തളർന്നുവീഴുംവരെ കളിക്കും; അന്ന് അവരെന്നെ കച്ചവടച്ചരക്കാക്കി: എയ്ഞ്ചൽ ഡി മരിയയുടെ കണ്ണീരോർമ്മ

angel-di-maria
SHARE

മെസി മിശിഹാ ആണെങ്കില്‍ എയ്ഞ്ചൽ ഡി മരിയ ദൈവദൂതനാണ്. കാൽപന്ത് കളിയുടെ മാലാഖ. കളിക്കളത്തിൽ അയാളുണ്ടെങ്കിൽ അർജന്റീന കൂടതൽ ശക്തമാകും. എയ്ഞ്ചൽ ഡി മരിയയെ കളത്തിലിറക്കാത്ത പരിശീലകൻ സാംപോളി കേൾക്കാത്തതായി ഒന്നുമുണ്ടാകില്ല. എയ്ഞ്ചൽ ഡി മരിയ എന്ന മികച്ച കളിക്കാരനെ പുറത്തിരുത്തി സാംപോളി പരാജയം ഇരന്നു വാങ്ങുകയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങൾ വിലപിച്ചു.  ടീമിലെ പടലപ്പിണക്കങ്ങളാണ് എയ്ഞ്ചൽ ഡി മരിയയെ കളത്തിലിറിക്കാത്തതിനു പിന്നിൽ എന്ന് കഥകൾ പരന്നു.  നൈജീരിയയ്ക്കെതിരെയുളള കളിയിൽ മരിയയും ഉണ്ടായിരുന്നു. വിജയത്തിളക്കത്തിൽ പങ്കുകാരനായി. 

ഈ സന്ദർഭത്തിൽ ബ്രസീൽ ലോകകപ്പിലെ ഓർമ്മകൾ ഓർത്തെടുക്കുകയാണ് എയ്ഞ്ചൽ ഡി മരിയ. ജർമ്മനിക്കെതിരായ ഫൈനലിൽ അർജന്റീനയുടെ വരയൻ കുപ്പായത്തിൽ നിന്ന് അയാൾ ബോധപൂർവ്വം മാറ്റി നിർത്തപ്പെട്ടു. പരിക്കേറ്റ ഡി മരിയയെ ഫൈനലിൽ ഇറക്കാതിരിക്കാൻ അറിഞ്ഞു കളിച്ചത് റയൽ മാഡ്രിഡ് ആണെന്ന് അന്നേ വാർത്തകൾ പുറത്തു വന്നിരുന്നു. നാലുവർഷത്തിനു ശേഷം മരിയ ജീവിതം പറയുകയാണ്. പ്ലേയേഴ്സ് ട്രൈബണിലെ തന്റെ കോളത്തിലാണ് ഡി മരിയ അന്നത്തെ നാടകീയ നിമിഷങ്ങൾ തുന്നെഴുതിയിരിക്കുന്നത്. ഇൻ ദി റെയിൻ, ഇിൻ ദി കോൾഡ്, ഇൻ ദി ഡാർക്ക് എന്ന തലക്കെട്ടിലാണ് ലേഖനം. 

ക്വാർട്ടർ ഫൈനലിൽ പരിക്കേറ്റുവെങ്കിലും ഫൈനൽ കളിക്കാൻ റയൽ മാഡ്രിഡ് സമ്മതിച്ചില്ല. മരിയ പറയുന്നു. നടക്കാൻ പോകുന്നത് എന്താണ് വ്യക്തമായി എനിക്കറിയാമായിരുന്നു. ലോകകപ്പിനു ശേഷം ഹാമിസ് റോഡ്രിഗസുമായി കരാർ ഉണ്ടാക്കാൻ ഒരുങ്ങുകയായിരുന്നു അവർ. അയാൾക്ക് ടീമിൽ ഇടം നൽകണമെങ്കിൽ എന്നെ വിൽക്കണമായിരുന്നു. വിൽപ്പനചരക്കിന് കേട് പറ്റിയാൽ വിൽപ്പന നടക്കില്ലല്ലോ–  അതാണ് ഫുട്ബോളിലെ കച്ചവടം. എനിക്ക് എന്റെ സ്വപ്നം നഷ്ടപ്പെട്ടു. 

ലോകകപ്പ് ഫൈനലിന്റെ അന്നു കാലത്ത് പതിനൊന്നിനാണ് എന്റെ ഹൃദയം തകർത്ത സംഭവം.  തുടയിൽ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ട്രെയിനറുടെ മേശയിൽ കാലിൽ ഇൻജക്ഷൻ എടുക്കാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. പരിക്കേറ്റെങ്കിലും വേദനസംഹാരികളുടെ ബലത്തിൽ നന്നായി ഓടാൻ കഴിയുന്നുണ്ടായിരുന്നു എനിക്ക്.  എന്തൊക്കെ സംഭവിച്ചാലും ആ വരയൻ കുപ്പായത്തിൽ ഫൈനൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ തീരുമാനം മറ്റൊന്നായിരുന്നു. ടീം ഡോക്ടർ ഡാനിയൽ മാർട്ടിനെസിന്റെ കയ്യിൽ ഒരു കവറുണ്ടായിരുന്നു. റയൽ മാഡ്രിഡിൽ നിന്നുളള കവർ. നിങ്ങൾ കളിക്കാവുന്ന ഒരു അവസ്ഥയിലല്ല എന്നാണ് അവർ പറയുന്നത്. നിങ്ങളെ കളിക്കാൻ അനവദിക്കരുത് എന്നാണ് അവർ ആവശ്യപ്പെടുന്നത്– ഡാനിയേൽ പറഞ്ഞു. ആ കത്ത് വാങ്ങി ഞാൻ കീറിയെറിഞ്ഞു.  എനിക്ക് കളിക്കണം. എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും. ടീമിനെ മറന്ന് ഒരു തീരുമാനം എനിക്ക് എടുക്കാൻ കഴിയുമായിരുന്നില്ല. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചുമില്ല. മാനേജർ സബെല്ലയെ പോയി കണ്ടു ടീമിൽ ഇറക്കാൻ ഞാൻ അഭ്യർത്ഥിച്ചു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.