ഫ്രഞ്ച് പടയോട്ടത്തില്‍ യുറഗ്വായ് മണ്ണടിഞ്ഞു; ഫ്രാൻസ് സെമിയിൽ (2-0)

france-world-cup
SHARE

മുന്‍ചാംപ്യന്‍മാരായ യുറഗ്വായെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.  അന്റോയ്ന്‍ ഗ്രീസ്മാനും റാഫേല്‍ വരാനേയും ഫ്രാന്‍സിനു വേണ്ടി ഗോള്‍ നേടി. ഫ്രഞ്ച് പടയോട്ടത്തില്‍ യുറഗ്വായ് മണ്ണടിഞ്ഞു. ലോകകപ്പിലാകെ ഒരിക്കല്‍ മാത്രം വിള്ളല്‍ വീണ കോട്ടയില്‍ തന്ത്രപരമായ നീക്കങ്ങളോെട ഫ്രാന്‍സ് രണ്ടുവട്ടം കൊടിനാട്ടി . സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തില്‍ യുറഗ്വായ്ക്ക് മേല്‍  ആദ്യഫ്രഞ്ച് വിജയം. യുറഗ്വായ് മുന്നേറ്റത്തോടെ കളി തുടങ്ങി.  എഡിസണ്‍ കവാനിയുടെ കുറവറിയിച്ച് ഫ്രഞ്ച് ബോക്സില്‍ പന്ത് ഫിനിഷറെ തേടി നടന്നു. വലതുവിങ്ങിലൂടെ ഗ്രീസ്മാന്‍ – എംബാപ്പെ കൂട്ടുകെട്ടില്‍ ഫ്രഞ്ച് നീക്കങ്ങള്‍. ഒത്തിണക്കത്തോടെ പന്തടക്കി  നീലപ്പട കളി കയ്യിലാക്കി. ടാര്‍ഗറ്റിലേക്കുള്ള ആദ്യ ഷോട്ട് തന്നെ ഗോളായി. നാല്‍പതാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് അന്റോയ്ന്‍ ഗ്രീസ്മാന്റെ അളന്നുകുറിച്ച ഫ്രീകിക്ക്, ബോക്സിലേക്ക് തിരിച്ചുവിട്ട് റാഫേല്‍ വരാനെ ആദ്യ ഗോള്‍ നേടി.

ഫ്രഞ്ച് ആഘോഷം അവസാനിക്കും മുന്‍പ് തന്നെ ഗോള്‍ മടക്കുമായിരുന്നു യുറഗ്വായ്. മാര്‍ട്ടിന്‍ കാസെറസിന്റെ ഉജ്വല ഹെഡറില്‍ ഗോളി ഹ്യൂഗോ ലോറിസിന്റെ പ്രോജ്വല സേവ്. 61 ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാംഗോളെത്തി. ബോക്സിന് പുറത്തുനിന്ന് ടോളിസ്സോ നല്‍കിയ  പന്തില്‍ അന്റോയ്ന്‍ ഗ്രീസ്മാന്റെ പവര്‍ഫുള്‍ ഇടംകാലന്‍ ഷോട്ട്. പന്ത് കയ്യിലാക്കണോ തട്ടിയകറ്റണോ എന്ന് സംശയിച്ച യുറഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസ്്ലേരയുടെ കയ്യില്‍ തട്ടി പന്ത് പോസ്റ്റിനുള്ളില്‍.

വിശ്വസ്ത ഗോളി മുസ്‍ലേരയുടെ പിഴവ് അവിശ്വസനീയമായിരുന്നു യുറഗ്വായ്്ക്ക്. രണ്ടു ഗോളിന്റെ ലീഡില്‍ ദിദിയര്‍ ദെഷാംപ്സ് ഫ്രഞ്ച് പ്രതിരോധക്കോട്ടയിലേക്ക് ആളെക്കൂട്ടി ശക്തമാക്കി.   ശേഷിച്ച മിനിറ്റുകളില്‍ തിരിച്ചടിച്ച്  വിജയം അസാധ്യമെന്നുറപ്പിച്ച യുറഗ്വായ് താരങ്ങള്‍ ഫൈനല്‍ വിസിലിന് മുന്‍പെ കണ്ണീര്‍ വാര്‍ത്തത് ലോകകപ്പിന്റെ തന്നെ നൊമ്പക്കാഴ്ചയായി. സൂപ്പര്‍ താരം ലൂയി സുവാരസിന്റെ പേരില്‍ ഒറ്റ ടാര്‍ഗറ്റ് ഷോട്ടുപോലുമില്ല മല്‍സരത്തില്‍. ഇത് ആറാം തവണയാണ് ഫ്രാന്‍സ് ലോകകപ്പില്‍ അവസാന നാലില്‍ ഇടംപിടിക്കുന്നത്. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.