കപിലിന്റെ വീരേതിഹാസം; ധോണിയുടെ ഹീറോയിസം; അഭിമാനമാകാൻ കോഹ്‌ലി; ലോകകപ്പിലെ ഇന്ത്യ

india-world-cup
SHARE

ക്രിക്കറ്റ് പഴയ ക്രിക്കറ്റല്ല, കളിരീതികള്‍ മാറി. ശൈലിമാറി, ലോക കിരീടത്തിനുള്ള പോരാട്ടമാകുമ്പോള്‍ വീര്യം വീണ്ടും കൂടും.  കപ്പെടുക്കാന്‍ പത്തുടീമുകള്‍ ഇംഗ്ലണ്ടിലുണ്ട്. അട്ടിമറികളും തുടങ്ങിക്കഴിഞ്ഞു. രണ്ടു ലോക കിരീടങ്ങള്‍ നേടിയ ടീം ഇന്ത്യയുടെ പോരാട്ടം തുടങ്ങുകയാണ്. 

36വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം കീഴടക്കിയ ലോര്‍ഡ്സില്‍ വീണ്ടും കപ്പെടുക്കാന്‍ കോഹ്‌ലിപ്പട ഒരുങ്ങി.ഇംഗ്ലണ്ടില്‍ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പ് ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം ഒന്നുകൂടി ഓര്‍ത്തെടുക്കാം. 

കാഴ്ചക്കാരെന്ന് ആക്ഷേപം കേട്ട് എത്തിയ ഒരു ടീം കപ്പെടുത്ത് മടങ്ങുന്നതാണ് മൂന്നാം ക്രിക്കറ്റ് ലോകകപ്പില്‍ കണ്ടത്. കപില്‍ദേവ് എന്ന ക്യാപ്്റ്റനുകീഴില്‍ ടീം ഒറ്റക്കെട്ടായി നേടിയെടുത്ത കിരീടം. 1983ലെ ലോകകപ്പില്‍ നിന്ന് തുടങ്ങുന്നു ഇന്ത്യയുടെ പടയോട്ടം. പിന്നീടങ്ങോട്ട് ക്രിക്കറ്റ് ലോകത്തെ  അടക്കിവാഴുന്നവരായി മാറിയ ടീം ഇന്ത്യയുടെ പ്രകടനങ്ങളിലേക്ക്.

1983 ജൂൺ 25ന് ക്രിക്കറ്റ് ലോകം പുതുവഴികള്‍ തേടിയ ദിനം. കപിലിന്റെ ചെകുത്തന്മാര്‍ എന്ന് ആക്ഷേപം കേട്ട് തലകുനിച്ച് ഇംഗ്ലണ്ടില്‍ ഇറങ്ങിയവരാണ് ലോര്‍ഡ്സില്‍ നിന്ന് അന്ന് കപ്പെടുത്ത് തലയുയര്‍ത്തി മടങ്ങിയത്. 1975ലും 1979ലും  വെസ്റ്റ് ഇന്‍ഡീസ് സ്ഥാപിച്ച ആധിപത്യം ആണ് ഇന്ത്യ തകര്‍ത്തതെറിഞ്ഞത്. കപില്‍ ദേവ് എന്ന ക്യാപ്റ്റന്റെ ഓള്‍റൗണ്ട് മികവും ടീമംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഇന്ത്യയെ ചരിത്ര വിജയത്തില്‍ എത്തിച്ചു. അതുവരെ ഇന്ത്യയെ സംബന്ധിച്ച് സാധാരണ വർഷമായിരുന്നു 1983. പക്ഷേ, ജൂണ്‌‍‍ 25ന് വൈകിട്ട് എല്ലാം മാറിമറിഞ്ഞു. 

