ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ളണ്ട് ക്വാർട്ടറിൽ

england-won
SHARE

ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ അവസാനം വരെ പൊരുതിയ കൊളംബിയയെ ഷൂട്ടൗട്ടിൽ പിന്തള്ളി ഇംഗ്ളണ്ട് ക്വാർട്ടറിൽ(4-3). കൊളംബിയയുടെ ഉറിബേയും ബെക്കയും കിക്കുകൾ പാഴാക്കി. ഇംഗ്ളണ്ടിന്റെ ഹെൻഡേഴ്സനും കിക്ക് പാഴാക്കി. ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ളണ്ട് ആദ്യമായിട്ടാണ് ഷൂട്ടൗട്ടിൽ ജയിക്കുന്നത്. 

ഒരു മുഴുനീള ആക്ഷൻ സിനിമയ്ക്കു തുല്യമായിരുന്നു ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ളണ്ട് - കൊളംബിയ മത്സരം. ഫൗളുകൾ കളം വാണ മത്സരം. എന്നിട്ടും ഒരാൾക്കു പോലും ചുവപ്പ് കിട്ടിയില്ലല്ലോ എന്ന് തോന്നിയാൽ അതിൽ അത്ഭുതമില്ല. ലോകകപ്പ് കിരീടം ചുംബിക്കാൻ ലക്ഷ്യമിട്ടെത്തിയ ഇംഗ്ളണ്ടിനെ അങ്ങനങ്ങു വിടേണ്ടതില്ലെന്നു കൊളംബിയൻ താരങ്ങൾ തീരുമാനിച്ചപ്പോൾ കളി പലപ്പോഴും കയ്യാങ്കളിയിലെത്തി. ഇംഗ്ളണ്ട് താരങ്ങളെ  മെരുക്കാൻ കൊളംബിയൻ താരങ്ങൾ പലപ്പോഴും സ്വീകരിച്ചത് തടിമിടുക്കായിരുന്നു. നിർദാക്ഷിണ്യം ചവിട്ടിയും കുത്തിയും അവർ ഇംഗ്ളീഷ് താരങ്ങളെ മെരുക്കി. ഇതിനുള്ള ശിക്ഷ കിട്ടിയത് 57ാം മിനിറ്റിൽ. 

Russia Soccer WCup Colombia England

പെനാൽറ്റിയിലൂടെ ഗോൾ വേട്ടക്കാരൻ ഹാരി കെയ്നാണ് ഇംഗ്ളണ്ടിനെ മുന്നിലെത്തിച്ചത്. കോർണർ കിക്കെടുക്കുന്നതിനിടെ കെയ്നിനെ കൊളംബിയൻ താരം സാഞ്ചസ് ബോക്സിൽ വലിച്ചിട്ടതിനാണ് പെനാൽറ്റി ലഭിച്ചത്. സാഞ്ചസിനു മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. റഫറിയുമായി തർക്കിച്ചതിനു ഇംഗ്ളണ്ട് താരം ഹെൻഡേഴ്സിനു മഞ്ഞ കാണേണ്ടി വന്നു. തുടർന്ന് ഏറെനേരം ഇരുടീമംഗങ്ങളും വാഗ്വാദത്തിലേർപ്പെട്ടു. കിക്കെടുത്ത കെയ്ൻ പന്ത് കൃത്യമായി വലയിലെത്തിച്ച് ടൂർണമെന്റിലെ തന്റെ ആറാം ഗോൾ നേടി. ഇംഗ്ളണ്ട് ലീഡ് നേടിയ ശേഷവും കൊളംബിയൻ താരങ്ങളുെട കലിപ്പ് തുടർന്നു. കൈവിട്ട കളിയിൽ പലരും മഞ്ഞ ഇരന്നു വാങ്ങി. കയ്യാങ്കളിയിൽ ശ്രദ്ധയൂന്നിയ കൊളംബിയൻ താരങ്ങൾ പക്ഷെ ഗോളടിക്കാൻ മറന്നു. 

81ാം മിനിറ്റിൽ ഗോൾ നേടാൻ കൊളംബിയക്കു സുവർണാവസരം ലഭിച്ചു. ഇംഗ്ളണ്ടിന്റെ മിസ് പാസിൽ നിന്നും കൊളംബിയയുടെ മുന്നേറ്റം. പ്രതിരോധ നിരയിൽ ആരുമില്ല. പക്ഷെ ജുവാൻ കുവാഡ്രാഡോ പന്ത് പുറത്തേക്കടിച്ചു. കളിയുടെ എഴുപതു മിനിറ്റ് പിന്നിട്ടതോടെ കൊളംബിയ അതീവ അപകടകാരികളായി. ഇംഗ്ളണ്ടിന്റെ നെഞ്ചിടിപ്പ് കൂട്ടി തുടർച്ചയായി അവർ കുതിച്ചു. എപ്പോൾ വേണമെങ്കിലും ഗോൾ വീഴുമെന്നു തോന്നിച്ചു. എന്നാൽ ഇംഗ്ളണ്ടിന്റെ ഉറച്ച പ്രതിരോധ നിരയും ഗോളിയും തുണയായി. 

england-lead

കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കൊളംബിയ സമനില ഗോൾ നേടി. കോർണർ കിക്കിൽ നിന്നും മിനയാണ് സമനില ഗോൾ നേടിയത്. ഉയർന്നു ചാടിയ മിന പന്ത് ഹെഡ് ചെയ്ത് വലയിലേക്കിട്ടു. ഇംഗ്ളീഷ് ഗോളിയ്ക്കു ഒന്നു പാളിയ നിമിഷം. ഇതോടെ കളി അധിക സമയത്തേക്കു നീണ്ടു.

