റഷ്യയിൽ ഫ്രഞ്ച് പടയോട്ടം; ക്രൊയേഷ്യയെ വീഴ്ത്തി ലോകനെറുകയിൽ

france-2
SHARE

ലുഷ്നിക്കിയില്‍ ഫ്രഞ്ച് വിപ്ലവം. ലോകകപ്പ് ഫൈനലിൽ  ക്രൊയേഷ്യ രണ്ടിനെതിരെ നാല് ഗോളിന് കീഴടക്കി ഫ്രാൻസ് ലോകജേതാക്കൾ. ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന മൽസരത്തിനാണ് റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.  എംബാപ്പെ–പോഗ്ബ–ഗ്രീസ്മാന്‍ ത്രയം ആഞ്ഞടിച്ചപ്പോൾ ക്രൊയേഷ്യൻ നിര നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്. യൂറോപ്പിന് ലഭിക്കുന്ന 12–ാം ലോകകിരീടമാണിത്. ഫ്രാൻസിന്റെ രണ്ടാം ലോകകിരീട നേട്ടമാണിത്. പോഗ്ബ, എംബാപെ, ഗ്രീസ്മാൻ, (മാന്‍സുകിച്ച്-സെൽഫ്ഗോൾ) എന്നിവരാണ് ഫ്രാൻസിന് വേണ്ടി ഗോൾ നേടിയത്. 

ഫ്രാൻസിന്റെ അന്‍റോയ്ന്‍ ഗ്രീസ്മാനാണ് ഫൈനലിലെ താരം.  മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.  മികച്ച യുവതാരം ഫ്രാന്‍സിന്‍റെ കൈലിയന്‍ എംബാപ്പെ. ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയിനിന്. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ബെല്‍ജിയത്തിന്‍റെ തിബോ കോര്‍ട്ടോയ്ക്ക്.

 65-ാം മിനിറ്റിൽ എംബാപ്പെ ഫ്രാന്‍സിന്റെ നാലാം ഗോള്‍ നേടി. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി ഇതോടെ എംബാപ്പെ. എംബാപെയ്ക്ക് പ്രായം 19 വയസ്. 1958 ലെ ഫൈനലി‍‍ല്‍ പെലെ  ഗോള്‍ നേടിയത് 17 വയസ് പ്രായമുള്ളപ്പോള്‍.   69–ാം മിനിറ്റില്‍ മാരിയോ മാന്‍സൂക്കിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാംഗോള്‍ നേടിയത്.

 59ാം മിനിറ്റില്‍ പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടി. ആദ്യപകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. 38ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അന്റോയ്ന്‍ ഗ്രീസ്മാന്‍ ഗോള്‍ നേടി. ഇത്തവണ  വിഎആർ ആണ് ഫ്രാൻസിനെ തുണച്ചത്. ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുകയായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഗ്രീസ്മാന്റെ നാലാംഗോളാണിത്. പെനല്‍റ്റിയിലൂടെ മൂന്നാംഗോള്‍. 

18–ാം മിനിറ്റിൽ ലീഡ് നേടിയ ഫ്രാൻസിനെ 28–ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പം പിടിക്കുന്നു. ഡെമഗോജ് വിദയിൽനിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി. ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിൽ. 

ആദ്യ ഗോൾ വീണ് പത്തുമിനിറ്റിനകം ക്രൊയേഷ്യൻ മറുപടി. 28–ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചാണ് ഗോൾ മടക്കിയത്.18 ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് ആദ്യ ഗോൾ നേടിയത്. ഗ്രീസ്മാന്റെ ഫ്രീകിക്ക് മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി വലയ്ക്കുള്ളില്‍. 

ഗോൾ വഴി

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ, സെൽഫ് ഗോൾ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 0

18–ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാൻസ് ലീഡെടുക്കുന്നു. ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. സ്കോർ 1–0

ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 1

18–ാം മിനിറ്റിൽ ലീഡ് നേടിയ ഫ്രാൻസിനെ 28–ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പം പിടിക്കുന്നു. ഡെമഗോജ് വിദയിൽനിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി. ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിൽ. സ്കോർ 1–1

അന്റോയിൻ ഗ്രീസ്മൻ (ഫ്രാൻസ്) ഫ്രാൻസ് 2 – ക്രൊയേഷ്യ – 1

ക്രൊയേഷ്യയ്ക്ക് പാരയായി വിഎആർ! ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുന്നു. ഫ്രാൻസിന് പെനൽറ്റി. കിക്കെടുത്ത അന്റോയിൻ ഗ്രീസ്മൻ അനായാസം ലക്ഷ്യം കാണുന്നു. സ്കോർ 2–1

 പോൾ പോഗ്ബ (ഫ്രാൻസ്) ഫ്രാൻസ് 3 – ക്രൊയേഷ്യ – 1

59–ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്ന കാഴ്ച. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സർവശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാ‍ൻസ് ലീഡ് വർധിപ്പിക്കുന്നു. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 3–1

കിലിയൻ എംബപെ (ഫ്രാൻസ്) ഫ്രാൻസ് 4 – ക്രൊയേഷ്യ –1

ആവേശം വാനോളമുയരെ. നാലു മിനിറ്റിനിടെ പിറന്നത് രണ്ടു ഗോളുകൾ. 65–ാം മിനിറ്റിൽ കിലിയൻ എംബപെയിലൂടെ ഫ്രാൻസിന് നാലാം ഗോൾ. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് കിലിയൻ എംബപെയിലേക്ക്. സമയമൊട്ടും പാഴാക്കാതെ എംബപെയുടെ കിടിലൻ ഫിനിഷിങ്. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിന് ഒന്നും ചെയ്യാനില്ല. സ്കോർ 4–1

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 4 – ക്രൊയേഷ്യ –2

നാലു മിനിറ്റിനുള്ളിൽ ക്രൊയേഷ്യ തിരിച്ചടിക്കുന്നു. ഇക്കുറി ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവ് നിർണായകമാകുന്നു. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസ് വലിയ പിഴ നൽകേണ്ടി വരുന്നു. മാൻസൂകിച്ചിന്റെ സമ്മർദ്ദം ഗോളിലേക്ക്. സ്കോർ 2–4 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.