അപരാജിത ചക്രവർത്തിമാരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് ഇന്ത്യ ലോകക്രിക്കറ്റിന്റെ കൊടിമുടി കീഴടക്കി. ആ അവിശ്വസനീയ വിജയം ചെറുപ്പക്കാരുടെയും കുട്ടികളുടെയും മനസ്സുകളിൽ നിറച്ച ഊർജവും ലഹരിയും പിന്നീട് ഇന്ത്യയ്ക്ക് ക്രിക്കറ്റിന്റെ പൂക്കാലം സമ്മാനിച്ചു. താരങ്ങളോടുള്ള വീരാരധന തുടങ്ങിയതും ഈ ലോകകപ്പ് ജയത്തോടെയാണ്. കപില്‍ ദേവ് ലക്ഷങ്ങളുടെ ഹീറോയായി. 

തൊട്ടടുത്ത ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളി. 1987ല്‍ കപില്‍ ദേവ് തന്നെ നയിച്ചു. ഗാവസ്ക്കറും സന്ദീപ് പാട്ടീലും മൊഹീന്ദര്‍ അമര്‍നാഥും വെങ്ക്സര്‍ക്കാരും രവി ശാസ്ത്രിയും ശ്രീകാന്തും അണിനിരന്നു. കപ്പ് ഇന്ത്യ നിലനിര്‍ത്തുമെന്ന് തോന്നിപ്പിച്ചു. ഇന്ത്യ സെമിയിലേയ്ക്ക് കുതിച്ചെത്തി.  1987 നവംബര്‍ അ​ഞ്ചിന് നടന്ന സെമിയില്‍ കാത്തിരുന്നത് ഇംഗ്ലണ്ട്. സ്പിന്നുകൊണ്ട് എതിരാളിയെ കറക്കിയിടുന്ന ഇന്ത്യ സെമിയില്‍ ഇംഗ്ലീഷ് സ്പിന്നില്‍ വീണു. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ഗൂച്ചും ഗാറ്റിങ്ങും ഫലപ്രദമായി േനരിട്ടു. 

സ്പിന്നിനെതിരെ സ്വീപ് ഷോട്ടുകള്‍ പായിച്ചവര്‍ കളം വാണു. മറുപടിക്കിറങ്ങിയ ഇന്ത്യയാവട്ടെ ഹെമിങ്സിന്റെ സ്പിന്നില്‍ വീണു, നാലുവിക്കറ്റെടുത്ത ഹെമിങ്സ് നിലവിലെ ചാംപ്യന്മാരെ സെമിയിലിട്ടുപൂട്ടി. കപില്‍ദേവ് എന്ന ക്യാപ്റ്റന്‍ വീണ്ടുമൊരിക്കല്‍ കൂടി കപ്പുയര്‍ത്തുന്നത് ടീമിലെ മുതിര്‍ന്ന ചില താരങ്ങള്‍ ഇഷ്ടപ്പെട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് ബാറ്റിങ്ങില്‍ കണ്ടതെന്നും ആണ് അന്ന് പിന്നാമ്പുറത്ത് കേട്ട കഥ. 

ലോക കിരീടത്തിനായി ഇന്ത്യ വീണ്ടും ഓസ്ട്രേലിയയും ന്യൂസീലന്‍ഡും ആതിഥ്യമരുളിയ 1992ലെ ലോകകപ്പിനെത്തി. പാക്കിസ്ഥാനെ ഓള്‍റൗണ്ട് പ്രകടനവും ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിയും കപ്പെടുക്കുന്നതിന് സാക്ഷ്യം വഹിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കറുംസഞ്ജയ് മഞ്ചരേക്കറും ഉള്‍പ്പെടുന്ന യുവതാരങ്ങള്‍ കപിലും ശ്രീകാന്തും മുഹമ്മദ് അസറുദ്ദീനും മനോജ് പ്രഭാകറും കിരണ്‍ മോറെയും ഉള്‍പ്പെട്ട ടീമിലെത്തി. 

