ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാമത്; ചരിത്രനേട്ടം

belgium-players-2
SHARE

ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്‍പിച്ച ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം. നാലാം മിനിറ്റില്‍ മ്യൂനിയറും 82ാം മിനിറ്റില്‍ ഏദന്‍‌ ഹസാര്‍ഡും ഗോള്‍ നേടി. ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ ഏറ്റവുംമികച്ച നേട്ടമാണ് മൂന്നാംസ്ഥാനം. 1986 ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതാണ് മുന്‍പത്തെ മികച്ച പ്രകടനം.

കഴിഞ്ഞ മൽസരത്തിൽ സസ്പെൻഷൻ മൂലം പുറത്തിരുന്ന തോമസ് മ്യൂനിയറാണ് ആദ്യ ഗോൾ നേടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ നാസർ ചാ‌ഡ്‌ലിയുടെ ക്രോസിൽനിന്ന് മ്യൂനിയറിന്റെ ഉജ്വല ഫിനിഷിങ്. ഈ ലോകകപ്പിൽ ബൽജിയത്തിനു വേണ്ടി ഗോൾ നേടുന്ന പത്താമത്തെ താരമാണ് തോമസ് മ്യൂനിയർ. ലോകകപ്പിൽ ഇതു റെക്കോർഡാണ്. 1982ൽ ഫ്രാൻസിന്റെയും 2006ൽ ഇറ്റലിയുടെയും 10 താരങ്ങൾ അതാത് ലോകകപ്പുകളിൽ ഗോൾ നേടിയിട്ടുണ്ട്.

82–ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നെ – ഏ‍ഡൻ ഹസാർഡ് സഖ്യം ഗോൾ നേടിയതോടെ ബൽജിയത്തിന് രണ്ടുഗോൾ ലീഡ്. ബൽജിയത്തിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഡിബ്രൂയ്നെയിൽനിന്ന് പന്ത് ഇടതുവിങ്ങിൽ ഹസാർഡിലേക്ക്. ഇംഗ്ലണ്ട് പ്രതിരോധത്തെ ഛിന്നഭിന്നമാക്കിയ ഏതാനു ചുവടുകൾക്കൊടുവിൽ പിക്ഫോ‍ർഡിനെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് പായിക്കുന്ന ഹസാർഡ്. സ്കോർ 2–0.


അതേസമയം, പന്തു കൂടുതൽ സമയം കൈവശം വയ്ക്കുകയും മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും ഗോളിനു മുന്നിൽ ലക്ഷ്യം മറന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഉൾപ്പെടെയുള്ളവർ മികച്ച അവസരങ്ങൾ പാഴാക്കി. രണ്ടാം പകുതിയിൽ ജെസ്സെ ലിംഗാർഡ്, റാഷ്ഫോർഡ് എന്നിവർ കളത്തിലിറങ്ങിയതോടെ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങൾക്ക് കൂടുതൽ ദിശാബോധം വന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 

MORE IN WORLD CUP 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.