
സെമിഫൈനല്‍ കാണാതെ ബ്രസീല്‍ പുറത്തായെങ്കിലും നെയ്മർ ഇപ്പോഴും താരമാണ്. ഈ ലോകകപ്പോടെ പ്രയോഗങ്ങൾ പലതെത്തി. ഇവിടെ മലയാളത്തിൽ നെയ്മറടി എന്ന പ്രയോഗം വന്നപ്പോൾ ദേശവ്യത്യാസമില്ലാതെ വൈറലായിരിക്കുകയാണ് നെയ്മർ ചലഞ്ച്. #neymarchallenge ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.
എന്താണ് നെയ്മർ ചലഞ്ച്?
സംഗതി വളറെ സിംപിൾ ആണ്. നെയ്മർ എന്നു പറയുമ്പോൾ നിലത്തു കിടന്നുരുളുക. ഉരുണ്ടാൽ മാത്രം പോര, മുഖത്ത് മികച്ച ഭാവാഭിനയവും വരണം. വീട്ടിലോ ജോലിസ്ഥലത്തോ കളിസ്ഥലത്തോ എവിടെ വെച്ചു വേണമെങ്കിലും നെയ്മർ ചലഞ്ച് ഏറ്റെടുക്കാം. കിടന്നുരുളൽ വിഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ളവർ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നെയ്മർ ചലഞ്ച് ഏറ്റെടുത്ത് ഭംഗിയായി ചെയ്യാനുള്ള ശ്രമത്തിലാണ്.
കളിക്കിടെ ഫൗൾ അഭിനയിക്കുന്നു എന്ന പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കായികലോകത്തു നിന്നുള്ളവരും പുറത്തുള്ളവരും ഒരുപോലെ നെയ്മറിനെ വിമർശിച്ചു. ആദ്യമത്സരം മുതൽ തന്നെ താരം മികച്ച അഭിനയമായിരുന്നവെന്നാണ് ഇവർ പറയുന്നത്.
ട്രോളുകൾക്കും ഒട്ടും പഞ്ഞമില്ലായിരുന്നു. കലാമണ്ഡലം നെയ്മറാശാന് എന്നായിരുന്നു കഥാകാരൻ എൻഎസ് മാധവൻറെ വിശേഷണം.