ബ്രസീലോ അര്‍ജന്റീനയോ കേമം? ബൂട്ടിയ കണ്ട ലോകകപ്പ്: അഭിമുഖം

bhutia
SHARE

ലോകകപ്പ് ഇത്തവണ ഫ്രാൻസിനെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ലയണല്‍ മെസി ലോകകപ്പ് നേടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ഇന്ത്യ ലോകകപ്പ് കളിക്കുന്നത് കാണാൻ താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ ബ്രാന്‍ഡ് അംബാസഡാറായ കമ്പനിയുടെ പുതിയ പന്ത് വിപണിയിലിറക്കാന്‍ കൊച്ചിയിലെത്തിയ ബൈച്ചുങ് ബൂട്ടിയ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്

 ആരായിരിക്കും ഇത്തവണ ലോകകപ്പ് നേടുക?

ലോകകപ്പ് തുടങ്ങുന്നതിനു മുന്‍പേ തന്നെ ഫ്രാന്‍സ് കപ്പ് നേടും എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഫ്രാന്‍സ് സെമിയില്‍ കടന്നുകഴിഞ്ഞു. ബെല്‍ജിയത്തിനെതിരായ സെമി ഫൈനല്‍ പോരാട്ടം കടുത്തതാകും. എങ്കിലും ഫേവറിറ്റുകള്‍ ഫ്രാന്‍സ് തന്നെയാണ്. ഫ്രാന്‍സ് ടീം മികച്ചതാണ്. താരതമ്യേന പ്രായം കുറഞ്ഞവരാണ് ടീമില്‍ അധികവും. വളരെ ബാലന്‍സ്ഡ് ആണ് ടീം. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും ഫ്രാന്‍സ് ഒരുപോലെ മികവുപ്രകടിപ്പിക്കുന്നു. വ്യത്യസ്ത ശൈലികള്‍ സ്വീകരിക്കാനും യഥാസമയം ശൈലികള്‍ മാറ്റാനും ഫ്രാന്‍സിനു കഴിയും. യോഗ്യതാമല്‍സരങ്ങളിലും ലോകകപ്പ് സന്നാഹമല്‍സരങ്ങളിലും ഫ്രാന്‍സ് ശക്തി തെളിയിച്ചിരുന്നു.

 ബൈച്ചുങ് ഏത് ടീമിന്റെ ആരാധകനാണ്?

അര്‍ജന്റീന കപ്പ് നേടണമെന്നാണ് വ്യക്തിപരമായി ആഗ്രഹിച്ചിരുന്നത്. എന്റെ പിന്തുണയും അര്‍ജന്റീനയ്ക്കായിരുന്നു. വിരമിക്കുന്നതിനു മുന്‍പ് മെസി ഒരു ലോകകപ്പെങ്കിലും ഉയര്‍ത്തണമെന്ന് ആശിച്ചിരുന്നു. എന്നാല്‍ മറ്റു ടീമുകളെ അപേക്ഷിച്ച് അര്‍ജന്റീന ഇത്തവണ അത്ര കരുത്തരായിരുന്നില്ല. 

 ഇത്തവണത്തെ കറുത്തകുതിരകള്‍ ആരാണ്?

തീര്‍ച്ചയായും അത് ബെല്‍ജിയമാണ്. ലോകകപ്പ് തുടങ്ങും മുന്‍പേ തന്നെ ബെല്‍ജിയമായിരിക്കും ഇത്തവണ കറുത്ത കുതിരകളെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് സാധൂകരിക്കുന്ന പ്രകടനമാണ് ബെല്‍ജിയം നടത്തിയത്. ലോകകപ്പിലുടനീളം മികച്ച പ്രകടനമാണ് ബെല്‍ജിയം നടത്തിയത്. എന്നാല്‍ ഈ ലോകകപ്പില്‍ അതിശയകരമായ മുന്നേറ്റം നടത്തിയത് ക്രൊയേഷ്യയാണ്. ക്രൊയേഷ്യ സെമി ഫൈനലിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇനി സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ക്രൊയേഷ്യ ഫൈനലിലെത്തിയാലും അതിശയിക്കേണ്ട.

 ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കാകും?

ഇംഗ്ലണ്ടിന്റെ ഹാരി കെയിനു തന്നെയാണ് സാധ്യത കൂടുതല്‍. ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും തൊട്ടുപിന്നിലുണ്ട്

ചോദ്യം: അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഇത്തവണ എന്തുപറ്റി?

മെസിയെ മാറ്റിനിര്‍ത്തിയാല്‍ അത്ര മികച്ച ടീമൊന്നുമായിരുന്നില്ല അര്‍ജന്റീന. ബ്രസീലിന്റേത് ഇത്തവണ മികച്ച ടീമായിരുന്നു. സെമിഫൈനലിലോ ഫൈനലിലോ എത്താന്‍ ബ്രസീലിനു കഴിയുമായിരുന്നു. ഭൗര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല. പരസ്പരം താരതമ്യം ചെയ്താല്‍ അര്‍ജന്റീനയേക്കാള്‍ ഏറെ മുന്നിലുള്ള ടീമായിരുന്നു ബ്രസീല്‍.  

 ഇന്ത്യ എന്നെങ്കിലും ലോകകപ്പ് കളിക്കുമോ?

