105 പന്തിൽ 68), ക്യാപ്റ്റൻ ജേസൺ ഹോൾഡർ (55 പന്തിൽ 51) എന്നിവർ അർധസെഞ്ചുറി നേടി.

തകർപ്പൻ അർധസെഞ്ചുറിയുമായി ഓസീസിനെ ബാറ്റിങ് തകർച്ചയിൽനിന്നു കരകയറ്റിയ നേഥൻ കോൾട്ടർനീലാണ് (60 പന്തിൽ 92) കളിയിലെ കേമൻ. ലോകകപ്പിൽ ഓസീസിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. വിൻഡീസിന്റെ ആദ്യ തോൽവിയും.

ഈ ലോകകപ്പിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് വിൻഡീസ് ബാറ്റിങ്ങിനെ കടപുഴക്കിയത്. സ്റ്റാർക്ക് 10 ഓവറിൽ 46 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻൻസ് രണ്ടും ആദം സാംപ ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ ഏറ്റവും കുറവു മൽസരങ്ങളിൽനിന്ന് 150 വിക്കറ്റ് തികയ്ക്കുന്ന താരമായും സ്റ്റാർക്ക് മാറി. 77–ാം ഏകദിനത്തിലാണ് സ്റ്റാർക്ക് 150–ാം വിക്കറ്റ് സ്വന്തമാക്കിയത്. 78 മൽസരങ്ങളിൽനിന്ന് 150 വിക്കറ്റ് നേടിയ സഖ്‌ലയിൻ മുഷ്താഖിന്റെ റെക്കോർഡാണ് പഴങ്കഥയായത്. ട്രെന്റ് ബോൾട്ട് (81), ബ്രെറ്റ് ലീ (82), അജാന്ത മെൻഡിസ് (84) എന്നിവരെല്ലാം സ്റ്റാർക്കിനു പിന്നിലായി. ലോകകപ്പിൽ രണ്ട് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം താരം കൂടിയാണ് സ്റ്റാർക്ക്.

MORE IN ICC CRICKET WORLD CUP 2019
SHOW MORE