പരുക്ക്, ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്; ഇന്ത്യയ്ക്ക് വൻതിരിച്ചടി

New Zealand India Cricket
SHARE

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ  പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് പരുക്കേറ്റത്.  പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല . ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ മറ്റന്നാളാണ് ഇന്ത്യ ന്യൂസിലന്‍ഡ് മല്‍സരം . ധവാന്റെ അഭാവത്തിൽ രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണ്‍ ചെയ്യും

ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽ സെഞ്ചുറി നേടിയ ധവാൻ ഫോം തെളിയിച്ചതിനു പിന്നാലെയാണ് നിരാശാജനകമായ ഈ വാർത്ത വരുന്നത്. ഓസീസിനെതിരെ ഓവലിൽ 109 പന്തിൽ 117 റൺ‌സ് നേടിയ ധവാനാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ധവാനായിരുന്നു.

ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോൾ പരുക്കേറ്റ ധവാൻ, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്. അതേസമയം, ഓസീസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീൽഡിങ്ങിനെത്തിയത്. മൽസരത്തിനുശേഷം നടത്തിയ വിശദമായ സ്കാനിങ്ങിലാണ് കൈവിരലിനു പൊട്ടലുണ്ടെന്ന് തെളിഞ്ഞത്. ഇതോടെ മൂന്ന് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ മാസം നടക്കേണ്ട ലോകകപ്പ് മൽസരങ്ങളെല്ലാം ധവാനു നഷ്ടമാകുമെന്ന് ഉറപ്പായി. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...