ഒരുദിവസം ഇന്ത്യയും ലോകകപ്പ് കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നമ്മുടെ ജീവിതകാലത്തെങ്കിലും ഇന്ത്യ ലോകകപ്പ് കളിക്കുന്നത് കാണണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 2026 ലോകകപ്പില്‍ ടീമുകളുടെ എണ്ണം നാല്‍പത്തിയെട്ടാകും. ആനുപാതികമായി ഏഷ്യന്‍ ടീമുകളുടെ എണ്ണവും വര്‍ധിക്കും. ഏഷ്യയില്‍ നിന്ന് നാലു ടീമുകള്‍ എന്നത് എട്ടായി ഉയര്‍ന്നേക്കും. അപ്പോഴേക്കും ഇന്ത്യ ഗൗരവത്തോടെ പരിശ്രമിച്ചാല്‍ യോഗ്യത നേടാനും ലോകകപ്പ് കളിക്കാനും സാധിക്കും.

ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടുവരുന്നതിനിടെ ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയക്കേണ്ടതില്ലെന്ന തീരുമാനം ശരിയായോ?

ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കാതിരുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ കളിക്കേണ്ടതായിരുന്നു. അത് അണ്ടര്‍ 23 ടൂര്‍ണമെന്റാണെങ്കിലും വളരെ പ്രധാനപ്പെട്ടതാണ്. യുവതാരങ്ങള്‍ക്ക് രാജ്യാന്തര മല്‍സരപരിചയം ലഭിക്കാനും മികവ് പുറത്തെടുക്കാനും കഴിയുന്ന അവസരമായിരുന്നു. 

ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഐഎസ്എല്‍ സഹായകമാകുന്നുണ്ടോ?

  ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഐഎസ്എല്ലിന്റെ സംഭാവന വളരെ ചെറുതാണ്. ഐഎസ്എല്‍ ഇനിയും ഏറെ മെച്ചപ്പെടാനും വളരാനുമുണ്ട്. മികച്ച താരങ്ങളെയാണ് ടീമില്‍ എടുക്കുന്നതെന്ന് ക്ലബ്ബുകള്‍ ഉറപ്പുവരുത്തണം. മൂന്നാം സീസണില്‍ കളിച്ച വിദേശതാരങ്ങളുടെ നിലവാരം ആദ്യ രണ്ട് ഐഎസ്എല്‍ സീസണുകളേക്കാള്‍ മോശമായിരുന്നു. ഐഎസ്എല്ലിലേക്കു വരുന്ന വിദേശതാരങ്ങളുടെ നിലവാരം കുറഞ്ഞുവരികയാണ്. സൂപ്പര്‍ കപ്പിലെ പ്രകടനം കണ്ടില്ലേ. സെമിയില്‍ കടന്ന നാലില്‍ ഒരു ടീം മാത്രമായിരുന്നു ഐഎസ്എല്ലില്‍ നിന്ന് ഉണ്ടായിരുന്നത്. കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ കുറേക്കൂടി ജാഗ്രത കാണിക്കണം

 ഐഎസ്എല്ലും ഐലീഗും ലയിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ഐലീഗും ഐഎസ്എല്ലും ലയിപ്പിക്കുകയാണെങ്കില്‍ അത് വളരെ നല്ലതായിരിക്കും. ലീഗില്‍ കൂടുതല്‍ ടീമുകളാവും. അപ്പോഴും യോജിപ്പും വളര്‍ച്ചയും ഉണ്ടാകും. ഇരു ലീഗുകളും പരസ്പരം ലയിക്കുമോ ഇല്ലയോ എന്നതിനേക്കാള്‍ വളരെ പ്രധാനം ഫുട്ബോളിന്റെ വളര്‍ച്ച തന്നെയാണ്. 

താങ്കള്‍ രാജ്യത്തിനുവേണ്ടി കളിച്ചിരുന്ന സമയത്ത് ഐഎസ്എല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒരു പരിധിവരെ. ഇതുപോലെ വളരെ ഓര്‍ഗനൈസ്ഡ് ആയ ഒരു ലീഗ് അപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല, സുഹൃത്തുക്കളായ ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയുമെല്ലാം അങ്ങനെ ഒരു ലീഗുണ്ടായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു. നല്ല ഫുട്ബോള്‍ കളിക്കുന്നതിനൊപ്പം, സ്വന്തം നിലവാരവും മെച്ചപ്പോടുത്താന്‍ കഴിയും. മികച്ച അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും മുതല്‍ക്കൂട്ടാകുമായിരുന്നു. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു എങ്കിലും അതിനെയോര്‍ത്ത് ദുഃഖമില്ല. 

 കേരളത്തിലെത്തിയപ്പോള്‍ പഴയ സുഹൃത്തുക്കളെ കണ്ടോ?

ഐ.എം.വിജയനുമായി ഞാന്‍ സംസാരിച്ചിരുന്നു. അല്‍പം മുന്‍പാണ് വിജയനെ വിളിച്ചത്. ജോ പോള്‍ അഞ്ചേരി സ്ഥലത്തില്ലെന്ന് തോന്നുന്നു.

 രാഷ്ട്രീയത്തില്‍ എന്താണ് ഭാവി പരിപാടികള്‍?

സിക്കിമില്‍ കുറച്ചുസുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു തുടക്കമിട്ടിരിക്കുകയാണ്. സിക്കിമിലെ രാഷ്ട്രീയത്തില്‍ മാറ്റംവരുത്തുകയാണ് ഞങ്ങളുടെ പ്രാദേശിക പാര്‍ട്ടിയുടെ ലക്ഷ്യം. സിക്കിം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അഴിമതി, ലഹരിമരുന്ന്, ആത്മഹത്യ, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം സിക്കിമില്‍ കൂടുതലാണ്. ഇവ മാറ്റിയെടുക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. അഴിമതി രഹിത, സംശുദ്ധമായ സര്‍ക്കാരിന് രൂപം നല്‍കുകയാണ് ലക്ഷ്യം.

MORE IN SPORTS
SHOW MORE