മെസിയോട് അനുവാദം തേടുന്ന സാംപോളി; മെസി സൂപ്പർകോച്ചോ? വിഡിയോ വൈറൽ

messi-sampaoli
SHARE

നൈജീരിയയ്ക്കെതിരെ ത്രസിപ്പിക്കുന്ന വിജയം ഇല്ലായിരുന്നെങ്കിൽ അർജന്റീനയുടെയോ പരിശീലകൻ സാംപോളിയുടെയോ അവസ്ഥ പരിതാപകരമാകുമായിരുന്നു. വിമർശനശരങ്ങളുടെ നടുവിൽ ടീമിനു കിട്ടിയ ജീവശ്വാസമായിരുന്നു ആ വിജയം. മെസിയെ പോലും ഫലപ്രദമായി ഉപയോഗിക്കാൻ അറിയാത്ത കോച്ച് തുടങ്ങിയ രൂക്ഷവിമർശനങ്ങളാണ് ആരാധകർ സാംപോളിക്കെതിരെ ഉന്നയിച്ചത്. 

ക്രോയേഷ്യയ്ക്കെതിരെയുളള ഗെയിം പ്ലാൻ മെസിയെ സഹായിക്കും വിധമായിരുന്നില്ലെന്നും പിഴവ് പറ്റിയെന്നും വിമർശനങ്ങൾ ഉയർന്നു. എഡ്ഗോർജോ ബോസയെ പുറത്താക്കി ആ കസേരയിലാണ് അർജന്റീന സാം പോളിയെ ഇരുത്തിയത്. ബോസയെക്കാൾ എന്ത് മേൻമയാണ് സാം പോളിക്ക് ഉളളതെന്ന് മറഡോണ  അടക്കമുളള താരങ്ങൾ ചോദിച്ചതും പ്രതിസന്ധിയുണ്ടാക്കി.  ബോസയാണ് കേമൻ എന്ന്  മറഡോണ തുറന്നു അടിക്കുകയും ചെയ്തു. 4–2–3–1 എന്ന തന്റെ പതിവ് ശൈലി വിട്ട്, 3–4–3 എന്ന അറ്റാക്കിങ് ഫോര്‍മേഷന്‍ സ്വീകരിച്ച കോച്ച് ഹോര്‍ഗെ സാംപൊളിക്ക് അതിനൊത്ത് കളി മെനയാന്‍ കഴിഞ്ഞില്ല.  മുന്നേറുമ്പോള്‍ 3–4–3 എന്നത് പ്രതിരോധിക്കുമ്പോള്‍ 4–4–2 എന്ന് മാറാന്‍ കഴിയാത്തത്  രണ്ടു വിങ്ങുകളെ തീര്‍ത്തും ദുര്‍ബലമാക്കി.  

എന്നാൽ നൈജീരിയ്ക്കെതിരെയുളള വിജയത്തോടെ വിമർശനങ്ങൾ ഏറെക്കുറെ സാംപോളി കഴുകി കളഞ്ഞു. നൈജീരിയ്ക്കെതിരെ അർജന്റീന ഹൃദയം കൊണ്ടാണ് കളിക്കുകയെന്നും വിജയിക്കുമെന്നും ഗെയിം പ്ലാനിൽ മാറ്റമുണ്ടെന്നും മത്സരത്തിനു മുൻപേ സാംപോളി പറഞ്ഞു. ജയിച്ചു കയറി. പക്ഷേ സാംപോളി പോരെന്ന് സ്ഥാപിക്കുവാൻ വീണ്ടും ശ്രമമുണ്ടായി. ഇത്തവണ മത്സരത്തിനു ഇടയിലുളള വിഡിയോ ആണ് സാംപോളിക്കെതിരെ തിരിയാൻ ആരാധകരെ പ്രേരിപ്പിിച്ചത്. 

മത്സരം തീരാന്‍ 10 മിനിറ്റ് അവശേഷിക്കെ അഗ്യൂറോയെ കളത്തിലിറക്കാന്‍ പരിശീലകന്‍ സാംപോളി മെസിയുടെ അനുവാദം തേടുന്ന വീഡിയോ ആണ്  സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സാംപോളിയ്ക്ക് മുകളിലുളള സൂപ്പര്‍ കോച്ചാണോ മെസിയെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വിമർശനം. 

അഗ്യുറോയെ പകരക്കാരനായി ഇറക്കട്ടേയെന്ന് സാംപോളി മെസിയോട് ആരാഞ്ഞു. അഗ്യൂറോയെ അയക്കാന്‍ അനുകൂലമായി മെസി ആംഗ്യം കാണിക്കുകയും ചെയ്തു. പ്രതിരോധ നിരക്കാരന്‍ നിക്കോളാസ് തഗ്ലിയാഫികോയെ പിന്‍വലിച്ച് മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോള്‍ അഗ്യുറോ കളത്തിലിറങ്ങുകയും ചെയ്തു. മെസിയും മഷെറാനോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് സാംപോളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന പുതിയ വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് മെസിയാണോ സാംപോളിയാണോ യഥാർത്ഥത്തിൽ കോച്ച് എന്ന ചോദ്യം സമൂഹമാധ്യമങ്ങൾ ഉയർത്തുന്നത്.  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.