83ലെ ചാംപ്യന്മാര്‍, 87ലെ സെമിഫൈനലിസ്റ്റുകള്‍ എന്ന ഗരിമയോടെ എത്തിയ ഇന്ത്യ ഓന്നാംറൗണ്ടിലെ വീണു. ആശ്വസിക്കാനുണ്ടായത് പാക്കിസ്ഥാനെതിരായ ജയം മാത്രം. ലോകകപ്പില്‍ ആദ്യത്തെ ഇന്ത്യാ...പാക്കിസ്ഥാന്‍ പോരാട്ടമായിരുന്നു അത്. 43റണ്‍സിന് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു, അസറുദ്ദീനും മനോജ പ്രഭാകാറും ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയെന്നതില്‍ തീര്‍ന്നു ഇന്ത്യയുടെ പോരാട്ടം. അന്ന് കപ്പുമായി മടങ്ങിയത് പാക്കിസ്ഥാനായിരുന്നുവെന്നത് യാദൃശ്ചികം മാത്രം. 

1996ല്‍ ലോകം കണ്ടത് മൂന്നുരാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിച്ച ലോകകപ്പാണ്. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും  ആതിഥ്യമരുളി. മുഹമ്മദ് അസറുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അങ്കം തുടങ്ങി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നവജ്യോത് സിദ്ദു, അജയ് ജഡേജ, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ് എന്നിവരും ടീം ഇന്ത്യയുടെ ഭാഗമായി. ബാറ്റിങ്ങില്‍ സച്ചിന്റെ വെടിക്കെട്ടുകള്‍ ഇന്ത്യയുടെ മുന്നേറ്റം എളുപ്പമാക്കി. 523റണ്‍സാണ് 96ലെ ലോകകപ്പില്‍ നിന്ന് മാത്രം സച്ചിന്‍ നേടിയത്. 

കരുതലോടെ കരുത്തോടെ ഇന്ത്യ അവസാന നാലിലെത്തി. എതിരാളികള്‍ ഈ ലോകകപ്പിന്റെ ആതിഥേയരില്‌ ഒരാളായ ശ്രീലങ്ക. ലങ്ക ഉയര്‍ത്തിയ 252റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യ 8ന് 120ലേക്ക് കൂപ്പുകുത്തി. ഇതോടെ കുപിതരായ കാണികള്‍ ഗ്രൗണ്ട് കയ്യേറി,തുടര്‍ന്ന് മല്‍സരം നിര്‍ത്തിവയ്ക്കുകയും ലങ്കയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു.  ആതിഥേയര്‍ വീണ്ടും കണ്ണീര്‍വാര്‍ത്തു. 1987ലെ സെമിഫൈനലിനു സമാനമായിരുന്നു 1996ലെ സെമിഫൈനലിലും ഇന്ത്യയുടെ പ്രകടനം. 87 ഇംഗ്ലണ്ടായിരുന്നുവെങ്കില്‍ 96ല്‍ ലങ്കയായെന്നു മാത്രം. 

 1999ല്‍ ക്രിക്കറ്റിന്റെ തറവാട്ടിലേയ്ക്ക് വീണ്ടും ലോകപോരാട്ടമെത്തി.  സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ അസറന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങി. ലോകകപ്പിനിടെ സച്ചിന്റെ പിതാവ് മരിച്ചത് ഇന്ത്യയെസമ്മര്‍ദത്തിലാക്കി. എന്നാല്‍ ചടങ്ങുകള്‍ തീര്‍ത്ത് തിരിച്ചെത്തിയ സച്ചിന്‍ കെനിയ്ക്കെതിരെ നേടിയ 140റണ്‍സ് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. 16ഫോറും മൂന്ന് സിക്സറുമടിച്ചു. സച്ചിനൊപ്പം സെഞ്ചുറിയുമായി ദ്രാവിഡും കൂട്ടുനിന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യ നിരാശപ്പെടുത്തി. ഗ്രൂപ്പില്‍ രണ്ടാംസ്ഥാനംമാത്രം. സൂപ്പര്‍ സിക്സില്‍ കാലിടറി മടങ്ങി. 

