ഷാക്കിബ് ‘ഷോ’യിൽ ബംഗ്ലദേശിന് അട്ടിമറി ജയം; ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം തോൽവി

shakib-bangladesh-1
SHARE

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം തോൽവി. ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 21 റൺസിന്റെ തോൽവി. 331 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 

ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോടും തോറ്റ ദക്ഷിണാഫ്രിക്കയുടെ രണ്ടാം തോൽവിയാണിത്. ഉജ്വല അർധസെഞ്ചുറിയുമായി ബംഗ്ലദേശ് ബാറ്റിങ്ങിനു കരുത്തുപകരുകയും പിന്നീട് 10 ഓവറിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റും ഒരു ക്യാച്ചും സ്വന്തമാക്കി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഷാക്കിബ് അൽ ഹസന്റെ പ്രകടനമാണ് ബംഗ്ലദേശിന് ലോകകപ്പ് ചരിത്രത്തിൽ അവരുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സമ്മാനിച്ചത്. 2007ലെ ലോകകപ്പിലും ബംഗ്ലദേശ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. 

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏക അർധസെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയാണ് അവരുടെ ടോപ് സ്കോറർ. ഡുപ്ലേസി 56 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 62 റൺസെടുത്തു. ക്വിന്റൺ ഡികോക്ക് (32 പന്തിൽ 23), എയ്ഡൻ മർക്രം (56 പന്തിൽ 45), ഡേവിഡ് മില്ലർ (43 പന്തിൽ 38), വാൻഡർ ഡ്യൂസൻ (38 പന്തിൽ 41), ജീൻ പോൾ ഡുമിനി (37 പന്തിൽ 45), ആൻഡിൽ പെഹ്‌ലൂക്‌വായോ (13 പന്തിൽ എട്ട്), ക്രിസ് മോറിസ് (10 പന്തിൽ 10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കഗീസോ റബാദ (രണ്ട്), ഇമ്രാൻ താഹിർ (നാല്) എന്നിവർ പുറത്താകാതെ നിന്നു.

ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ ഒൻപത് ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സയ്ഫുദ്ദീൻ 7.1 ഓവറിൽ 51 റൺസ് വഴങ്ങി രണ്ടും മെഹ്ദി ഹസൻ മിറാസ്, ഷാക്കിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മൽസരത്തിൽ എയ്ഡൻ മർക്രത്തെ പുറത്താക്കിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസ്സൻ ഏകദിനത്തിൽ 250 വിക്കറ്റ് തികച്ചു. രാജ്യാന്തര ക്രിക്കറ്റിൽ 5000 റൺസും 250 വിക്കറ്റും സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് ഷാക്കിബ്. ഇപ്പോൾ ക്രിക്കറ്റിൽ സജീവമായിട്ടുള്ള താരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയ ഏക താരവും ഷാക്കിബ് തന്നെ.

നേരത്തെ, ഇംഗ്ലിഷ് മണ്ണിൽ ഏഷ്യൻ ടീമുകളെ പിടികൂടിയിരിക്കുന്ന നിർഭാഗ്യത്തിന്റെ കെണിപൊട്ടിച്ചാണ് ബംഗ്ലദേശ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 331 റൺസിന്റെ വിജയലക്ഷ്യം ഉയർർത്തിയത്. കഗീസോ റബാദ, ലുൻഗി എൻഗിഡി തുടങ്ങിയവരുൾപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ലോകോത്തര പേസ് ആക്രമണത്തെ തെല്ലും കൂസാതെ കെന്നിങ്ടൻ ഓവലിൽ തകർത്തടിച്ച ബംഗ്ലദേശ്, നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 330 റൺസെടുത്തത്. ഏകദിനത്തിൽ ബംഗ്ലദേശിന്റെ ഉയർന്ന സ്കോർ കൂടിയാണിത്.

