റഷ്യൻ വിപ്ലവം; റാങ്കിങ്ങിലല്ല കാര്യമെന്ന് തെളിയിച്ച പ്രകടനം; ക്വാർട്ടറിൽ അടിതെറ്റി പുറത്ത്

russia-worldcup
SHARE

സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം ഫുട്ബോളിലെ റഷ്യന്‍ വിപ്ലവത്തിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ആതിഥേയരെന്ന നിലയില്‍ ലോകകപ്പിന് യോഗ്യത നേടിയ റഷ്യ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ഫിഫ റാങ്കിങ്ങില്‍ എഴുപതാം സ്ഥാനത്താണ് റഷ്യയുടെ സ്ഥാനം.  എന്നാല്‍ റാങ്കിങ്ങില്‍ കാര്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ ലോകകപ്പില്‍ റഷ്യയുടെ പ്രകടനം. സ്വന്തം നാട്ടില്‍ നടക്കുന്ന കാല്‍പ്പന്ത് മാമാങ്കത്തില്‍ തങ്ങളുടെ പ്രകടനം ഒട്ടും മോശമാകരുതെന്ന ദൃഢനിശ്ചയം ഓരോ റഷ്യന്‍ കളിക്കാരനും ഉണ്ടായിരുന്നു. ആവോളം ലഭിച്ച നാട്ടുകാരുടെ പിന്തുണയില്‍ പന്തു തട്ടിയവര്‍ അത് എതിരാളികളുടെ വല നിറച്ചുകൊണ്ട് പിന്തുണയ്ക്ക് നന്ദി കാണിച്ചു. ആദ്യം തകര്‍ത്തത് സൗദിഅറേബ്യയെ. അതും മറുപടിയില്ലാത്ത  അഞ്ചുഗോളിന്. 

ചെറിഷേവ്, ആര്‍ട്ടം സ്യൂബ, അലക്സാണ്ടര്‍ ഗോളോവിന്‍ തുടങ്ങിയ പേരുകള്‍ ലോകം അറിഞ്ഞുതുടങ്ങിയത് ഉദ്ഘാടന ദിവസത്തെ മല്‍സരത്തില്‍ നിന്ന്. സൗദിക്കെതിരായ മല്‍സരം ഒരു ഫ്ലൂക്കാണെന്ന് കരുതിയവര്‍ക്കുള്ള മറുപടി റാങ്കിങ്ങില്‍ 45ാം സ്ഥാനത്തുള്ള  ഈജിപ്തിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു.   പ്രീമിയര്‍ ലീഗിലെ മിന്നുംതാരം മുഹമ്മദ് സലാ നയിച്ച ഈജിപ്തിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്.  അപ്പോഴും ഗോളടിച്ചു ചെറിഷേവും സ്യൂബയും.

എന്നാല്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ യുറഗ്വായോട് അടിതെറ്റി.  ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് തോറ്റു.  ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയ റഷ്യയെക്കാത്ത് വന്‍താരനിരയുമായി സ്പെയിന്‍.  ലുഷ്നിക്കിയില്‍ സെല്‍ഫ് ഗോളിലൂടെ സ്പെയിനിന് ലീഡ് സമ്മാനിക്കുകയും പിന്നീട് പെനല്‍റ്റിയിലൂടെ  സമനില പിടിക്കുകയും ചെയ്തു. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം.  സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായി റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അക്കിന്‍ഫീവ്  ഗോള്‍ കീപ്പര്‍ ഇതോടെ താരമായി.  ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ ‍‍ഞെട്ടിച്ചുകൊണ്ട് ലീഡ് നേടി.  പിന്നീട് ഗോളും ലീഡും വഴങ്ങുകയും സമനില പിടിക്കുകയും ചെയ്തു. വീണ്ടും പെനല്‍റ്റി ഷൂട്ടൗട്ട്. ഇത്തവണ ക്രൊയേഷ്യയുടെ പരിചയസമ്പത്തിന് മുന്നില്‍ അടിപതറി ലോകകപ്പില്‍ നിന്ന് പുറത്തേക്ക്.  

റഷ്യയുടെ കുതിപ്പിന് പിന്നിലെ ശക്തി പരിശീലകന്‍ സ്റ്റാനിസ്ലാവ് ചെര്‍ച്ചസോവ് എന്ന 54കാരനാണ്.  സോവിയറ്റ് യൂണിയന്‍റെയും പിന്നെ റഷ്യയുടേയും ഗോള്‍വല കാത്ത ഇദ്ദേഹം 2016ലാണ് റഷ്യയുടെ പരിശീലകനായി എത്തിയത്.  ചില കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി ഏറെ വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും ടീമിനെ മൊത്തമായി പ്രചോദിപ്പിക്കാനും ലോകകപ്പിന്‍റെ നോക്ക് ഔട്ട് ഘട്ടം വരെയെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.  ഈ ലോകകപ്പിലെ പ്രകടനം വെറുമൊരു തുടക്കം മാത്രമാണെന്നാണ് ചെര്‍ച്ചസോവിന്‍റെ പക്ഷം.  

MORE IN SPORTS
SHOW MORE