വീണ്ടും ഉദിച്ചുയര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റിനെയാണ് 2003ല്‍ കണ്ടത്. പക്ഷെ 2007ല്‍ ടീം ഇന്ത്യ നിലംപൊത്തി. അന്ന് ഇന്ത്യന്‍ പുലിക്കുട്ടികള്‍ പതുങ്ങിയത് ഒരിക്കല്‍ കൂടി ലോകകിരീടം ചൂടാനായിരുന്നു. 21ാം നൂറ്റാണ്ടിലെ ലോകകപ്പിലൂടെ.

2003ല്‍ ദാദ എന്ന സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുതിച്ചു. രാഹുല്‍ ദ്രാവിഡിന് വിക്കറ്റ് കീപ്പറുടെ അധിക ചുമതലകൂടി നല്‍കി ബാറ്റിങ് ശക്തമാക്കി ഇന്ത്യ ഇറങ്ങി. സച്ചിനും യുവരാജും സഹീര്‍ ഖാനും അനില്‍ കുംബ്ലെയും അണിനിരന്ന ടീം ഇന്ത്യ കടമ്പകള്‍ ഒന്നൊന്നായി കടന്ന് കലാശക്കൊട്ടിന് എത്തി. 

ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഫീല്‍ഡിങ് തിരഞ്ഞെടുത്ത ദാദയുടെ തീരുമാനം അമ്പേ പാളി. അടിച്ചുതകര്‍ത്ത ഓസ്ട്രേലിയ 359റണ്‍സ് കുറിച്ചിട്ടപ്പോള്‍ ഇന്ത്യ തോറ്റത് 125റണ്‍സിന്. 673റണ്‍സെടുത്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലോകകപ്പിന്റെ താരമായി. ചുണ്ടോളം എത്തിയ കിരീടം അങ്ങനെ കംഗാരുക്കള്‍ തട്ടിയെടുത്തപ്പോള്‍ ക്രിക്കറ്റ് ദൈവത്തിന്റെ കാത്തിരിപ്പ് നീണ്ടു, ഒപ്പം ഇതിഹാസതാരങ്ങളുടെയും. 

2007ല്‍ വെസ്റ്റ് ഇന്‍ഡ‍ീസിലെത്തിയ ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്കുകീഴിലാണ് ഇന്ത്യ ഇറങ്ങിയത്.  2003ല്‍ കൈവിട്ട കിരീടം കരീബിയന്‍ മണ്ണില്‍ നിന്ന് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തുടക്കം തന്നെ പാളി. ബംഗ്ലദേശിനുമുന്നില്‍ നാണംകെട്ടു. നവാഗതരായ ബെര്‍മൂഡയ്ക്കെതിരെ 413റണ്‍സ് അടിച്ചുകൂട്ടി വീര്യം കാണിച്ചു. എന്നാല്‍ ശ്രീലങ്കയോടും തോറ്റ് കണ്ണീര്‍വാര്‍ത്ത് മടങ്ങുമ്പോള്‍ ക്യാപ്റ്റനും കോച്ചും മാത്രം പഴികേട്ടു.  . 

2011ല്‍ ധോണിക്ക് കീഴില് ഇന്ത്യ ഇന്ത്യയില്‍ കപ്പിനായി പോരാടി.  സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഒരു ലോക കിരീടം എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. സഹീര്‍ ഖാന്റെ ഉജ്വല ബോളിങ്ങും യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് പ്രകടനവും  കപ്പിലേയ്ക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമായി. ആദ്യമായി ഒരു കേരളതാരം ലോകകപ്പ് കളിക്കുന്നതിനും 2011 സാക്ഷ്യം വഹിച്ചു.  

