കൊളംബിയ ഗോളടിക്കുമ്പോൾ ക്രോസ്ബാറിൽ ചാരി നിന്ന് കളി കണ്ട് സെനഗലിന്റെ ഡിഫന്റർ; വിഡിയോ

senegal
SHARE

ആഫ്രിക്കൻ രാജ്യങ്ങളില്ലാതെ ഒരു ലോകകപ്പ്. പ്രീക്വാർട്ടറിൽ ഒരു സമനിലയുടെ മാത്രം അകമ്പടി വേണ്ടിയിരുന്ന സെനഗൽ അപ്രതീക്ഷിതമായി കൊളംബിയയോട് തോറ്റ് പുറത്തായതിന്റെ ആഘാതത്തിലാണ് കളി പ്രേമികൾ. കൊളംബിയക്കെതിരെ 1-0 ന്റെ തോൽവി വഴങ്ങിയതോടെ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ നിന്ന് പുറത്തായിരിക്കുകയാണ് ആഫ്രിക്കൻ ഫുട്ബോളിന്റെ കരുത്തുറ്റ മുഖമായ സെനഗൽ. അനുകൂലമായി ലഭിച്ച കോർണർ കിക്കിനെ ഹെഡ് ചെയ്ത് വലയ്ക്കകത്താക്കി കൊളംബിയ താരം യെരി മിനയാണ് ടീമിന്റെ വിജയഗോൾ നേടിയത്.

എന്നാൽ കൊളംബിയയുടെ ഗോൾനേട്ടത്തിനിടയിലും എല്ലാ കണ്ണുകളും എത്തിച്ചേർന്നത് ഒരേയൊരു ആളിലാണ്. മൂക്കത്തു വിരൽ വയ്ക്കാതെ ആ ദൃശ്യങ്ങൾ ആർക്കും കാണാനാകില്ല. ഏത് നിമിഷവും കൊളംബിയ ഗോളടിക്കുമെന്ന സ്ഥിതിയിൽ ജാഗ്രതയോടെ പ്രതിരോധക്കോട്ട കെട്ടണ്ട സെനഗലിന്റെ ഡിഫൻസീവ് മിഡ്ഫിൽഡർ ഇന്ദ്രിസ ഗാന ഗുയെ ക്രോസ്ബാറിൽ ചാരി നിന്ന് അരയ്ക്ക് കയ്യും കൊടുത്തും കളി കാണുന്നു. ഗോൾ വലയിൽ വീഴുമ്പോഴും ഇന്ദ്രിസയ്ക്ക് ഭാവം മാറ്റം ഇല്ലതാനും.  സമൂഹമാധ്യമങ്ങളിൽ രോഷം പുകയുകയാണ് താരത്തിനെതിരെ. 

യെരി മിന തൊടുത്ത ഹെഡ്ഡർ ഗോൾ ബോക്സിന് മുന്നിൽ കുത്തിപൊങ്ങി വലയിലേക്ക് പോയത് ഇന്ദ്രിസ ഗാനയ്ക്കും സെനഗലിന്റെ ഗോളിക്കും ഇടയിലായിരുന്നു. ഗോളി പന്ത് തടുക്കാൻ ചാടുമ്പോൾ കളി നോക്കി നിൽക്കുകയായിരുന്നു ഇന്ദ്രിസ. സെനഗലിന് വേണ്ടി ഗ്രൂപ്പിലെ മൂന്ന് കളിയും കളിച്ച താരത്തിന്റെ അശ്രദ്ധ സെനഗലിന്റെ മോഹങ്ങളാണ് തച്ചുടച്ചത്. ആ ഗോൾ പിറന്നില്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇത്തരമൊരു അവസരത്തിൽ നിങ്ങൾക്ക് എങ്ങനെയാണ് ഭായി ഇങ്ങന പെരുമാറാൻ കഴിയുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ പരിഹാസം ഉയരുന്നുണ്ട്. 

മഞ്ഞക്കാർഡുകളാണ് ആഫ്രിക്കൻ കരുത്തരായ സെനഗലിന്‍റെ ലോകകപ്പ് പ്രതീക്ഷകളിൽ വിള്ളൽ വീഴ്ത്തിയത്. ഗ്രൂപ്പ് എച്ചിലെ അവസാനപോരാട്ടത്തിനൊടുവിൽ ജപ്പാനും സെനഗലിനും ആറ് പോയിന്‍റ് വീതം, ഗോളുകളും തുല്യം.  പോളണ്ടിനോട് തോറ്റിട്ടും ജപ്പാൻ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഫെയർപ്ലേ ആണ് സെനഗലിന്‍റെ വില്ലനായത്. 

തുല്യപോയിന്‍റുകൾ വന്നാൽ ഫെയർപ്ലേ നിയമമാണ് ഫിഫ അവലംബിക്കുക. ടീമുകൾക്ക് ലഭിച്ച മഞ്ഞ, ചുവപ്പ് കാർഡുകളുടെ എണ്ണമാണ് പ്രധാനമായും പരിശോധിക്കുക. സെനഗലിന് ആറ് മഞ്ഞക്കാർഡ് ലഭിച്ചപ്പോൾ ജപ്പാന് ലഭിച്ചത് വെറും നാല്. ഇതോടെ സെനഗൽ പുറത്തേക്ക്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടഫലം ഫെയർപ്ലേ നിർണയിക്കുന്നത്. സെനഗൽ പുറത്തായതോടെ ലോകകപ്പിലെ ആഫ്രിക്കൻ പ്രതീക്ഷകൾ അസ്തമിച്ചു. നേരത്തെ അർജന്‍റീനയോട് തോറ്റ് നൈജീരിയയും മടങ്ങിയിരുന്നു. 1982ന് ശേഷം ആഫ്രിക്കൻ സാന്നിധ്യമില്ലാത്ത ലോകകപ്പ് നോക്കൗട്ട് റൗണ്ടാകും റഷ്യയിലേത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.