2015ൽ പാക്കിസ്ഥാനെതിരെ ധാക്കയിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 329 റൺസിന്റെ റെക്കോർഡാണ് ലോകകപ്പ് േവദിയിൽ ബംഗ്ലാ ബാറ്റ്സ്മാൻമാർ തിരുത്തിയത്. ഈ ലോകകപ്പിൽ പിറന്ന ഇതുവരെയുള്ള ഉയർന്ന സ്കോറു കൂടിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലദേശ് കുറിച്ചത്. പിന്നിലായത് ഉദ്ഘാടന മൽസരത്തിൽ ഇതേ എതിരാളികൾക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയ 311 റൺസ്. അതേസമയം, മൽസരത്തിനിടെ പേസ് ബോളർ ലുൻഗി എൻഗിഡി പരുക്കേറ്റ് കയറിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഓപ്പണിങ് വിക്കറ്റിൽ തമിം ഇക്ബാൽ – സൗമ്യ സർക്കാർ സഖ്യം കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് (60) കൂറ്റൻ സ്കോറിനു അടിത്തറയിട്ടത്. ഈ അടിത്തറയിൽനിന്നു സെഞ്ചുറി കൂട്ടുകെട്ടുമായി (142) ഷാക്കിബ് അൽ ഹസ്സൻ – മുഷ്ഫിഖുർ റഹിം സഖ്യം പണിതുയർത്തി. പിന്നീട് ആറാം വിക്കറ്റിൽ തകർത്തടിച്ച് മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടു കൂടി തീർത്ത മഹ്മൂദുല്ല – മൊസാദേക് ഹുസൈൻ സഖ്യം (66) ബംഗ്ലദേശിന് കൂറ്റൻ സ്കോർ ഉറപ്പാക്കി.

ഏകദിനത്തിൽ തങ്ങളുടെ റെക്കോർഡ് സ്കോറിലേക്കുള്ള കുതിപ്പിൽ ബംഗ്ലദേശിന് കരുത്തായത് രണ്ട് വ്യക്തിഗത ഇന്നിങ്സുകൾ കൂടിയാണ്. ഏകദിനത്തിലെ 43–ാം അർധസെഞ്ചുറി പൂർത്തിയാക്കിയ ഷാക്കിബ് അൽ ഹസ്സനാണ് ഇതിൽ ഒന്നാമൻ. 84 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം ഷാക്കിബ് നേടിയത് 75 റൺസ്. ഷാക്കിബിന് ഉറച്ച പിന്തുണ നൽകി അർധസെഞ്ചുറിയിലേക്കെത്തിയ മുഷ്ഫിഖുർ റഹിമാണ് രണ്ടാമത്തെ അർധസെഞ്ചുറിക്ക് ഉടമ. 80 പന്തിൽ എട്ടു ബൗണ്ടറി സഹിതം 78 റൺസാണ് റഹിമിന്റെ സമ്പാദ്യം. ഏകദിനത്തിൽ റഹിമിന്റെ 34–ാം അർധസെഞ്ചുറി.

ബംഗ്ലദേശ് നിരയിൽ കളത്തിലിറങ്ങിയവരെല്ലാം രണ്ടക്കം കടന്നു. രണ്ടക്കം കടക്കാതെ പോയത് ഏറ്റവും ഒടുവിൽ കളത്തിലിറങ്ങി അഞ്ചു റൺസുമായി പുറത്താകാതെ നിന്ന മെഹ്ദി ഹസ്സൻ മിറാസ് മാത്രം. തമീം ഇക്ബൽ (29 പന്തിൽ 16), സൗമ്യ സർക്കാർ (30 പന്തിൽ 42), മുഹമ്മദ് മിഥുൻ (21 പന്തിൽ 21), മഹ്മൂദുല്ല (33 പന്തിൽ പുറത്താകാതെ 46), മൊസാദേക് ഹുസൈൻ (20 പന്തിൽ 26), മെഹ്ദി ഹസ്സൻ മിറാസ് (മൂന്നു പന്തിൽ പുറത്താകാതെ അഞ്ച്) എന്നിവരെല്ലാം ബംഗ്ലാ ഇന്നിങ്സിലേക്ക് മികച്ച സംഭാവനകൾ ഉറപ്പാക്കി. ദക്ഷിണാഫ്രിക്കയ്ക്കായി ആൻഡിൽ പെഹ്‌ലൂക്‌വായോ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി

MORE IN ICC CRICKET WORLD CUP 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.