മുംബൈയില്‍ സച്ചിന്റെ ജന്മനാട്ടില്‍ ഏപ്രില്‍ രണ്ടിനായിരുന്നു ഫൈനല്‍, വാങ്കഡെ സ്റ്റേഡിയത്തിന്റെ മധ്യത്തില്‍  നിന്ന് മുംബൈയുടെ പ്രഭാപൂരിതമായ ആകാശത്തിലേക്ക് മഹേന്ദ്ര സിങ്ധോണിയുടെ ബാറ്റിൽനിന്നു പറന്ന ആ സിക്സർ കണ്ടു നിന്നവർ ഇപ്പോഴും കോരിത്തരിക്കുന്നുണ്ടാകും. രണ്ടാമതൊരിക്കൽക്കൂടി ലോക കിരീടം ഇന്ത്യയുടെ ഹൃദയം ഏറ്റുവാങ്ങി.  ഇന്ത്യ ആഘോഷിച്ചത് തന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പിൽ കിരീടജേതാവായ സച്ചിൻ തെൻഡുൽക്കറെന്ന ക്രിക്കറ്റ് ദൈവത്തിന്റെ വിജയം കൂടിയായിരുന്നു. 

ശ്രീലങ്കയ്ക്കെതിരെ നേടിയ 76റണ്‍സിന്റെ ജയം പകരം വീട്ടലിന്റേതുമായി. ലോകചാംപ്യന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത എസ്.ശ്രീശാന്ത് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ഇത്തവണ ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്ലിയുടെ ആദ്യലോകപ്പായിരുന്നു അത്. അന്നത്തെ നായകൻ ധോണി ഇത്തവണ അന്തിമ പോരാട്ടങ്ങൾക്കിറങ്ങും.

2011ലെ കിരീട വിജയത്തിന്റെ തിളക്കത്തില്‍ നിന്ന് 2015ല്‍ ഓസ്ട്രേലിയയിലേക്ക് കുതിച്ച ടീം ഇന്ത്യ കിരീടം നിലനിര്‍ത്തുമെന്ന് തോന്നിച്ചു. തോല്‍വിയറിയാതെ സെമിയിലേക്ക് കുതിച്ചെത്തി. എന്നാല്‍ ആതിഥേയരായ ഓസ്ട്രേലിയ്ക്ക് മുന്നില്‍ തോറ്റ് ധോണിയുടെ ടീം മടങ്ങി. 2015ലോകകപ്പിലെ ടീം ഇന്ത്യയുടെ ആദ്യതോല്‍വിയായിരന്നു അത്. 

രണ്ടു ലോകകിരീടം ചൂടിയ ടീം ഇന്ത്യ ഒട്ടേറെ മാസ്മരിക നിമിഷങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്. അവയില്‍ നിന്ന് തിരഞ്ഞെടുത്ത 12 അവസ്മരണീയ കാഴ്ചകള്‍ വീണ്ടും കാണാം. 

ആദ്യമായി ലോകം കീഴടക്കിയ 1983ലെ ലോകകപ്പില്‍ നിന്ന് തുടങ്ങുന്നു ഇന്ത്യയുടെ മാസ്മരിക പ്രകടനങ്ങള്‍. സിംബാബ്വെയ്ക്കെതിരെ സര്‍വവും നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ബാറ്റ് അലാവുദ്ദീന്റെ അത്ഭുതവിളക്കുപോലെയായി. അഞ്ചിന് 17 എന്ന നിലയില്‍ തകര്‌‍ന്ന ഇന്ത്യയെ രക്ഷിച്ചതും സെമിയില്‍ എത്തിച്ചതും കപില്‍ ദേവിന്റെ 175റണ്‍സായിരുന്നു.  അതേ ലോകകപ്പില്‍ ക്രിക്കറ്റ് ചക്രവര്‍ത്തിയായി വിലസിയ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ കപ്പെടുത്ത നിമിഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവരമാറ്റി മറിച്ചു. 

ലോകകിരീടം നേടിതിനു പിന്നാലെ ഇന്ത്യ ആതിഥ്യം വഹിച്ച 1987ലെ ലോകകപ്പിലാണ് മറ്റൊരു ഞെട്ടിക്കുന്ന പ്രകടനം കണ്ടത്. ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെ സുനില്‍ ഗാവസ്ക്കര്‍ നേടിയ സെഞ്ചുറിയായിരുന്നു അത്, 88പന്തില്‍ നിന്ന് നേടിയ ആദ്യ സെഞ്ചുറി ഗാവസ്കറുടെ ഏകദിന കരിയറിലെ ഏകസെഞ്ചുറിയായി. 1992ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടിച്ചെടുത്ത 54റണ്‍സ് ക്രിക്കറ്റ് ഉള്ള കാലത്തോളം ഓര്‍ത്തുവയ്ക്കും. 

