ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊയേഷ്യ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

croatian-players-1
SHARE

ലോകകപ്പ് ഫുട്ബോളിലെ നിർണായക ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ ആതിഥേയരായ റഷ്യയെ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമിയിൽ പ്രവേശിച്ചു.  ഷൂട്ടൗട്ടിൽ (4-3) നാണ് ക്രൊയേഷ്യൻ ജയം. റഷ്യയുടെ രണ്ടും ക്രൊയേഷ്യയുടെ ഒരു കിക്കും പാഴായി.  മൽസരം മുഴുവൻ സമയത്ത് 1–1നും എക്സ്ട്രാ ടൈം പൂർത്തിയാകുമ്പോൾ 2–2നും സമനില പാലിച്ചതോടെയാണ് വിജയികളെ നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

1998നുശേഷം ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് സെമിയിൽ കടക്കുന്നത്. തോറ്റെങ്കിലും ഉശിരൻ പോരാട്ടം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിൽ ശിരസുയർത്തിയാണ് ആതിഥേയരായ റഷ്യയുടെ മടക്കം. 11ന് നടക്കുന്ന സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ക്രൊയേഷ്യ ആദ്യം ലീഡ് നേടി മുന്നിലെത്തി. എന്നാൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഗോൾ മടക്കി റഷ്യ മൽസരത്തിലേക്ക് തിരിച്ചുവന്നു.  115 -ാം മിനിറ്റിൽ മാരിയോ ഫോർണാണ്ടസിന്റെ ആ കിടിലൻ ഗോൾ പിറന്നത്. 

എക്സ്ട്രാടൈമിന്റെ ആദ്യപകുതിയിലാണ് ക്രൊയേഷ്യ നിർണായക ലീഡ് നേടിയത്. ലൂക്കാ മോഡ്രിച്ചിന്റെ തകർപ്പൻ ക്രോസിൽ തലവച്ച് വിദാ ടീമിന് ലീഡ് നൽകി. മൽസരത്തിലാദ്യമായി 100–ാം മിനിറ്റിൽ റഷ്യ പിന്നിൽ. ഗോളാവേശത്തിൽ ജഴ്സിയൂരിയ വിദായ്ക്ക് മഞ്ഞക്കാർഡ്. 

90 മിനിറ്റ് കളി അവസാനിക്കുമ്പോൾ ഇരുടീമും ഒരോഗോൾവീതം നേടി ഒപ്പത്തിനൊപ്പമായതിനെതുടർന്നാണ് അധിക സമയത്തേക്ക് നീണ്ടത്. ആദ്യപകുതിയിൽ ഇരുടീമുകളും ഒരോ ഗോൾവീതം നേടി ഒപ്പത്തിനൊപ്പമെത്തിയിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാനായില്ല.

ആദ്യം മുന്നിലെത്തിയത് റഷ്യയാണ്. അധികം വൈകാതെ ക്രൊയേഷ്യ ഗോൾ മടക്കി. ഡെനിസ് ചെറിഷേവാണ് റഷ്യക്കായി ഗോൾ നേടിയത്. 31-ാം മിനിറ്റിലാണ് സ്വന്തം കാണികളുടെ മുന്നിൽ റഷ്യയുടെ സുവർണഗോൾ പിറന്നത്. ലോകപ്പിൽ ചെറിഷേവിന്റെ നാലാം ഗോളാണിത്. 

39–ാം മിനിറ്റിൽ മാരിയോ മാൻസൂക്കിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് റഷ്യൻ പോസ്റ്റിനു സമാന്തരമായി മറിക്കുന്നു. റഷ്യൻ പ്രതിരോധനിരക്കാർക്കിടയിലൂടെ പാഞ്ഞെത്തി പന്ത് ഗോളിലേക്ക് അയയ്ക്കുന്ന ആന്ദ്രെ കമറിച്ച്. റഷ്യൻ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ടീമിന്റെ പുറത്താവൽ. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.