ലോകകപ്പ് കിരീടം സ്വപ്നമായിരുന്നു; നിരാശയിൽ ബ്രസീൽ ജനത

brazil-fans
SHARE

ബെല്‍ജിയത്തിനെതിരായ തോല്‍വി ബ്രസീലിയന്‍ ജനതയെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയ പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവുമടക്കം കടുത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ബ്രസീലിയന്‍ ജനതയുടെ  വലിയ സ്വപ്നമായിരുന്നു ലോകകപ്പ് കിരീടം. കേവലമൊരു ടൂര്‍ണമെന്റെന്നതിലപ്പുറം ഒരു ജനതയ്ക്ക് അതിജീവനത്തിനുള്ള ഊര്‍ജമായിരുന്നു ഈ ലോകകപ്പ്.  നെയ്മര്‍, നിന്നെ റൊണോയ്ക്കും മെസിക്കും തുല്യനായി വാഴ്ത്തിയില്ലെങ്കിലും അവര്‍ക്കു കഴിയാത്തത് നിനക്കും കൂട്ടുകാര്‍ക്കും കഴിയുമെന്ന് നിന്റെ നാട്ടുകാര്‍ അടിയുറച്ച് വിശ്വസിച്ചു. 

മല്‍സരം തുടങ്ങുംമുന്‍പ്  അത്രയുംആവേശത്തിലായിരുന്നു അവര്‍. നിങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ അവര്‍ ഗാലറിയില്‍ ആര്‍ത്തിരമ്പി. കഴിഞ്ഞ ലോകകപ്പാണ് ബ്രസീലിനെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ടത്. ടൂര്‍ണമെന്റ്  കഴിഞ്ഞതോടെ നാടാകെ സാമ്പത്തിക പ്രതിസന്ധിയിലായി. തൊട്ടുപിന്നാലെ അഴിമതി ആരോപണം ഉയര്‍ന്നതോടെ ഇടതു പക്ഷക്കാരിയായ ദില്‍മ റൂസഫിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇംപീച്ച് ചെയ്തു. ഭരണമേറ്റെടുത്തതാകട്ടെ ഒട്ടും ജനപ്രീതിയില്ലാത്ത തീവ്രവലതുപക്ഷ നേതാവ് മൈക്കല്‍ ടെമര്‍. അതോടെ ജനജീവതം ദുരിതത്തിലായി. അക്രമങ്ങള്‍ വര്‍ധിച്ചു. പിന്നാലെ സിക വൈറസ് ബാധയും ബ്രസീലിയന്‍ ജനതയെ തളര്‍ത്തി. 

കാനറിക്കിളികളേറെ സ്നേഹിക്കുന്ന മഞ്ഞക്കുപ്പായം പോലും പലരുമണിയാന്‍ മടിച്ചു. ആ ജേഴ്സി തീവ്രവലതുപക്ഷക്കാര്‍ ഏറ്റെടുത്തതായിരുന്നു കാരണം. ഈ ദുരിതങ്ങളെല്ലാം മറക്കാന്‍, ജീവിതത്തില്‍ വീണ്ടും പ്രത്യാശയുെട നാളമാകാന്‍ ആ കനകകിരീടത്തിനാകുമെന്ന് ഈ ജനത ഉറച്ചുവിശ്വസിച്ചു. ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളും ഡിബ്രൂയിന്റെ പവര്‍ ഷോട്ടും ചിതറിച്ചത് കാനറിക്കിളികളുടെ സ്വപ്നമായിരുന്നു, അവസാനപിടിവള്ളിയായിരുന്നു. റെനറ്റോ അഗസ്റ്റോയുടെ ഗോളോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളച്ചു.പക്ഷേ അവസാനവിസിലോടെ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ അവര്‍ പൊട്ടിക്കരഞ്ഞു.അറിയാം കാനറികള്‍ക്കിതെത്ര സങ്കടകരമാണെന്ന്. ഒരു നിമിഷമെങ്കിലൊരു നിമിഷം എല്ലാം മറന്നാഘോഷിക്കാമെന്ന് വിചാരിച്ചു. ഒന്നും അവസാനിക്കുന്നില്ല. ജീവിതത്തോടുള്ള പോരാട്ടം തുടരും.  നാലുവര്‍ഷം കഴിഞ്ഞെത്തുന്ന നാളിലേക്ക് ഇന്നേ തുടങ്ങുകയാണ് പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.