ഗെയിൽ 'പെയ്തിറങ്ങി'; വിൻഡീസിന് അനായാസ ജയം

chris-gayle-againstpak
SHARE

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിസിന് ഏഴുവിക്കറ്റ് വിജയം . 106 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 14ാം ഓവറില്‍  മറികടന്നു. ക്രിസ് ഗെയില്‍ 34 പന്തില്‍ 50 റണ്‍െസടുത്ത് പുറത്തായി.  ലോകകപ്പില്‍ ഏറ്റവുമധികം സിക്സറുകളെന്ന റെക്കോര്‍ഡ് ഗെയില്‍ സ്വന്തമാക്കി‌. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 105 റണ്‍സിന് പുറത്തായി.

ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് അതിവേഗം തകർത്തടിച്ചു. സൂപ്പർ താരം ക്രിസ് ഗെയിൽ ആഞ്ഞടിച്ചപ്പോൾ മത്സരം ട്വന്റി 20ക്ക് സമാനമായി. അഞ്ച് ഓവർ തികയും മുമ്പ് സ്കോർ 36-ലെത്തി. തുടർന്ന് പതിനൊന്ന് റൺസെടുത്ത ഷായ് ഹോപ് പുറത്തായി. പിന്നാലെയെത്തിയ ഡാരൻ ബ്രാവോ റണ്ണൊന്നുമെടുക്കാതെ തിരിച്ചുപോയെങ്കിലും ​ഗെയിലിന് കുലുക്കമില്ലായിരുന്നു

പത്താം ഓവറിൽ തന്നെ സ്കോർ 70 കടന്നു. ഗെയിലിന് അർദ്ധസെഞ്ച്വറിയും. 34 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസെടുത്ത ഗെയിലിനെ മുഹമ്മദ് ആമിർ പുറത്താക്കി. പിന്നാലെ നിക്കോളാസ് പുറാനും ഷിമ്രോൺ ഹെറ്റ്മെയറും ചേർന്ന് വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം മുതൽ തന്നെ പിഴച്ചിരുന്നു. സ്കോർ പതിനേഴിൽ നിൽക്കെ രണ്ട് റൺസെടുത്ത ഓപ്പണർ ഇമാം ഉൾ ഹഖിനെ നഷ്ടമായി. ഷെൽഡ്രൻ കോർട്ടെലിനായിരുന്നു വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വിൻഡീസ് ബൗളിങ് നിര പാകിസ്ഥാനെ ചാരമാക്കി.  22 റൺസ് വീതമെടുത്ത ബാബർ അസമും ഫഖർ സമനുമാണ് പാക് നിരയിലെ ടോപ് സ്കോറർ. ഇവർക്കു പുറമെ രണ്ടക്കം കടന്ന താരങ്ങൾ 16 റൺസെടുത്ത മുഹമ്മദ് ഹഫീസ്, 18 റൺസെടുത്ത വഹാബ് റിയാസ് എന്നിവർ മാത്രം.‌ ഇമാം ഉള്‍ ഹഖ്, ഹാരിസ് സൊഹൈല്‍, ഇമാദ് വസിം എന്നിവര്‍ക്കും രണ്ടക്കം കടക്കാനുമായില്ല.

വിൻഡീസിന് വേണ്ടി ഒഷേന്‍ തോമസ് 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.  ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റും ആന്ദ്രേ റസല്‍ രണ്ടുവിക്കറ്റും നേടി. ലോകകപ്പില്‍ പാക്കിസ്ഥാന്റെ രണ്ടാമത്തെ ചെറിയ സ്കോറാണ്. 

MORE IN BREAKING NEWS
SHOW MORE