ബുംറ തുടങ്ങി; ചാഹൽ ഒതുക്കി; ഇന്ത്യയുടെ വിജയ ലക്ഷ്യം 228

chahal-world-cup
SHARE

ലോകകപ്പിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 228 റണ്‍സ്. യൂസ്​വേന്ദ്ര ചാഹൽ നാല് വിക്കറ്റ് നേടിയപ്പോൾ, ബുംറയും ഭുവനേശ്വറും രണ്ടു വിക്കറ്റ് നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല.

എന്നാൽ വാലറ്റം പിടിച്ചു നിന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക്, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് 66 റൺസെടുത്തു. ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത് ഡേവിഡ് മില്ലർ – ആൻഡിൽ പെഹ്‌ലൂക്‌വായോ സഖ്യമാണ് ആദ്യം പ്രതിരോധം തീർത്തത്. 

മില്ലറിനെ സ്വന്തം ബോളിങ്ങിൽ പിടികൂടി ചാഹൽ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ക്രിസ് മോറിസിനെ കൂട്ടുപിടിച്ച് പെഹ്‌ലൂക്‌വായോ പോരാട്ടം തുടർന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്തത് 23 റൺസ്. പെഹ്‌ലൂക്‌വായോയെ പുറത്താക്കി വീണ്ടും ചാഹൽ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇതിനു പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. എട്ടാം വിക്കറ്റിൽ ഇന്ത്യൻ ബോളിങ്ങിനെ ഫലപ്രദമായി പ്രതിരോധിച്ച ക്രിസ് മോറിസ് – കഗിസോ റബാദ സഖ്യം 66 റൺസാണ് കൂട്ടിച്ചേർത്തത്.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

ആദ്യ രണ്ടു മൽസരങ്ങളിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു ജയം അനിവാര്യമാണ്. ജയത്തോടെ തുടങ്ങേണ്ടത് ഇന്ത്യയ്ക്കും നിർണായകം. ആദ്യ രണ്ടു മൽസരങ്ങളിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തിരുന്നത്. രണ്ടു മൽസരങ്ങളും തോൽക്കുകയും ചെയ്തു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കുറി ബാറ്റ് ചെയ്യാനുള്ള തീരുമാനം.

MORE IN BREAKING NEWS
SHOW MORE