കാരണം ബദ്ധവൈരികള്‍ക്കെതിരെ ലോകകപ്പില്‍ ആദ്യമായി കളിച്ച സച്ചിന്‍ അവരുടെ ഒരു വിക്കറ്റും പിഴുത് കളിയിലെ താരവുമായാണ് മടങ്ങിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1996ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു കാണികള്‍ ഓര്‍ത്തുവയ്ക്കുന്ന മറ്റൊരുമാസ്മരിക പ്രകടനം.  പാക് പേസ് പടയെ അടിച്ചോടിച്ച് നവജ്യോത് സിങ് സിദ്ധു നേടിയ 93റണ്‍സ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. 

1999ലെ ലോകകപ്പില്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ശ്രീലങ്കയ്ക്കെതിരെ രണ്ടാം വിക്കറ്റില്‍ നേടിയ 318റണ്‍സ് ഇപ്പോഴും റെക്കോര്‍ഡ് ബുക്കില്‍തന്നെ. ഇരുവരും സെഞ്ചുറിയടിച്ച് കാണികളെ ആവേശത്തിലാക്കി. 2003ലെ ലോകകപ്പിലെ ഇന്ത്യ..പാക്കിസ്ഥാന്‍ മല്‍സരം യഥാര്‍ഥത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ശുഐബ് അക്തറും തമ്മിലായിരുന്നു. ബൗണ്‍സറുകളും വേഗവും കൊണ്ട് സച്ചിനെ വിറപ്പിക്കാന്‍ നോക്കിയ അക്തറിനെ പോയിന്റിനു മുകളിലൂടെ സിക്സറിനു പറത്തിയാണ് സച്ചിന്‍ എതിരേറ്റത്. 

പരമ്പരാഗതമായി ബാറ്റിങ്ങില്‍ കരുത്തരായ ഇന്ത്യയുെ‍ട മികച്ച പ്രകടനങ്ങള്‍ ഏറെയും ബാറ്റിങ്ങില്‍ തന്നെയായിരുന്നു. എന്നാല്‍ 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകളെടുത്ത ആഷിഷ് നെഹ്റയുടെ പ്രകടനം ബോളിങ്ങില്‍ കണ്ട ഉജ്വല പ്രകടനങ്ങളില്‍ ഒന്നായി.  2011ല്‍ ബംഗ്ലദേശിനെതിരെ  സേവാഗ് നേടിയ 175റണ്‍സ് ഇന്ത്യന്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി. 

2011ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനവില്‍ ഓസ്ട്രേലിയ്ക്കെതിരെ യുവരാജ് സിങ്ങും സുരേഷ് റെയ്നയും ചേര്‍ന്നെടുത്ത 74റണ്‍സ് കംഗാരുക്കളുടെ കഥകഴിച്ചു. 2011ല്‍ അയര്‍ലന്‍ഡിനെതിരെ യുവരാജ് സിങ് നേടിയ 50റണ്‍സും  അഞ്ചുവിക്കറ്റും ഒരു ഓള്‍റൗണ്ടറില്‍ നിന്ന് ക്രിക്കറ്റ് ആരാധകര്‍ കൊതിക്കുന്ന പ്രകടനമായി. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വീണ്ടും വീണ്ടും കണ്ട ഷോട്ട് 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ധോണി അടിച്ച സിക്സറാണ്. അത് വെറും ഒരു സിക്സര്‍ ആയിരുന്നില്ല. മറിച്ച് ടീം ഇന്ത്യയുടെ ഇളമുറക്കാരുടെ കിരീടധാരണം ആയിരുന്നു. 

