'നിങ്ങളുടെ പരിഹാസം എന്റെ അമ്മയെ രോഗിയാക്കി'; 23–ാം വയസിൽ ' ഇറാനിയൻ മെസി' ബൂട്ടഴിച്ചു

sardar-azmoun-iran
SHARE

എഴുതി തളളാവുന്ന ഒരു ടീമല്ല ഇറാൻ. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശേഷിയുളള ഒരു യുവനിര ഇറാനുണ്ട്. മൊറൊക്കോയെ തകർക്കുകയും അതികരുത്തരായ പോർച്ചുഗലിനോട് സമനില പിടിക്കുകയും ചെയ്ത ഇറാൻ സ്പെയിനോട് തോറ്റു. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഇറാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരിയ വ്യത്യാസത്തിലാണ്  പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ സാധിക്കാതെ പോയതും.

ലോകകപ്പിൽ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെ ഇറാനിയൻ മെസി എന്ന പേരിൽ പ്രശസ്തനായ ഇറാൻ ദേശീയ താരം സർദാൻ അസ്മൗൻ രാജി പ്രഖ്യാപിച്ചതാണ് അക്ഷരാർത്ഥത്തിൽ ഇറാനെ നടുക്കിയത്. സമൂഹമാധ്യമങ്ങളിലെ കണ്ണീർ കുറിപ്പിലൂടെയാണ് അസ്മൗൻ കളി നിർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ ആക്ഷേപങ്ങളും പരിഹാസങ്ങളും തന്റെ അമ്മയെ രോഗിയാക്കിയെന്നും ഇത് കൊണ്ടാണ് താൻ രാജി വയ്ക്കുന്നതെന്നും സർദാർ അസ്മൗൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

sardar-azmoun

19ാം വയസില്‍ ഇറാന്‍ ടീമിലെത്തിയ അസ്മൗനാണ് യോഗ്യതാ മത്സരങ്ങളില്‍ ഇറാന്റെ ടോപ്‌സ്‌കോറര്‍. ഇറാന്റെ ഇതിഹാസ താരമായ അലി ദയിയുടെ പിന്‍മുറക്കാരനായി അറിയപ്പെടുന്ന അസ്മൗന്റെ പ്രഖ്യാപനം കാൽപന്ത് പ്രേമികൾക്ക് തീരാവേദനയായി. ഗുരുതര രോഗമുണ്ടായിരുന്ന എന്റെ അമ്മ രോഗത്തെ മറികടന്നതിൽ ഞാൻ അതിയായി സന്തോഷിച്ചിരുന്നു. പക്ഷേ കരുണയില്ലാതെ ചില ആളുകളുടെ പെരുമാറ്റവും ടീമിനുമേറ്റ അപമാനവും സഹിക്കാൻ വയ്യാതെ അവരുടെ രോഗം മൂർച്ഛിച്ചുവെന്നും അസ്മൗൻ കുറിച്ചു. ഇറാന്‍ ഗ്രൂപ്പ് ഘട്ടം കടക്കാത്തതും അതിന്റെ വിമര്‍ശനങ്ങളും തന്റെ മാതാവിനെ തളര്‍ത്തിയെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ അസ്മൗന്‍ പറയുന്നുണ്ട്. 

കഴിഞ്ഞ ദിവസം മറ്റൊരു സ്‌ട്രൈക്കറായ റേസ ഗൂചെന്ന്ഹാദും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.  നാല് മാസങ്ങള്‍ക്ക് ശേഷം ഏഷ്യാ കപ്പ് വരാനിരിക്കെ അസ്മൗന്റെ വിരമിക്കല്‍ ഇറാന്‍ ഫുട്‌ബോളിന് കനത്ത തിരിച്ചടിയാണ്. കുറഞ്ഞ കാലം കൊണ്ട് ഇറാന്‍ ഫുട്‌ബോളിന്റെ മുഖമായി അസ്മൗന്‍ മാറിയിരുന്നു. 36 മത്സരങ്ങളില്‍ നിന്ന് ഇറാന് വേണ്ടി 23 ഗോളുകള്‍ നേടാന്‍ യുവ താരത്തിന് സാധിച്ചിട്ടുണ്ട്. 

MORE IN SPORTS
SHOW MORE