ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലിൽ; വിജയഗോൾ എക്സ്ട്രാ‌ടൈമിൽ

croatia-team-1
SHARE

ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ക്രൊയേഷ്യ ഫൈനലിൽ. ഫ്രാൻസാണ് ഫൈനലിൽ ക്രൊയേഷ്യയുടെ എതിരാളികൾ. ആദ്യം ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് അവിസ്മരണീയമായ ക്രൊയേഷ്യൻ തിരിച്ചുവരവ്. ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ നേടിയ ഗോളിൽ മുന്നിൽക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. ജൂലൈ 15ന് രാത്രി ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളികൾ.1998ൽ മൂന്നാംസ്ഥാനത്ത് എത്തിയതാണ് ക്രൊയേഷ്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.

എക്ട്രാടൈമിന്റെ രണ്ടാം പകുതിയിൽ മാരിയോ മാൻസുകിച്ചാണ് നിർണായക ഗോൾ നേടിയത്. ഇവാൻ പെരിസിച്ചിന്റെ പാസിൽനിന്ന് മാൻസൂക്കിച്ചിന്റെ തകർപ്പൻ ക്ലോസ്റേഞ്ചർ. സ്കോർ 2-1

മൽസരത്തിന്റെ നിശ്ചിതസമയത്ത് ഇരു ടീമുകളും ഒരോഗോൾ വീതം നേടി സമനിലയിലായതോടെയാണ് മൽസരം എക്ട്രാ ടൈമിലേക്ക് കടന്നത്. ഇവാൻ പെരിസിച്ചിന്റെ കിടിലൻ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനൊപ്പം പിടിച്ചത്. 68-ാം മിനിറ്റിൽ സിമെ വ്രസാൽകോയുടെ അത്യുഗ്രൻ ക്രോസിന് അതിലേറെ സുന്ദരമായി ഗോളിലേക്ക് വഴികാട്ടി ഇവാൻ പെരിസിച്ച്. പന്തു ഹെഡ് ചെയ്ത് തടയാനുള്ള കൈൽ വാൽക്കറുടെ ശ്രമം വിഫലമാക്കി പെരിസിച്ചിന്റെ ക്ലോസ്റേഞ്ചർ. 

മൽസരത്തിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിലായിരുന്നു. സെറ്റ്പീസ് ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. അഞ്ചാം മിനിറ്റിൽ ബോക്സിനു തൊട്ടുവെളിയിൽ ഡെലെ അലിയെ ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്ന് ഇംഗ്ലണ്ട് മുന്നിൽ. കിക്കെടുത്ത കീറൻ ട്രിപ്പിയർ ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിനെ കബളിപ്പിച്ച് അനായാസം ലക്ഷ്യം കാണുകയായിരുന്നു. 

എക്സ്ട്രാ ടൈമിൽ ഗോളെന്നുറപ്പിച്ച ഇംഗ്ലണ്ട് താരം എറിക് ഡെയറിന്റെ ഹെഡർ ഗോൾലൈനിനരികിൽ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാൽകോയുടെ പ്രകടനത്തിനും നൽകണം കയ്യടി. ഗോൾകീപ്പർ സുബാസിച്ചിന്റെ നീട്ടിയ കൈകൾക്കപ്പുറത്തുകൂടി വലയിലേക്ക് നീങ്ങിയ പന്താണ് വ്രസാൽകോ രക്ഷപ്പെടുത്തിയത്. പെരിസിച്ച് നേടിയ ആദ്യഗോളിന് പന്തെത്തിച്ചതും വ്രസാൽകോ തന്നെ. 1998ൽ ആദ്യ ലോകകപ്പിൽ സെമിയിൽ തോറ്റെങ്കിലും മൂന്നാം സ്വന്തമാക്കി മടങ്ങിയ ക്രൊയേഷ്യയ്ക്ക്, ആദ്യ ലോകകിരീടം നേടാനുള്ള സുവർണാവസരമാണ് ഒരു മൽസരമകലെ കാത്തിരിക്കുന്നത്. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.