ഇന്ത്യ..പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഓരോ പന്തിലും വീര്യം നിറയ്ക്കുന്നതാണ്. ലോകകപ്പില്‍ ആകുമ്പോള്‍ അതിന് വീറും വാശിയും കൂടും. ലോകകപ്പില്‍ ആറുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് മുറവിളി ഉയര്‍ന്നിരുന്നു. എന്തായാലും ഈ മാസം 16ന് നടക്കുന്ന ഇന്ത്യ.പാക്ക് പോരാട്ടത്തിന്റെ ടിക്കറ്റ് വിറ്റഴിഞ്ഞു. 

ഒരു സൂപ്പര്‍ ഹിറ്റ് സിനിമ പോലെയാണ് ഓരോ ഇന്ത്യാ..പാക്ക് മല്‍സരവും. 

1992ലെ ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ആദ്യമായി ഏറ്റുമുട്ടിയത്. സിഡ്നിയില്‍ നടന്ന മല്‍സരത്തില്‌‍ പല നാടകീയ മുഹൂര്‍ത്തങ്ങളും കണ്ടു. സച്ചിന്‍ തെന്‍‍ഡുല്‍ക്കറുടെ 54റമ്‍സായിരുന്നു ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. മറുപടി ബാറ്റിങ്ങിന് പാക്കിസ്ഥാന്‍ ഇറങ്ങിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജാവേദ് മിയാന്‍ദാദ് എന്ന മഹാമേരുവിനെ പുറത്താക്കുകയായിരുന്നു ഇന്ത്യയുടെ ലകഷ്യം. അതിനായി ലഭിച്ച അര്‍ധാവസരങ്ങള്‍ ഇന്ത്യ ഫലപ്രദമാക്കി. വിക്കറ്റ് കീപ്പറായിരുന്ന കിരണ്‍മോറെയുടെ അപ്പീലുകള്‍ മിയാന്‍ദാദിനെ ചൊടിപ്പിച്ചു. മോറെയ കളിയാക്കാന്ഡ വേണ്ടി മിയാന്‍ദാദ് ഗ്രൗണ്ടില്‍ പലകുറി ഉയര്‍ന്നുചാടിയത് ഇന്ത്യ..പാക്ക് പോരിന്റെ വീര്യം കൂട്ടി. മല്‍സരം ഇന്ത്യ 43റണ്‍സിന് ജയിച്ചു. 

1996ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇക്കുറി ജയം 39റണ്‍സിന്. നവജ്യോത് സിങ് സിദ്ധുവിന്റെ 93റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ വെങ്കിടേഷ് പ്രസാദും ആമിര്‍ സുഹൈലും മല്‍സരത്തെ വേറെ തലത്തിലേയ്ക്ക് നയിച്ചു. പ്രസാദിനെ ബൗണ്ടറിയടിച്ച് സുഹൈലാണ് പോരിന് തുടക്കമിട്ടത്. ബൗണ്ടറിക്ക് പിന്നാലെ പ്രസാദിനോട് സുഹൈല്‍ എന്തൊക്കെയോ പറഞ്ഞു. പിന്നാലെ സുഹൈലിനെ പുറത്താക്കിയ ശേഷം ഡ്രസിങ് റൂമിലേക്ക് വിരല്‍ ചൂണ്ടി പ്രസാദ് നല്‍കിയ മറുപടി ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല. 1999ലെ ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ 61റണ്‍സ് മികവില്‍ ഇന്ത്യ 227റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 180റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത വെങ്കിടേഷ് പ്രസാദായിരുന്നു അന്തകന്‍.  

