കാനറികളെ കൊത്തിപ്പറിച്ച് ചുവന്ന ചെകുത്താൻമാർ'; കണ്ണീരോടെ വീണ്ടും ബ്രസീൽ

brazil-world-cup
SHARE

ബെല്‍ജിയത്തിന് മുന്നില്‍ മുട്ടുകുത്തി ബ്രസീല്‍ ലോകകപ്പിന്റെ സെമികാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്  ബെല്‍ജിയത്തിന്റെ ജയം. ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍‌ അക്കൗണ്ട് തുറന്ന ബെല്‍ജിയത്തിന്  വേണ്ടി ഡിബ്രുയ്ന്‍ ഗോളടിച്ചു.  റെനറ്റോ അഗസ്റ്റോയാണ് ബ്രസീലിന്റെ ആശ്വാസഗോള്‍ നേടിയത്. 1986ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ബെല്‍ജിയം  സെമിയിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന  സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ നേരിടും. 

Russia Soccer WCup Brazil Belgium

വിജയാഘോഷം കാത്തിരുന്ന മുഖങ്ങളിലെ മഞ്ഞഛായം കണ്ണീരില്‍ പടര്‍ന്നൊലിച്ചു.. കാനറികളുടെ ചോര ചാലിച്ച ചുവപ്പണിഞ്ഞാണ്  ബെല്‍ജിയം തുള്ളിച്ചാടിയത്. തുടര്‍ച്ചയായ നാലാം ലോകകപ്പിലും യൂറോപ്യന്‍ ഷോക്കേറ്റ് ബ്രസീല്‍ വീണു.നല്ല കളി ആസ്വദിക്കാന്‍, ലോകകപ്പിന്റെ തന്നെ ആവേശം കെടാതിരിക്കാന്‍, ബ്രസീല്‍ നിലനില്‍ക്കണമായിരുന്നു ഇനിയും.. കൗണ്ടര്‍ അറ്റാക്കിന്റെയും ക്ലീന്‍ ഡിഫന്‍സിങ്ങിന്റെയും ഉത്തമപാഠപുസ്തകം തുറന്ന ബെല്‍ജിയം ഈ ജയം അര്‍ഹിക്കുന്നു. ഇതുവരെ കണ്ട ബെല്‍ജിയമായിരുന്നില്ല കസാനില്‍. നെയ്മര്‍ക്കും കുടീഞ്ഞോയ്ക്കും വില്യനും പൂട്ടിട്ട യൂറോപ്യന്‍ ടീം അതിവേഗ കൗണ്ടറുകള്‍ കൊണ്ട് ബ്രസീലിന്റെ താളം തെറ്റിച്ചു. ലുക്കാക്കുവും ഡിബ്രുയ്നും ഹസാര്‍ഡും ഭീതി വിതച്ചു കൊണ്ടേയിരുന്നു. 13–ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡെടുത്തത്.

ഇമ്പമുള്ള നീക്കങ്ങള്‍ കൊണ്ട് ബെല്‍ജിയം ഗോള്‍പോസ്റ്റ് വരെ പലകുറിയെത്തി പൗളീഞ്ഞോയും മാഴ്സലോയും കുടീഞ്ഞോയുമെല്ലാം. എന്നാല്‍ ചരടു പൊട്ടിയ പട്ടം കണക്കെ എങ്ങോട്ടോ പറന്നു അവരുടെ ഷോട്ടുകള്‍. കൗണ്ടര്‍ അറ്റാക്കിന്റെ പൂര്‍ണത കണ്ടും രണ്ടാം ഗോളിന് വഴിവച്ച നീക്കത്തില്‍. ലുക്കാക്കു തുടങ്ങിവച്ച, ഡിബ്രുയന്‍ കോരിത്തരിപ്പിച്ച പ്രവാഹം..

രണ്ടാം പകുതിയില്‍ ബ്രസീല്‍ കളി മാറ്റി. ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്കുകളെ നിയന്ത്രിച്ച്, ഗോള്‍ തേടി ഇരച്ചുകയറി. ഒപ്പം ചില സബ്സ്റ്റിറ്റ്യൂഷനുകളും. വില്യനെ മാറ്റി ഫിര്‍മീന്യോയെ ഇറക്കി.., ജിസ്യൂസിന് പകരം ഡഗ്ലസ് കോസ്റ്റ, പൗളീഞ്ഞോയെ വലിച്ച് റെനറ്റോ അഗസ്റ്റോ കളത്തില്‍. 76–ാം മിനിറ്റില്‍ അഗസ്റ്റോയിലൂടെ ബ്രസീലിന്റെ മറുപടി ഗോള്‍.കളിയുണര്‍ന്നു.. കസാന്‍ ആവേശം കൊണ്ടു. ബെല്‍ജിയം ഗോളടി ഉപേക്ഷിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞു. മഞ്ഞജഴ്സിക്കാര്‍ സൈറന്‍ മുഴക്കി പാഞ്ഞടുത്തു കൊണ്ടേയിരുന്നു ഗോളിലേക്ക്.എന്നാല്‍ തിബോ കോര്‍ട്ടോ എന്ന ഗോളിയോട് ബ്രസീല്‍ തോറ്റു. ബ്രസീലിന്റെ ഗോള്‍ശ്രമങ്ങള്‍ക്ക് മുന്നില്‍ ചിറകുവിരിച്ചു നിന്നു കോര്‍ട്ടോ. ഒരു കാര്യത്തില്‍ ബ്രസീലിന് അഭിമാനിക്കാം. മനോഹര ഫുട്ബോളുമായി റഷ്യയുടെ മനംകവര്‍ന്നാണ് മടക്കം. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.