എംബാപ്പയുടെ ഗോൾ വേട്ട, ഫ്രാൻസിനു ജയം, മെസിപ്പടയ്ക്കു കണ്ണീരോടെ മടക്കം(4-3)

FBL-WC-2018-MATCH50-FRA-ARG
SHARE

ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ അർജന്റീനയ്ക്കു തോൽവി. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പേരു കേട്ട മെസിപ്പടയ്ക്കു കളി അടിയറവ് പറയേണ്ടി വന്നത്. എംബാപ്പയുടെ ഇരട്ട ഗോളാണ് ഫ്രാൻസിന്റെ കുതിപ്പിനു സഹായിച്ചത്. ആദ്യ പകുതി വരെ കളിയിൽ അർജന്റീനയ്ക്കു അൽപം മേധാവിത്വം ഉണ്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ല. പ്രതിരോധവും ഗോളിയും നിരാശപ്പെടുത്തി. തോൽവിയോടെ അർജന്റീനയ്ക്കു ലോകകപ്പിൽ കണ്ണീരോടെ മടക്കം. 

തുടക്കത്തിൽ കരുതലോടെയായിരുന്നു ഇരുടീമുകളുടേയും നീക്കങ്ങൾ. ആദ്യ മിനിറ്റുകളിൽ കാര്യമായ ആക്രമണങ്ങൾക്കു രണ്ടു കൂട്ടരും മുതിർന്നില്ല. പതിയെ കളി ചൂടു പിടിച്ചു. അർജന്റീന പതുക്കെ ഗോൾമുഖം ലക്ഷ്യം വച്ചു തുടങ്ങി. എന്നാൽ നീക്കങ്ങൾ അപകടകരമാകും മുൻപ് ഫ്രാൻസ് നിര മുനയൊടിച്ചു കൊണ്ടിരുന്നു. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ പലതവണ അർജന്റീനൻ താരങ്ങൾ പല വട്ടം ഫൗൾ നേരിട്ടു വീണു. ഫ്രാൻസിന്റെ പെനാൽറ്റി ബോക്സിലേക്ക് അർജന്റീനൻ താരങ്ങൾ ഇടവിട്ട് പന്തുമായി എത്തിക്കൊണ്ടിരുന്നു. പതുക്കെ ഫ്രാൻസ് ഉണർന്നു. എട്ടാം മിനിറ്റിൽ മുന്നേറ്റ നിരയുടെ ഒരു അപകടകരമായ നീക്കം അർജന്റീന പണിപെട്ട് ഒഴിവാക്കി. എന്നാൽ ഫ്രീകിക്ക് വഴങ്ങേണ്ടി വന്നു. എന്നാൽ കിക്ക് പുറത്തേക്കു പോയി

പതിമൂന്നാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഫ്രാൻസിന്റെ ഗോൾ.എംബാപ്പയുടെ മിന്നൽ നീക്കത്തിനൊടുവിൽ പെനാൽറ്റി ബോക്സിൽ താരത്തെ വീഴ്ത്തുകയല്ലാതെ മാർക്കോസ് റോഹോയ്ക്കു മറ്റു മാർഗമില്ലായിരുന്നു. ഒട്ടും വൈകിയില്ല. റഫറിയുടെ വിരൽ പെനാൽറ്റി സ്പോട്ടിലേക്കു നീണ്ടു. റോഹോയ്ക്കു മഞ്ഞക്കാർഡും കാണേണ്ടി വന്നു. കിക്കെടുത്ത അന്റോയ്ൻ ഗ്രിസ്മനു പിഴച്ചില്ല. ഫ്രാൻസിനു ഒരു ഗോളിന്റെ ലീഡ്. (1-0)

42ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയുടെ ഒരു ലോങ് ഷോട്ടിലൂടെ സമനില ഗോൾ നേടി. ബോക്സിനു പുറത്ത് എവർ ബനേഗയുടെ പാസ് സ്വീകരിച്ച ഡി മരിയ പോസ്റ്റിലേക്ക് ഒന്നു ഉന്നം പിടിച്ചു. പിന്നെ താമസിച്ചില്ല, വെടിയുണ്ട കണക്കെ ഒരു ഷോട്ട് പായിച്ചു. ഗോളിയുടെ ശ്രമം വിഫലമാക്കി പന്ത് നെറ്റിലേക്ക് തുളഞ്ഞിറങ്ങി.(1-1)

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു അർജന്റീനയുടെ ഗോൾ വീണത്. ഗോളിലേക്ക് ലക്ഷ്യം വച്ച് മെസി തൊടുത്ത പന്ത് മെർക്കാഡോയുടെ കാലിൽ തന്നെ വലയിലേക്ക് കുതിക്കുകയായിരുന്നു. (2-1). എന്നാൽ ആഹ്ളാദത്തിനു ആയുണ്ടായില്ല. അധികം വൈകാതെ ഫ്രാൻസിന്റെ സമനില ഗോൾ പിറന്നു. ബെഞ്ചമിൻ പവാർഡിലൂടെയായിരുന്നു സമനില നേടിയത്. (2-2)

തുടർന്നായിരുന്നു ഫ്രാൻസിന്റെ എംബാപ്പയുടെ വിശ്വരൂപം പുറത്തു വന്നത്. 64, 68 മിനിറ്റുകളിൽ എംബാപ്പയുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ അർജന്റീനയുടെ നട്ടെല്ലൊടിച്ചു. (4-2). തുടർന്നും അർജന്റീന ഗോളിനായി പൊരുതി. ഇൻജുറി ടൈമിൽ അഗ്യൂറോ അർജന്റീനയുടെ മൂന്നാം ഗോൾ നേടി തോൽവിയുടെ കനം കുറച്ചു. (4-3)

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.