2003ലെ ലോകകപ്പില്‍ അക്തറുടെ തീപ്പന്തുകള്‍ ക്രിക്കറ്റ് ദൈവത്തിനോട് ഏറ്റുമുട്ടി. പാഞ്ഞെത്തിയ പന്തുകളെ തച്ചുതകര്‍ത്ത് സച്ചിന്‍ നേടിയ 98റണ്‍സ് ഇന്ത്യയ്ക്ക് ആറുവിക്കറ്റിന്റെ വിജയം ഒരുക്കി. 2007ല്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനാല്‍ പാക്കിസ്ഥാനുമായി കളിക്കേണ്ടി വന്നില്ല. 2011ല്‍ മൊഹാലിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടുംഏറ്റുമുട്ടിയത്. അതിര്‍ത്ത് കടന്നെത്തിയ പ്രമുഖരുള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കി ഇന്ത്യ 29റണ്‍സിന്റെ ജയം നേടി. 85റണ്‍സെടുത്ത സച്ചിന്‍ ആണ് ഇന്ത്യയുടെ ജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 

2015ല്‍ അഡ്്്ലെയ്ഡില്‍ വീണ്ടും ഇന്ത്യ,,പാക്ക് പോര്, വിരാട് കോഹ്്ലിയുടെ സെഞ്ചുറി ഇന്ത്യയ്ക്ക് 76റണ്‍സിന്റെ വിജയം സമ്മാനിച്ചു. ഇത്തവണ ഈ മാസം 16  ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ലോകകപ്പില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാകും താരമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 

ഓര്‍ത്തുവയ്ക്കാം ചില കാര്യങ്ങള്‍. ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയത് പാക്കിസ്ഥാനെതിരെയാണ്. ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും റെക്കോര്‍ഡ് മോശം. 

പാക്കിസ്ഥാനെതിരെ കളിച്ച ആറു മല്‍സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ ഓസ്ട്രേലിയ്ക്കെതിരായ പതിനൊന്ന് മല്‍സരത്തില്‍ ജയം മൂന്നില്‍ മാത്രം  ഒതുങ്ങി. ഇംഗ്ലണ്ടിനോട് ഏഴ് മല്‍സരത്തില്‍ ഏറ്റുമുട്ടിയ ഇന്ത്യ മൂന്നില്‍ മാത്രം ജയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ എട്ടുമല്‍സരം കളിച്ച ഇന്ത്യ അഞ്ചിലും ജയം നേടി.2007ലെ ലോകകപ്പില്‍ ബെര്‍മൂഡയ്ക്കെതിരെ നേടിയ 413റണ്‍സാണ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍. 2003ല്‍ ഓസ്ട്രേലിയയ്ക്കെതിരെ കുറിച്ച 125റണ്‍സാണ് കുറഞ്ഞ ടീം സ്കോര്‍, മികച്ച ബോളിങ് ആഷിഷ് നെഹറയുടേതാണ്. 

2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 23റണ്‍സ് മാത്രം വിട്ടുകൊടുത്ത് നെഹ്റ പിഴുതെടുത്തത് ആറുവിക്കറ്റുകളാണ്. റണ്‍വേട്ടയില്‍ ക്രിക്കറ്റ് ദൈവം തന്നെ. മികച്ചബാറ്റിങ് കൂട്ടുകെട്ട് 1999ലെ ലോകകപ്പില്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും രണ്ടാം വിക്കറ്റില്‍ തീര്‍ത്ത 318റണ്‍സാണ്. ഇംഗ്ലണ്ടില്‍ എത്തുംവരെ ആ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിട്ടില്ല. പതിനൊന്ന് ലോകകപ്പുകളില്‍ നിന്ന് രണ്ടു കിരീടം നേടിയ ടീം ഇന്ത്യ ആറുവട്ടം സെമിയില്‍ കളിച്ചു. 

36 വർഷം മുൻപ് കപിൽദേവ് വീരേതിഹാസം രചിച്ചതുപോലെ, എട്ടു വർഷം മുൻപ് ധോണി രാജ്യത്തിന്റെ ഹീറോ ആയതുപോലെ ഇത്തവണ വിരാട് കോഹ്ലി ഇന്ത്യയുടെ അഭിമാനമാകുമോ? ഈ ചോദ്യത്തിന്റെ ഉത്തരത്തിനുള്ള കാത്തിരിപ്പാണ് ഇനിയുള്ള നാളുകളിൽ. 

MORE IN SPECIAL PROGRAMS
SHOW MORE