എക്സ്ട്രാ ടൈമിൽ കൊളംബിയ പക്ഷെ മികച്ച രീതിയിൽ തന്നെ കളിച്ചു. ആഞ്ഞു പിടിച്ചാൽ കളി സ്വന്തമാക്കാമെന്ന പ്രതീക്ഷ അവർക്കു ലഭിച്ചു. ആ തോന്നൽ മുന്നേറ്റങ്ങളിൽ പ്രതിഫലിച്ചു. മികച്ച നീക്കങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. ഇംഗ്ളണ്ട് അൽപം ക്ഷീണിതരായി തോന്നി. കാര്യമായ നീക്കങ്ങൾക്ക് അവർ മുതിർന്നില്ല. അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ളണ്ട് വീണ്ടും ഉണർന്നു കളിച്ചു. എന്നാൽ വല കുലുക്കാൻ സാധിച്ചില്ല. കളിയുടെ തുടക്കത്തിൽ കൊളംബിയയുടെ പരുക്കൻ അടവുകളാണ് ഇംഗ്ളണ്ടിനു തടസമായതെങ്കിൽ അധികസമയത്തു നിർഭാഗ്യമായിരുന്നു വില്ലനായത്. 

ഗോൾ പിറക്കാതെ ആദ്യ പകുതി

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഗോളിനായി ഇംഗ്ളണ്ട് താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും അനുവദിക്കില്ലെന്ന വാശിയിൽ കൊളംബിയയും കളിച്ചപ്പോൾ മത്സരം ആവേശക്കൊടുമുടിയിൽ. ആവേശം പലപ്പോഴും പരുക്കനായി മാറുന്നതും കണ്ടു. ഇംഗ്ളണ്ടിന്റെ കുതിപ്പിനു തടയിടാൻ കൊളംബിയൻ പ്രതിരോധ നിര പലപ്പോഴും കാടൻ അടവുകൾ പുറത്തെടുത്തു. ഇതോടെ കളിക്കാർ തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. 

പതിഞ്ഞ തുടക്കമായിരുന്നു ഇംഗ്ളണ്ടിന്റേത്. അഞ്ചാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റമുണ്ടായി. എന്നാൽ ബോക്സിനു പുറത്ത് കൊളംബിയയുടെ ഫൗൾ. റഫറി ഫ്രീ കിക്ക് വിളിച്ചു. എന്നാൽ കിക്ക് ഗോളി തടുത്തിട്ടു. വീണ്ടും തുടർ നീക്കങ്ങളുമായി ഇംഗ്ളീഷ് പട. എന്നാൽ ലക്ഷ്യം കാണാനായില്ല. കൊളംബിയക്കു തുടരെ കോർണറുകൾ വഴങ്ങേണ്ടി വന്നു. എന്നാൽ ഒന്നും മുതലാക്കാൻ ഇംഗ്ളണ്ടിനായില്ല. പതുക്കെ കൊളംബിയ താളം വീണ്ടെടുത്തു. പ്രത്യാക്രമണങ്ങൾ മെനഞ്ഞു. കളിയുടെ ആദ്യ പത്തു മിനിറ്റുകളിൽ ഇംഗ്ളണ്ട് ഗോളിയെ പരീക്ഷിക്കാൻ കഴിഞ്ഞില്ല. 

പതിനഞ്ചാം മിനിറ്റിൽ ഇംഗ്ളണ്ടിന്റെ ഗോൾവേട്ടക്കാരൻ ഹരി കെയ്നിന്റെ ഒരു ഹെഡർ നിർഭാഗ്യം കൊണ്ടു മാത്രം വലയിലെത്തിയില്ല. കെയ്നിനെ സ്വതസിദ്ധമായി കളിക്കാൻ കൊളംബിയ അനുവദിച്ചില്ല. പലപ്പോ ഴും മനോഹര നീക്കങ്ങൾ കൊളംബയ നടത്തിയെങ്കിലും ഇംഗ്ളണ്ടിന്റെ കാവൽ ഭടൻമാരെ മറികടക്കാൻ സാധിക്കാതെ വന്നു. 39ാം മിനിറ്റ് അൽപം സംഭവബഹുലമായിരുന്നു. ഇംഗ്ളണ്ട് താരത്തെ പെനാൽറ്റി ബോക്സിനു പുറത്ത് വീഴ്ത്തിയതിനു ഇംഗ്ളണ്ടിനു അനുകൂലമായി അപകടകമായ പൊസിഷനിൽ ഒരു ഫ്രീകിക്ക്. കിക്കെടുക്കുന്നതിനിടെ ഇരുടീമിന്റേയും താരങ്ങൾ ബോക്സിനകത്ത് ഉരസി. എതിർ താരത്തെ നെഞ്ചിൽ തല കൊണ്ടിടിച്ച ബാറിയോസിനു മഞ്ഞകാർഡ് കാണേണ്ടി വന്നു. കൊളംബിയ ക്വാർട്ടറിലെത്തിയാൽ ബാറിയോസിനു കളിക്കാനാകില്ല. കിക്കെടുത്ത ട്രിപ്പിയറുടെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. 

MORE IN World Cup 2018
SHOW MORE